2014-11-05 20:14:23

ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശം
അചിന്തനീയമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി


5 നവംബര്‍ 2014, റോം
ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശത്തെക്കുറിച്ച് ചിന്തിക്കുവാന്‍ സാദ്ധ്യമല്ലെന്ന്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലിയനാര്‍ഡൊ സാന്ദ്രി പ്രസ്താവിച്ചു.

നവംബര്‍ 4-ാം തിയതി ചൊവ്വാഴ്ച റോമില്‍ തുടങ്ങിയിരിക്കുന്ന
‘കിഴക്കിന്‍റെ ക്രൈസ്തവര്‍’ (the Christians of the East) എന്ന പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനവേളയിലാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവിന്‍റെ കാലഘട്ടത്തോളം പഴക്കമുള്ളതാണ് മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സമൂഹമെന്നും, അവരുടെ പുരാതനവും അത്യപൂര്‍വ്വവുമായ സംഭാവനകളും ക്രിയാത്മകമായ സാമൂഹ്യ സാന്നിദ്ധ്യവും
പ്രദര്‍ശനത്തില്‍ ചിത്രങ്ങളിലൂടെയും പുരാവസ്തു ശേഖരങ്ങളിലൂടെയും വിലയിരുത്തുമ്പോള്‍, ഇന്ന് ഇസ്ലാമിക വിമതര്‍, (ഐഎസ്ഐഎസ്) അവരോടു കാണിക്കുന്ന അധിക്രമങ്ങളും അനീതിയും കാലം പൊറുക്കാത്ത അപരാധമാണെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി ഉദ്ഘാടന പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു.

ഇന്നും മദ്ധ്യപൂര്‍വ്വദേശത്ത് തലപൊക്കി നില്ക്കുന്ന ക്രൈസ്തവ വിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളും, സ്ഥാപനങ്ങളും അവ ചരിത്രത്തില്‍ നില്കിയിട്ടുള്ള സംഭാവനകള്‍ കാലം മായ്ക്കാനാവാത്ത ക്രൈസ്തവരുടെ സാമൂഹ്യസാംസ്ക്കാരിക സാന്നിദ്ധ്യത്തിന് തെളിവാണെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

ഇന്ന് ഐഎസ്ഐഎസ്സിന്‍റെ മതഭ്രാന്തന്മാര്‍ ക്രൈസ്തവ ദേവാലയങ്ങളും സ്ക്കൂളുകളും ഏറെ തകര്‍ത്തുകൊണ്ട് ക്രിസ്തുവിന്‍റെ മുഖം വിരൂപമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പ്രഭയോടെ ഉയിര്‍ക്കുമെന്നും, കിഴക്കിന്‍റെ വെളിച്ചമായി ക്രൈസ്തവജീവിതത്തിന്‍റെ ആദര്‍ശപ്രഭ തെളിയുകതന്നെ ചെയ്യുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.