2014-11-11 13:53:47

അനശ്വരതയുടെ പരിവേഷംപൂണ്ട
നല്ലിടയന്‍റെ സങ്കീര്‍ത്തനം (32)


RealAudioMP3
‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു’ - അനശ്വരതയുടെ പരിവേഷം പൂണ്ട
23-ാം സങ്കീര്‍ത്തനത്തിന്‍റെ ആനുകാലിക ആവിഷ്ക്കരണത്തെക്കുറിച്ചും വ്യാഖാനങ്ങളെക്കുറിച്ചും വീണ്ടും ഈ പ്രക്ഷേപണത്തില്‍ നമുക്ക് പഠിക്കാം. പുതിയ നിയമത്തില്‍ നാം കാണുന്ന ക്രിസ്തുവിന്‍റെ ഇടയരൂപവും, പഴയനിയമത്തില്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന ദൈവത്തിന്‍റെ രൂപവും തമ്മില്‍ പൊരുത്തപ്പെടുന്നത്, അല്ലെങ്കില്‍ സാരൂപ്യപ്പെടുന്നത് ഈ സങ്കീര്‍ത്തനത്തെ ഏറെ ജനകീയമാക്കുന്ന കാരണങ്ങളില്‍ ഒന്നാണെന്ന് മനസ്സിലാക്കാം.
ഇന്നത്തെ പ്രക്ഷേപണത്തില്‍ മാതൃകയായി നാം ഉപയോഗിക്കുന്നത്
ഫാദര്‍ റഫി പിരിയാട്ടുശ്ശേരി രചിച്ച്, ജര്‍സണ്‍ ആന്‍റെണി സംഗീതാവിഷ്ക്കാരം ചെയ്ത 23-ാം സങ്കീര്‍ത്തനത്തിന്‍റെ വളരെ പ്രായോഗികവും സ്വതന്ത്രവുമായൊരു പകര്‍പ്പാണ്.
ഇടയ സ്നേഹത്തോടൊപ്പം ആ സ്നേഹം രുചിക്കാനായി കൊതിക്കുകയും കാത്തിരിക്കുയും ചെയ്യുന്ന ആടിന്‍റെ വികാര തീവ്രമായ ആശങ്കയും പ്രത്യാശയും ശക്തമായി ഫാദര്‍ റഫി രചനയില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു. ഇടയസ്നേഹം തേടുന്ന ആടിന്‍റെ വ്യക്തിഭാവം ഈ ഗാനാവിഷ്ക്കാരത്തിന്‍റെ തനിമയാണെന്ന് നമുക്ക് നിരീക്ഷിക്കാം. സങ്കീര്‍ത്തിന ധ്യാനത്തിന്‍റെ മനോഹരവും പ്രായോഗികവുമായ ആത്മീയചൈതന്യം ഈ രചന വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ കെ. ജെ. യേശുദാസ് സങ്കീര്‍ത്തിനത്തിന്‍റെ ശരണഭാവം ഗന്ധര്‍വ്വനാദത്തില്‍ വളരെ ഭാവാത്മകമായി ആവിഷ്ക്കരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

Musical Version of Psalm 23 Rafi-Jerson Composition

ഇടയന്‍റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടന്‍റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായ് നീ മാറണം.

