2014-11-07 09:12:08

ജനതകളുടെ ആശയും പ്രത്യാശയും
ദുഃഖവും ഏറ്റുവാങ്ങാന്‍
സന്നദ്ധമാകുന്ന സഭ


7 നവംബര്‍ 2014, മിനസോട്ട
സഭ വേദനിക്കുന്നവരോടും വിശക്കുന്നവരോടും ചേര്‍ന്നുനടക്കുമെന്ന്,
നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

അമേരിക്കയില്‍ മിനസോട്ടയിലെ സെന്‍റ് തോമസ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വിശ്വാസം, ഭക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സിമ്പോസിയത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തവെയാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വേദനിക്കുയും വിശക്കുകയും ചെയ്യുന്നവരുടെ പക്ഷംചേരുന്ന സഭയെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.

ഓരോ കാലഘട്ടത്തിലും ജീവിക്കുന്ന ജനതയുടെ സന്തോഷവും ആശയും ആശങ്കയും ദുഃഖവുമെല്ലാം സഭയുടേതുമാണെന്ന് സഭ ആധുനിക യുഗത്തില്‍ Gaudium et Spes എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചിന്തകള്‍ സമ്മേളനത്തില്‍ പങ്കുവച്ചു.

ലോകത്തിന്‍റെ സന്തോഷങ്ങളോടൊപ്പം വേദനയുടെ നിലവിളിയും കേള്‍ക്കുവാനുള്ള സഭാദൗത്യത്തിന്‍റെയും സന്നദ്ധതയുടെയും ഭാഗമായിട്ടാണ് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന് ഏകദേശം അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ രൂപംനല്കിയതെന്നും, പ്രവര്‍ത്തിക്കുന്നതെന്നും അതിന്‍റെ പ്രസിഡന്‍റായി അഞ്ചു വര്‍ഷക്കാലമായി സേവനമനുഷ്ഠിക്കുന്ന ഖാനാ സ്വദേശീയായ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.