2014-11-12 19:30:07

മദ്ധ്യപൂര്‍വ്വദേശത്തെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം തേടണമെന്ന്
ജി20 രാഷ്ട്രങ്ങളോട് പാപ്പാ


12 നവംബര്‍ 2014, വത്തിക്കാന്‍
ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിന്
പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ തേടണമെന്നാണ് ജി20 രാഷ്ട്രങ്ങളുടെ സമ്മേളനത്തിന് ആതിഥ്യംനല്കുന്ന ഓസ്ട്രേലിയയുടെ പ്രസിഡന്‍റ്, ടോണി ആബട്ടിന് നവംബര്‍ 11-ന് അയച്ച കത്തിലൂടെ പാപ്പാ ആവശ്യപ്പെട്ടത്.

സൈനികനീക്കം മാത്രമല്ല പരിഹാരമാര്‍ഗ്ഗമെന്നും, തീവ്രവാദി സംഘടകള്‍ക്ക് രാഷ്ട്രങ്ങള്‍ നല്കുന്ന പിന്‍തുണ പിന്‍വലിച്ചും, അവരുമായുള്ള അനധികൃത എണ്ണക്കച്ചവടവും, വെടിക്കോപ്പുകളുടെയും ആധുനിക സാങ്കേതികതയുടെയും കൈമാറ്റങ്ങളും ഇല്ലായ്മചെയ്തുകൊണ്ടുംവേണം ലോകത്ത് വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനത്തിന്‍റെ പാത തെളിക്കേണ്ടതെന്ന് ടോണി ആബട്ടിനോട് പാപ്പാ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

മതം അധിക്രമത്തിനുള്ള മാര്‍ഗ്ഗമാക്കുന്ന രീതിയില്‍നിന്നും ഇന്നത്തെ ലോകത്തെ, വിശിഷ്യ യുവജനങ്ങളെ രക്ഷിക്കുന്നതിന് വിദ്യാഭ്യാസ സംവിധാനങ്ങളും, വിപുലമായ അവബോധം നല്കുന്ന പരിപാടികളും ഇന്നിന്‍റെ ആവശ്യമാണെന്നും കത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ടോണി ആബട്ടിനോട് അഭ്യര്‍ത്ഥിച്ചു.

20 സാമ്പത്തിക ശക്തികള്‍ രാഷ്ട്രീയ സാങ്കേതിക ചര്‍ച്ചകളില്‍ സംഗമിക്കുമ്പോള്‍ ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ മറക്കരുതെന്നും, ഇന്ന് ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ മേഖലകള്‍കൂടെ ചര്‍ച്ചകളില്‍ പരിഗണിക്കണമെന്നും ഓസ്ട്രേലിന്‍ പ്രസിഡന്‍റ് ടോണി ആബട്ടിനോട് കത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 15-16 തിയതികളില്‍ ഓസ്ട്രേലിയിലെ ബ്രിസ്ബണിലാണ് ജി20 നേതാക്കള്‍ സംഗമിക്കുന്നത്.








All the contents on this site are copyrighted ©.