ഇടയന്‍ എന്ന സംജ്ഞ മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. എന്നാല്‍ സമൂഹത്തില്‍ എക്കാലത്തുമുള്ള തൊഴില്‍ എന്നതിനെക്കാള്‍ ഇടയവൃത്തി, സമൂഹിക പശ്ചാത്തലത്തില്‍ നേതൃസ്ഥാനം എടുക്കുന്നര്‍ക്കെല്ലാം ഇണങ്ങുന്ന ശീര്‍ഷകവും, നാമവുമാണ്. കുടുംബനാഥന്‍ കുടുംബത്തിന്‍റെ ഇടയനാണ്. സമുദായ നേതാവ് സമൂഹത്തിന്‍റെ ഇടയനാണ്.
ഇടയന്‍റെ ക്രിസ്തീയ ദര്‍ശനത്തിന് സൃഷ്ടിയോളം പഴക്കുമുണ്ടെന്ന് പറയാം.
ഉല്പത്തി പുസ്തകം വിവരിക്കുന്ന ആദി മനുഷ്യരായ ആദത്തിന്‍റെയും ഹവ്വായുടെയും പുത്രരില്‍ ആബേല്‍ ഇടയനായിരുന്നവെന്ന് നാം വായിക്കുന്നു.
വിശ്വാസത്തിന്‍റെ പിതാവായി വിശുദ്ധഗ്രന്ഥം ചിത്രീകരിക്കുന്ന അബ്രാഹത്തിന്‍റെ ഗോത്രത്തില്‍ ഇടയവൃത്തിയും, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ നല്ലിടയന്‍റെ നേതൃസ്ഥാനവും ശക്തമാണ്.
ദൈവം വിളിക്കുന്നിടത്തേയ്ക്ക് ജനത്തെ നയിച്ച വിശ്വാസത്തിന്‍റെ പിതാവും നല്ലിടയനുമാണ് രക്ഷാകര ചരിത്രത്തില്‍ അബ്രാഹം. അബ്രാഹത്തിന്‍റെ സന്തതിയായ യാക്കോബും സന്താനങ്ങളും ഇടയവംശജരായിരുന്നു, ഇടയന്മാരായിരുന്നു. ആദ്യം ഈജിപ്തിലെത്തിയ യാക്കോബിന്‍റെ ഇളയപുത്രന്‍ ജോസഫും, പിന്നീട് അവിടെ വന്നുചേര്‍ന്ന അയാളുടെ സഹോദരന്മാരും ഗോഷനിലെ സമൃദ്ധമായ പുല്‍മേടുകളില്‍ ആടുമാടുകളെ മേയിച്ചും കൃഷിചെയ്തുമാണ് ഉപജീവനം കഴിച്ചിരുന്നത്.

അതുപോലെ, ഈജിപ്തില്‍ അടിമകളായിരുന്ന ഇസ്രായേല്‍ വംശജരുടെ നായകനായെത്തുന്ന മോശ, മേദിയാനിലെ ജെത്രോയുടെ ആടുകളെ മേയിച്ച ഇടയനായിരുന്നു. പിന്നീടാണ് ഇസ്രായേലിന്‍റെ വിമോചകനാകുന്നത്!
കാനാന്‍ ദേശത്ത്, വാഗ്ദത്തനാട്ടില്‍ എത്തിയ ഇസ്രായേലിന്‍റെ ചരിത്രത്തിലേയ്ക്ക് കടക്കുമ്പോള്‍ ദൈവം അവരെ നയിക്കാന്‍ കാലാകാലങ്ങളില്‍ നല്കിയ രാജാക്കന്മാരും പ്രവാചകന്മാരുമെല്ലാം ഇടയരൂപമാണ് അണിയുന്നത്. അതില്‍ ശ്രദ്ധേയനാണ് ദാവീദ് രാജാവ്. ജെസ്സേയുടെ ഇളയപുത്രനും ഇടയച്ചെറുക്കനുമായിരുന്ന ദാവീദിനെയാണ് കര്‍ത്താവ് തന്‍റെ ജനത്തെ ഫിലിസ്ത്യരുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുവാനും, തുടര്‍ന്ന് അവിടുത്തെ ജനത്തിന്‍റെ നായകനുമായി നിയോഗിച്ചത്.

Musical Version of Psalm 23
1. ചെന്നായ് വരുന്നതു കാണുന്ന നേരം
ഓടിപ്പോകില്ലെങ്ങും എന്‍ നല്ലിടയന്‍
ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞും
എന്നെ കാത്തിടും നല്ലിടയന്‍ (2)

അങ്ങനെ ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തില്‍ മുന്തിനിലക്കുന്ന ഇടയരൂപം മൂര്‍ത്തഭാവം അണിയുന്നത് പുതിയനിയമത്തില്‍ ക്രിസ്തുവിലാണ്. ദാവീദ് രാജാവ് രചിച്ച് ആലപിച്ചുവെന്നു നാം മനസ്സിലാക്കുന്ന 23-ാം സങ്കീര്‍ത്തനം ക്രിസ്തുവില്‍ നല്ലിടയരൂപത്തിന്‍റെ പൂര്‍ണ്ണിമ കണ്ടെത്തുന്നു. ‘കര്‍ത്താവെന്‍റെ ഇടയനാകുന്നു,’ എന്ന സങ്കീര്‍ത്തനപദം... ക്രിസ്തു എന്‍റെ ഇടയനാണ്, നല്ലിടയനാണ് എന്ന് വളരെ ബോധ്യത്തോടും അര്‍ത്ഥപൂര്‍ണ്ണിമയോടുംകൂടെ ആലപിക്കുവാന്‍ നമുക്ക് സാധിക്കും. ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞും തന്‍റെ ആടുകളെ കാത്തിടുന്ന നല്ലിടയന്‍ ക്രിസ്തുവാണെന്ന് പുതിയ നിയമം സമര്‍ത്ഥിക്കുന്നു.

