2014-10-29 18:30:44

ദൈവശാസ്ത്രപരമായ ഐക്യത്തിലേറെ
സാഹോദര്യത്തിന്‍റെ കൂട്ടായ്മ വേണമെന്ന്
പാപ്പാ ഫ്രാന്‍സിസ്


30 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ദൈവശാസ്ത്രപരമായ ഐക്യത്തിനായി കാത്തിരിക്കാതെ സാഹോദര്യത്തിന്‍റെ
കൂട്ടായ്മ വളര്‍ത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 28-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനിലെത്തിയ ആഗോള ജനകീയ ഉപവി പ്രസ്ഥാനങ്ങളുടെ World Popular Movements –ന്‍റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണിസിലാണ് ജനകീയ ഉപവി പ്രസ്ഥാനങ്ങളുടെ ത്രിദിന സംഗമം റോമില്‍ സംഘടിപ്പിച്ചത്.

എല്ലാ രാജ്യങ്ങളിലും സംസ്ക്കാരങ്ങളിലും ദൈവശാസ്ത്ര പണ്ഡിതന്മാരുണ്ടെന്നും,
എന്നാല്‍ സഹോദരങ്ങള്‍ക്കു നന്മചെയ്യാന്‍, വിശിഷ്യാ പാവങ്ങളെ സഹായിക്കുന്ന ഐക്യദാര്‍ഢ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് ദൈവശാസ്ത്ര പരമായ ഐക്യത്തിനായി കാത്തിരിക്കരുതെന്നും, വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ട പ്രതിനിധിസംഘത്തോട്
പാപ്പാ ആഹ്വാനംചെയ്തു.

ഉപവി പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി മാറാതെ നീതിക്കായി പോരാടുന്ന പ്രസ്ഥാനങ്ങളുടെ, അല്ലെങ്കില്‍ സഭകളുടെ കൂട്ടായതും ചരിത്രപരവുമായി നീക്കമായിരിക്കണമെന്ന് വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ പ്രതിനിധികളെ പാപ്പാ അനുസ്മരിപ്പിച്ചു.

പാവങ്ങളോടുള്ള സമീപനം വാക്കുകളിലുള്ള പൊള്ളയായ വാഗ്ദാനമായി പരണമിക്കാതെ അനീതി, അസമത്വം, തൊഴിലില്ലായ്മ, ഭവനരാഹിത്യം, പട്ടിണി എന്നിവയ്ക്കെതിരായ നിരന്തരമായ പോരാട്ടമായിരിക്കണമെന്നും പാപ്പാ പ്രസ്താവിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി റോമില്‍ സംഗമിച്ച World Meeting of Popular Movements-ആണ് ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രസ്ഥാനത്തിന്‍റെ ഭാഗമായിരിക്കുന്ന ക്രൈസ്തവരല്ലാത്തവരും വിവിധ രാജ്യക്കാരും സംസ്ക്കാരങ്ങളിലും തൊഴില്‍ വ്യവസായ മേഖലകളില്‍പ്പെട്ടവരുമായ വ്യക്തകളുടെയും സംഘടനകളുടെയും സമ്മേളനത്തില്‍ സാന്നിദ്ധ്യം പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.