2014-11-13 17:28:42

പൊലിമയോ പൊങ്ങച്ചമോ ഇല്ലാത്ത
ദൈവരാജ്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്


13 നവംബര്‍ 2014, വത്തിക്കാന്‍
പൊലിമയോ പൊങ്ങച്ചമോ ഇല്ലാതെയാണ് ദൈവരാജ്യം വരുന്നതെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

നവംബര്‍ 13-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ സുവിശേഷചിന്തകള്‍ പങ്കുവച്ചത്.

ദൈവരാജ്യം വളരുന്നത് തങ്ങളുടെ ജീവിതമേഖലകളില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുകയും, വിശ്വാസം ജീവിക്കുകയുംചെയ്യുന്ന വേദികളിലാണ്. കുടുംബങ്ങളിലും തൊഴില്‍ പരിസരങ്ങളിലും നിശ്ശബ്ദമായും നിസ്വാര്‍ത്ഥമായും ജീവന്‍ സമര്‍പ്പിക്കുന്നവരിലൂടെയാണ് അത് യാഥാര്‍ത്ഥ്യമാകുന്നതെന്നും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.

മാസാന്ത്യമാകുമ്പോള്‍ കൈയ്യില്‍ കാര്യമായിട്ടൊന്നുമില്ലെങ്കിലും
ഒരുമിച്ച് പ്രാര്‍ത്ഥിച്ചും പങ്കുവച്ചും പരസ്പരം സഹായിച്ചും ജീവിക്കുന്ന കുടുംബത്തിന്‍റെ ശാന്തവും പ്രശാന്തവുമായ അന്തരീക്ഷം ദൈവരാജ്യത്തിന്‍റെ പ്രതീകമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

അതായത്, അനുദിനജീവിതത്തിന്‍റെ ഇല്ലായ്മയും കുരിശുകളും ക്ലേശങ്ങളും,
അത് സമചിത്തതയോടും ശാന്തതയോടുംകൂടെ നേരിടുന്നത് ദൈവരാജ്യത്തിന്‍റെ അനുഭവമാണെന്നാണ് പാപ്പാ സമര്‍ത്ഥിച്ചു.
അങ്ങനെ നിശ്ശബ്ദതയിലും ലാളിത്യത്തിലും ജീവിച്ചുകൊണ്ടും,
പരസ്പരം സാഹായിച്ചും, തുണ്ച്ചും, ക്ലേശങ്ങള്‍ സഹിച്ചുമാണ് ദൈവരാജ്യത്തിന്‍റെ അനുഭവം ജീവിക്കുകയും, ഈ ഭൂമിയില്‍ അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യേണ്ടതെന്ന് പാപ്പാ വചനചിന്തയില്‍ വ്യാഖ്യാനിച്ചു.

ലൂക്കായുടെ സുവിശേഷത്തെ (ലൂക്കാ 17, 15-20) ആധാരമാക്കി, ദൈവരാജ്യം എപ്പോഴാണ് വരുന്നതെന്ന ഫരീസേയരുടെ ചോദ്യത്തിന് മറുപടി പറയുന്ന ക്രിസ്തുവിനെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.

നിശ്ശബ്ദതയില്‍ മുളയെടുക്കുന്ന വിത്തുപോലെയാണ് ദൈവരാജ്യമെന്നും അതില്‍ പ്രകടനമോ, പ്രകടനപരതയോ ഇല്ലെന്നും, പ്രകടനത്തിന്‍റെ കോലാഹലവുമായി വരുന്നത് ദൈവരാജ്യമായിരിക്കില്ല, മറിച്ച് അതിന്‍റെ ‘കോല’മായിരിക്കുമെന്നും (caricature) പാപ്പാ സമര്‍ത്ഥിച്ചു. വിത്ത് അതിന്‍റെ നിസ്സാരതയില്‍ മുളയെടുക്കുന്നത് ദൈവത്തിന്‍റെ ശക്തിയും ദൈവാരൂപിയുടെ പ്രവര്‍ത്തനവുമാണ്.
ദൈവിക സാമീപ്യവും ദൈവാരൂപിയുടെ പ്രവര്‍ത്തനവും നമ്മെ സമാധാനത്തിന്‍റെ നിശ്ശബ്ദതയില്‍ അനുദിനം വളര്‍ത്തുകയും നയിക്കുകയും ചെയ്യട്ടെ, എന്ന ആശംസയോടെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.