യോഹന്നാന്‍റെ സുവിശേഷം പത്താം അദ്ധ്യായമാണ് ക്രിസ്തുവിനെ നല്ലിടയനായി ചിത്രീകരിക്കുന്നത്. ഇടയനെയും ആടുകളെയും കുറിച്ച് വിസ്തരിക്കുന്ന സുവിശേഷകന്‍, ഞാന്‍ ആടുകളുടെ ഇടയന്‍ മാത്രമല്ല, ‘വാതിലാ’കുന്നു എന്ന ശ്രേഷ്ഠമായ ചിന്തയോടെയാണ് സുവിശേഷഭാഗം പത്താം അദ്ധ്യായം ആരംഭിക്കുന്നത്. ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വാതിലിലൂടെ അല്ലാതെ മറ്റു മാര്‍ഗ്ഗത്തിലൂടെ ആട്ടിന്‍ തൊഴുത്തിലേയ്ക്കു പ്രവേശിക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്... 1. ആടുകള്‍ക്കുള്ള വാതില്‍ ഞാനാകുന്നു 8. കള്ളന്‍ വരുന്നത് ആടുകളെ മോഷ്ടിക്കുവാനും കൊന്നു തിന്നുന്നതിനുമാണ്. എന്നാല്‍ ഞാന്‍ വന്നത് അവര്‍ക്ക് ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുന്നതിനും വേണ്ടിയാണ്.’

Musical Version of Psalm 23
2. പാപമുറിവുകള്‍ പേറും മനവുമായ്
കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍
കൂട്ടംമറന്നെത്തും ഞാന്‍ നിന്‍റെ ചാരെ
സ്നേഹം പകര്‍ന്നെന്‍റെ സൗഖ്യംതരാന്‍
മാറില്‍ ചേര്‍ത്തെന്നെ സ്വന്തമാക്കാന്‍

‘സ്നേഹം കടമ്പയായി വാതില്‍പ്പടിയില്‍ കിടക്കുന്നു’ എന്നു തുടങ്ങുന്ന, ലേഖനം ഫാദര്‍ ബോബി ജോസ് (കപ്പൂച്ചിന്‍) കട്ടിക്കാടിന്‍റേതാണ്. ബൈബിള്‍ വരച്ചുകാട്ടുന്ന ഇടയബിംബത്തെ ഏറെ ധ്യാനിച്ചും സ്വാംശീകരിച്ചും ബോബിയച്ചന്‍ വ്യാഖ്യാനിക്കുമ്പോള്‍ 23-ാം സങ്കീര്‍ത്തനത്തിന്‍റെ ഏറെ ഭാവാത്മകവും, എന്നാല്‍ ഏറെ പ്രായോഗികവും ജീവല്‍ബന്ധിയുമായ ചിത്രമാണ് ഇവിടെ തെളിഞ്ഞുവരുന്നത്.

