2014-11-07 09:37:00

കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന
ദൈവികൈക്യത്തെക്കുറിച്ച് പാപ്പാ


7 നവംബര്‍ 2014, വത്തിക്കാന്‍
ദൈവികൈക്യം കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
നവംബര്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ആദ് ലീമിനാ – സന്ദര്‍ശനത്തിനെത്തിയ തെക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന് പിതാവിനോടുണ്ടായിരുന്ന ഗാഢമായ ബന്ധംപോലെ ഉത്തരാധുനികവും ആഗോളവത്കൃതവുമായ ലോകത്ത് മനുഷ്യരുടെ ഇടയില്‍ ദൈവികൈക്യം വളര്‍ത്തിയെടുക്കുന്ന വിധിത്തില്‍ അജപാലകര്‍ ജനങ്ങളെ തുണയ്ക്കേണ്ടതാണ്. അങ്ങനെ, സമൂഹത്തിലെയും കുടുംബങ്ങളിലെയും പ്രതിസന്ധികളുടെ മുറിപ്പാടുകള്‍ സൗഖ്യപ്പെടുത്തുവാനും പുരോഗതി പ്രാപിക്കുവാനും ജനങ്ങളെ സഹായിക്കുകയാണ് സഭാശുശ്രൂഷകരുടെ ഉത്തരവാദിത്വമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

രോഗങ്ങളുടെ അധിക്രമങ്ങളുടെയും, ദാരിദ്ര്യത്തിന്‍റെയും പിടിയില്‍ ജനങ്ങള്‍ ജീവിക്കുമ്പോഴും ദൈവികൈക്യത്തില്‍ അധിഷ്ഠിതമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനിര്‍ത്താന്‍ സഹായകമാകുന്ന വിധത്തില്‍ അജപാലന ശുശ്രൂഷകള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ മെത്രാന്മാരോട് ആഹ്വാനംചെയ്തു.
വിശ്വാസത്തിന്‍റെ വലിയ കുടുംബമാണ് സഭ. ഈ വീക്ഷണത്തിലും പശ്ചാത്തലത്തിനുമാണ് മെത്രാന്മാര്‍ കുടുംബങ്ങളെ ശുശ്രൂഷിക്കുവാനും പരിചരിക്കുവാനും കടപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ കുടുംബത്തിലെ കുഞ്ഞുങ്ങളെ മാത്രമല്ല, യുവജനങ്ങളെയും ഇതര കുടുംബാംഗങ്ങളെയും ക്രിസ്തുവില്‍ പരിചരിക്കുവാനും പരിപോഷിപ്പിക്കുവാനുമാണ് മെത്രാന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. കുടുബങ്ങളുടെ വെല്ലുവിളികള്‍ നേരിടുന്നതിനും അവ പരിഹരിക്കുന്നതിനും അജപാലകര്‍ കടപ്പെട്ടിരിക്കുന്നു, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.


പ്രസ്താവന : കേരളത്തിലെ കത്തോലിക്കര്‍ക്കുവേണ്ടി, പ്രാദേശിക സഭയുടെ കുടുംബങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ അടയന്ത്രത്ത് ഇറക്കിയത്.









All the contents on this site are copyrighted ©.