2014-11-05 19:31:57

സഭയുടെ വാതിലുകള്‍
സകലര്‍ക്കുമായി
തുറക്കപ്പെടണമെന്ന്
പാപ്പാ ഫ്രാന്‍സിസ്


5 നവംബര്‍ 2014, വത്തിക്കാന്‍
സഭയുടെ വാതിലുകള്‍ ക്രിസ്തുസ്നേഹത്തില്‍ സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന്, പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 4-ാം തിയതി ഫ്രാന്‍സിലെ ലൂര്‍ദ്ദ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആരംഭിച്ച ദേശീയ മെത്രാന്‍സംഘത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ആഹ്വാനംചെയ്തത്.

മെത്രാന്മാരുടെ സമ്പൂര്‍ണ്ണ സമ്മേളനത്തോടൊപ്പം, സന്ന്യസ്തരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അതില്‍ പങ്കെടുപ്പിക്കുമ്പോള്‍, സന്ന്യസ്തരുടെ വര്‍ഷാചരണത്തിന് ആമുഖവും, പ്രതിസന്ധകളില്‍പ്പെട്ടവര്‍ക്ക് പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും ജീവവചസ്സ് പങ്കുവയ്ക്കാനുള്ള തുറവുമാകട്ടെ, സംഗമമെന്ന് പാപ്പാ സന്ദേശത്തിലൂടെ ആശംസിച്ചു.

വിളിയിലൂടെ ഓരോരുത്തരും സ്വീകരിച്ച ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന അജപാലനപ്രക്രിയ ക്ലേശകരമാണെങ്കിലും, ആത്മാര്‍ത്ഥമായി നിര്‍വ്വഹിച്ചാല്‍ ആനന്ദദായകമായിരിക്കുമെന്നും പാപ്പാ മെത്രാന്‍സംഘത്തെ ഉദ്ബോധിപ്പിച്ചു.

മദ്ധ്യപൂര്‍വ്വദേശത്ത് പീഡിപ്പിക്കപ്പെട്ടുന്നവര്‍ക്കും അഭയാര്‍ത്ഥികളുമായ ക്രൈസ്തവര്‍ക്കായി ഫ്രാന്‍സിലെ സഭ ചെയ്യുന്ന നല്ല കാര്യങ്ങളെ നന്ദിയോടെ അനുസ്മരിച്ച പാപ്പാ, ഇനിയും സഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രവൃത്തികള്‍ തുടരണമെന്നും അഭ്യര്‍ത്ഥിച്ചു.

ഫ്രാന്‍സിലെ സഭയുടെ പ്രേഷിതചൈതന്യം കൂടുതല്‍ തീക്ഷ്ണതരമാക്കുവാനും, സുവിശേഷ സന്തോഷം അവിടെ നിലനിര്‍ത്തുവാനും, ലൂര്‍ദ്ദുനാഥയും അവളുടെ ദര്‍ശനഭാഗ്യമുണ്ടായ വിശുദ്ധ ബര്‍ണര്‍ദീത്തയും അനുഗ്രഹിക്കട്ടെയെന്ന ആശംയോടും അപ്പസ്തോലിക ആശീര്‍വ്വാദത്തോടുംകൂടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, മാര്‍സീലെ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പോള്‍ പോന്തിയര്‍ വഴിയാണ് പാപ്പാ മെത്രാന്‍ സംഘത്തെ അഭിസംബോധനചെയ്തത്.









All the contents on this site are copyrighted ©.