ഹെബ്രായ ശീലത്തില്‍ നാടോടികളായ ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി എന്നും യാത്രയിലാണ്. രാത്രിയില്‍ ഇടയന്‍ ആടുകളെ ഏതെങ്കിലും ഗുഹയിലേയ്ക്ക് ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ഇടയന്‍ ഗുഹുയുടെ വാതുക്കല്‍ കുറുകെ കിടക്കുന്നു. ഒരാടിന് പുറത്തു കടക്കണമെങ്കില്‍ അയാളുടെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. കളളനോ കുറുനരിയോ അകത്തു വരണമെങ്കിലും അയാള്‍ അറിയാതെ സാദ്ധ്യമല്ല. അതുകൊണ്ടാണ് ‘ആടുകളുടെ വാതിലാണു ഞാന്‍’ എന്ന് ക്രിസ്തു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായത്. വീടുവിട്ടു പോയവരൊക്കെ അവന്‍റെ കുറുകെ കടന്നവരാണ്. ഒപ്പം അതൊരു അസാധാരണമായ സംരക്ഷണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അഹിതമായ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ അവന്‍ അറിയാതിരിക്കുന്നില്ല എന്നത് ഉറപ്പാണ്. അതുപോലെ, പരിഹാരമോ, പ്രതിരോധമോ ഇല്ലാത്ത ചില ദുരന്തങ്ങള്‍ ഉമ്മറത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ അയാള്‍ക്കും, ഇടയനും പരിക്കേല്‍ക്കുന്നുണ്ട്. ‘ക്രിസ്തു ഇപ്പോഴും ശരീരത്തില്‍ സഹിക്കുന്നു’വെന്ന് പൗലോസ് അപ്പസ്തോലന്‍ പറയുന്നത് അതുകൊണ്ടാണ് (കൊളോ. 1, 24).

സഭയുടെ വാതിലുകള്‍ സകലര്‍ക്കുമായി തുറന്നിടണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ അജപാലന മേഖലയില്‍ യാഥാര്‍ത്ഥ്യമാകേണ്ട ക്രിസ്തുവിന്‍റെ ഇടയവീക്ഷണമാണ് വെളിപ്പെടുന്നത്. പ്രതിസന്ധികളില്‍ പെട്ടവര്‍ക്ക് പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും ജീവവചസ്സ് പങ്കുവയ്ക്കുന്ന അജപാലന സാന്നിദ്ധ്യമാണ് ഇന്നിന്‍റെ ആവശ്യമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു. സ്വീകരിച്ച ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന അജപാലന പ്രക്രിയ ക്ലേശകരമാണെങ്കിലും ആത്മാര്‍ത്ഥമായി നിര്‍വ്വഹിച്ചാല്‍ അത് ആനന്ദദായകമായിരിക്കുമെന്നും പാപ്പാ പ്രസ്താവിക്കുന്നുണ്ട്.
അങ്ങനെ 23-ാം സങ്കീര്‍ത്തനം വരച്ചുകാട്ടുന്ന, അനന്തമായി സ്നേഹിക്കുകയും കരുണകാണിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ മൗലികമായ ഉദാത്തവുമായ ഇടയരൂപം സഭയുടേതുമായിരിക്കണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ദര്‍ശനമാണ്, പാഠമാണ്. Evangelii Gaudium, ‘സുവിശേഷസന്തോഷം’ എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ദൈവത്തിന്‍റെ അജപാലന സ്നേഹവും കാരുണ്യവും ഈ സങ്കീര്‍ത്തന പഠന ഭാഗത്ത് അനുസ്മരിച്ചുകൊണ്ട് ഇന്നത്തെ വ്യാഖ്യനംപഠനം ഉപസംഹരിക്കുന്നു.

Musical Version of Psalm 23

ഇടയന്‍റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടന്‍റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായ് നീ മാറണം.

1. ചെന്നായ് വരുന്നതു കാണുന്ന നേരം
ഓടിപ്പോകില്ലെങ്ങും എന്‍ നല്ലിടയന്‍
ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞും
എന്നെ കാത്തിടും നല്ലിടയന്‍ (2)

2. പാപമുറിവുകള്‍ പേറും മനവുമായ്
കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍
കൂട്ടംമറന്നെത്തും ഞാന്‍ നിന്‍റെ ചാരെ
സ്നേഹം പകര്‍ന്നെന്‍റെ സൗഖ്യംതരാന്‍
മാറില്‍ ചേര്‍ത്തെന്നെ സ്വന്തമാക്കാന്‍

സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം ആലപിച്ചത് കെ. ജെ. യേശുദാസ്,
ഗാനരചന ഫാദര്‍ റഫി പിരിയാട്ടുശ്ശേരി, സംഗീതം ജര്‍സണ്‍ ആന്‍റെണി.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

എക്കാലത്തും മനുഷ്യമനസ്സുകള്‍ക്ക് കുളിര്‍മ്മയും പ്രത്യാശയും നല്കിയിട്ടുള്ള 23-ാമത്തെ സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാന പഠനം വീണ്ടും അടുത്തയാഴ്ചയില്‍....








All the contents on this site are copyrighted ©.