2014-10-25 13:23:13

ഭോഷനായ ധനികന്‍റെ കഥയും
ദൈവരാജ്യത്തിന്‍റെ സമ്പത്തും


RealAudioMP3
സീറോമലങ്കര റീത്തിലെ ആരാധനക്രമമനുസരിച്ച് ശ്ലാബായ്ക്കുശേഷം ആറാംവാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷ ഭാഗത്തിന്‍റെ വിചിന്തനമാണിന്ന്.

വിശുദ്ധ ലൂക്കാ 12, 13-21 ഭോഷനായ ധനികന്‍
ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ അവനോടു പറഞ്ഞു. ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു കല്‍പിക്കണമേ. യേശു അവനോടും ചോദിച്ചു.
ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവോനോ ആയി ആരു നിയമിച്ചു? അനന്തരം അവന്‍ അവരോടു പറഞ്ഞു. ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്. എന്നിട്ട് ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു. ഒരു ധനികന്‍റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നല്കി. അവന്‍ ഇങ്ങനെ ചിന്തിച്ചു. ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്കു സ്ഥലമില്ലല്ലോ!? അവന്‍ പറഞ്ഞു. ഞാന്‍ ഇങ്ങനെ ചെയ്യും, എന്‍റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വിലയവ പണിയും അതില്‍ എന്‍റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാന്‍ എന്‍റെ ആത്മാവിനോടു പറയും. ആത്മാവേ, അനേക വര്‍ഷത്തേക്കുവേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കു, തിന്നുകുടിച്ച് ആനന്ദിക്കു! എന്നാല്‍ , ദൈവം അവനോടു പറഞ്ഞു. ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും. അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരോടേതായകും? ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും.

വളരെ ഭംഗിയായി ധനത്തില്‍ ആശ്രയിക്കുന്നവരെയും ദൈവത്തിലാശ്രയിക്കുന്നവരെയും താരതമ്യപ്പെടുത്തിക്കൊണ്ട്, വിശുദ്ധ ലൂക്കാ ഇന്നത്തെ സുവിശേഷത്തില്‍ ധനികനായ വിഡ്ഢിയുടെ കഥ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിലാശ്രയിച്ചു ജീവിക്കുന്നവര്‍ അടിസ്ഥാനപരമായി ഭൗമിക വസ്തുക്കളില്‍നിന്നകന്ന് സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ അന്വേഷിക്കുന്നു. ഭൗമിക വാദത്തിനെതിരായ ഉപമായണ് ഈശോ പറയുന്നത്. കഥയിലെ ധനികന്‍ ആരെയും തല്ലുകയോ കൊല്ലുകയോ ചെയ്യുന്നില്ല. കൃഷിക്കാരനായ മനുഷ്യനാണ് സ്വാര്‍ത്ഥനും ധനമോഹിയുമായി മാറി എന്നതാണ് ഇവിടെ പ്രശ്നം.

