2014-10-30 18:13:43

പടരുന്ന പേടിസ്വപ്നം എബോളാ
അന്താരാഷ്ട്രസമൂഹം തുണയ്ക്കണമെന്ന്
പാപ്പാ ഫ്രാന്‍സിസ്


31 ഒക്ടോബര്‍ 2014, വത്തിക്കാന്‍
എബോളാ രോഗപ്രതിരോധത്തിന് അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഒക്ടോബര്‍ 29-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുക്കൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലാണ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളെ കാര്‍ന്നുതിന്നുന്ന എബോളാ പകര്‍ച്ച വ്യാധിക്കെതിരെ സഹാനുഭാവത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആഗോളസമൂഹത്തോട് പാപ്പാ ആഹ്വാനംചെയ്തത്.

ആഫ്രിക്കന്‍ ഗ്രാമങ്ങളിലെ പാവങ്ങളെ പിടികൂടിയിരിക്കുന്ന ഈ വൈറല്‍ രോഗത്തിന് ഇരകളായവരെ പാപ്പാ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു. പെട്ടെന്നു പടരുകയും, ജീവന്‍ അപഹരിക്കുകയും ചെയ്യുന്ന അപകടകരമായ പരിസ്ഥിതിയിലും രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും സന്നദ്ധസേവകരെയും പ്രാര്‍ത്ഥനയോടെ പിന്‍തുണയ്ക്കണമെന്നും പ്രഭാഷണത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

പടരുന്ന പേടിസ്വപ്നമാണ് എബോളാ പകര്‍ച്ചവ്യാധിയെന്ന്, പശ്ചിമാഫ്രിക്കയിലെ സലീഷ്യന്‍ മിഷന്‍ പ്രൊവിന്‍ഷ്യാള്‍ ഫാദര്‍ ജോര്‍ജ്ജ് ക്രിസാഫുളി പ്രസ്താവയിലൂടെ അറിയിച്ചു. എബോളാ വൈറസിന്‍റെ പിടിയില്‍ അമര്‍ന്ന പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറാ ലയോണെയിലെ (Sierra Leone) അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സലീഷൃന്‍ മിഷണറി വൈദികനായ ക്രിസാഫുളി ഇങ്ങനെ പ്രസ്താവിച്ചത്.

ശുചിത്വസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളിലെ അഴുക്കിലും ഉച്ചിഷ്ടങ്ങളിലും വിസര്‍ജ്ജത്തിലും പെരുകുന്ന എബോളാ വൈറസ് മനുഷ്യശരീരത്തില്‍ കടക്കുകയും, അവിടെ കിടന്ന് വളര്‍ന്ന് വ്യക്തിയുടെ ആന്തരികാവയവങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ജീവന്‍ അപഹരിക്കുന്ന പ്രക്രിയ
കാട്ടുതീപോലെ പടരുകയാണെന്ന് ഫാജര്‍ ക്രിസാഫുളി സാക്ഷൃപ്പെടുത്തി.

രോഗകാരണം പൈശാചിക ശക്തിയാണെന്നു ഇനിയും വിശ്വസിക്കുന്ന ഗോത്രവര്‍ക്കാര്‍, തദ്ദേശ സംസ്ക്കാരങ്ങള്‍ മുതലായവര്‍ ചികിത്സാ സമ്പദായങ്ങളെ ചെറുക്കുന്നതിനാല്‍, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നുണ്ടെന്നും Sierra Leone-യിലെ സാമൂഹ്യ പാശ്ചാത്തലത്തെ അടിസ്ഥാനമാക്കി
ഫാദര്‍ ക്രിസാഫുളി വെളിപ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന മരണനിരക്ക്, ചികിത്സാ സൗകര്യങ്ങളുടെ പരിമിതി, ഇനിയും കണ്ടെത്താനാവാത്ത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, രോഗികളുടെ മാത്രമല്ല പരിചരിക്കുന്നവരുടെയും ജീവന്‍ നഷ്ടമാകുന്ന അവസ്ഥ എന്നിവയെല്ലാം,
ഈ പകര്‍ച്ചവ്യാധിക്കു മുന്നില്‍ വ്യഥയോടെ ലോകം കാണുന്ന വെല്ലുവിളികളാണെന്നും
ക്രിസാഫുളി സാക്ഷൃപ്പെടുത്തി.

രോഗി അനുഭവക്കുന്ന തീവ്രമായ ശാരീരിക വേദനയും പൊട്ടിയൊലിക്കുന്ന വ്രണങ്ങളും വൈറല്‍ രോഗത്തിന്‍റെ ബാഹ്യലക്ഷണങ്ങളാണ്. എന്നാല്‍ അടിസ്ഥാനപരമായും ആന്തരിക അവയവങ്ങളെ തകര്‍ക്കുന്ന ഈ വൈറല്‍ രോഗം സമൂഹത്തിന്‍റെ എല്ലാ മേഖലകളെയും മരവിപ്പിക്കുകയും, ഭീതി ജനകമാക്കുകയും ചെയ്യുന്നുണ്ട്. അടഞ്ഞുപോകുന്ന വിദ്യാലയങ്ങളും, തൊഴില്‍ ശാലകളും, ഓഫിസുകളും ആശുപത്രികളുമെല്ലാം എബോള രോഗത്തിന്‍റെ അടയന്തിരാവസ്ഥ വെളിപ്പെടുത്തുന്നുണ്ടെന്നും ഫാദര്‍ ക്രിസാഫുളി അറിയിച്ചു. ഒക്ടോബര്‍വരെയ്ക്കും സിയറാ ലെയോണെയില്‍ മാത്രം രേഖപ്പെടുത്തിയ 3700 എബോളാ രോഗബാധിതരില്‍ 1200 പേര്‍ മരണത്തിനിരയായെന്നും സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കി പ്രസ്താവനയിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

ഗ്വിനിയ, നൈജീരിയ, ലൈബേരിയ എന്നീ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലും ധാരാളം എബോളാ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ടെന്നും സിയറാ ലയോണെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന
ഫാദര്‍ ക്രിസാഫുളി പ്രസ്താവനയിലൂടെ അറിയിച്ചു.










All the contents on this site are copyrighted ©.