2014-10-30 19:09:37

പാഴായിപ്പോകുന്ന ഭക്ഷൃവസ്തുക്കള്‍
ദാരിദ്ര്യത്തിനു കാരണം


31 ഒക്ടോബര്‍ 2014, ന്യൂയോര്‍ക്ക്
ഭക്ഷൃവസ്തുക്കള്‍ പാഴായിപ്പോകുന്നത് ദാരിദ്ര്യത്തിന് കാരണമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ ഐക്യരാഷ്ട്ര സഭയിലെ വക്താവ്, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

കഴിഞ്ഞ 20 വര്‍ഷക്കാലമായി ഭക്ഷൃസുരക്ഷയുടെ മേഖലയില്‍ ആഗോളതലത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും,
രൂക്ഷമായ ദാരിദ്ര്യത്തിന്‍റെ പിടിയിലമരുന്ന 9 കോടിയോളം പാവങ്ങള്‍ ഇനിയും ലോകത്തുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥനത്തില്‍
ഒക്ടോബര്‍ 29-ാം തിയതി ബുധനാഴ്ച ന്യൂയോര്‍ക്ക് ആസ്ഥാനത്തു സമര്‍പ്പിച്ച
പ്രബന്ധത്തിലൂടെ ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

കാര്‍ഷിക പുരോഗതി, ഭക്ഷൃസുരക്ഷ, പോഷകാഹാര ലബ്ധി എന്നിവയെക്കുറിച്ച് പൊതുവേദികളില്‍ പഠനവും ചര്‍ച്ചകളും ഗവേഷണങ്ങളും ധാരാളം തുടരുമ്പോഴും ലക്ഷോപലക്ഷം ജനങ്ങള്‍ ഭക്ഷൃക്ഷാമവും, ദാരിദ്ര്യവുംമൂലം ലോകത്ത് ക്ലേശിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു.

ഭക്ഷൃവസ്തുക്കളുടെ ഉല്പാദനനിരക്ക് ഏറിനിലക്കുമ്പോഴും രാഷ്ട്രങ്ങളില്‍ പാവങ്ങളായവരുടെ സംഖ്യയില്‍ ഗണ്യമായ മാറ്റം സംഭവിക്കാതിരിക്കുന്നതും,
അതോടൊപ്പം ഏറെ ഭക്ഷൃോല്പന്നങ്ങള്‍ പാഴാക്കിക്കളയുകയും ചെയ്യുന്ന പ്രക്രിയ വിരോധാഭാസമാണെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

നിലവിലുള്ള ഭക്ഷൃോല്പാദനം ലോകജനസംഖ്യയ്ക്ക് വേണ്ടുവോളമായിരിക്കെ, ഭക്ഷൃവസ്തുക്കള്‍ ശരിയായി ശേഖരിക്കാതെയും, സംരക്ഷിക്കപ്പെടാതെയും പോകുന്നതിനാല്‍ പാഴായിപ്പോകുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വ്യക്തമാക്കി

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിതി വികസനപദ്ധതിയുടെ ഭാഗം മാത്രമായി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ കാണാതെ, ധാര്‍മ്മിക ഉത്തരവാദിത്തവും, അടിസ്ഥാന മനുഷ്യാവകാശവുമാണെന്ന ബോധ്യത്തില്‍ മുന്നേറണമെന്നും ആര്‍ച്ചുബിഷപ്പ് ഔസാ യുഎന്നിന്‍റെ 69-ാം പൊതുസമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലൂടെ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.