ദൈവത്തെ മറന്ന്, ജീവിതത്തില്‍ എല്ലാം വാരിക്കൂട്ടുവാനുള്ള ശ്രമം, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള അവഗണനയാണ്. നീതിനിഷ്ഠനല്ലാത്തവന്‍, നീതിയില്ലാത്തവന്‍ കണക്കിന് വിഡ്ഢിയാണെന്നാണ് ക്രിസ്തു ഉപമയില്‍ സ്ഥിരീകരിക്കുന്നത്. അയാള്‍ അയാള്‍ക്കുവേണ്ടി മാത്രമായി ജീവിക്കുന്നു. അയാള്‍ തന്നോടുതന്നെ സംസാരിച്ച്, ആലോചിച്ച്, സ്വയം അഭിനന്ദിച്ച്, തീരുമാനമെടുക്കുന്നു. എന്നാല്‍ ആകസ്മികമായുണ്ടായ മരണം, അവനെ വിഡ്ഢിയാക്കുന്നില്ലേ!
‘മാനുഷ്യാ, നീ ലോകമഖിലം നേടിയെന്നാലും നിന്‍ ആത്മനാശം വന്നുപോയാല്‍ എന്തു നേടും,’ എന്നല്ലേ ഗുരുവചനം. ലൂക്കാ 9, 25. ധനത്തോടും ഭൗമിക വസ്തുക്കളോടുമുള്ള ആര്‍ത്തി ആത്മാവിനെ നശിപ്പിക്കുന്ന അസാധാരണ വൈകാരികതയാണ്. കുടുംബ ബന്ധങ്ങള്‍പോലും അതുമൂലം ശിഥിലമാകുന്നു. ഭൗമിക സമ്പാദ്യം നേടുന്നവന് അത് താല്ക്കാലിക വിജയവും നേട്ടവുമാകുമെങ്കിലും, അവസാനം എല്ലാം നഷ്ടത്തില്‍ കലാശിക്കും. സമ്പത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവന്, അവസാനം ജീവിതംതന്നെ പാഴ്വേലയായിത്തോന്നും.
“നിക്ഷേപം എവിടെയാണോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.” ലൂക്കാ 12, 33 അസൂയപ്പെട്ട് അന്യായമായി അപരന്‍റെ സ്വത്ത് സമ്പാദിക്കുവാന്‍ ശ്രമിക്കുന്നത് അത്യാര്‍ത്തിയാണ്. ആര്‍ത്തി ദുഃഖത്തില്‍ കലാശിക്കുമല്ലോ.

സാധാരണ സാമൂഹ്യ കാഴ്ചപ്പാടില്‍ സമ്പത്ത്- ദൈവികദാനത്തിന്‍റെ, ദൈവാനുഗ്രഹത്തിന്‍റെ അടയാളമായും, ദാരിദ്ര്യം- ദൈവിക തിരസ്കാരത്തിന്‍റെ പ്രതീകമായും കണക്കാക്കപ്പെടാറുണ്ട്. ധനാഠ്യനായിരിക്കുന്നത് മോശമാണെന്ന് ക്രിസ്തു യഥാര്‍ത്ഥത്തില്‍ പറയുന്നില്ല.
എന്നാല്‍, ‘ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ ക്ലേശകരമാണെ’ന്ന് അവിടുന്ന് സുവിശേഷങ്ങളില്‍ വിവരിക്കുന്നുണ്ട് (മത്തായി 19, 24). ആര്‍ത്തിയാണ് അത്യാര്‍ത്തിയാണ് ദൈവികദാനമായ സമ്പത്ത് വാരിക്കൂട്ടാനുള്ള അമിതമോഹമായി മാറ്റുന്നത്. സമ്പത്ത് നമ്മെ വിഴുങ്ങാന്‍ അനുവദിക്കരുതെന്നാണ് ക്രിസ്തു പറയുന്നതിന്‍റെ സാരം. ജീവിതത്തിന്‍റെ പ്രേരകശക്തി സമ്പത്തായി മാറാന്‍ അനുവദിക്കരുത്. സമ്പത്തിനെച്ചൊല്ലി കലഹിച്ച് കുടുംബങ്ങള്‍ തകരുന്നത് സമൂഹത്തില്‍ പതിവായിരിക്കുന്നു. മനുഷ്യജീവിതം സമ്പത്തിനുവേണ്ടി മാത്രമുള്ളതല്ലല്ലോ. അവിടുന്ന് ഭൗമിക സമ്പത്തിനെ നിന്ദിക്കുകയല്ല മറിച്ച് അതിനോട് അടിമപ്പെട്ടിരിക്കുന്ന രീതിയെയാണ് കുറ്റപ്പെടുത്തുന്നത്. നമുക്കുള്ള സമ്പത്ത് സഹോദരങ്ങളുമായി പങ്കുവയ്ക്കുവാന്‍ മനസ്സില്ലാതെ വരുമ്പോള്‍ അത് ബന്ധനമായിമാറുന്നു, എന്നാല്‍ പങ്കുവയ്ക്കുമ്പോള്‍ അത് അനുഗ്രഹമായി തീരുന്നു മാറുന്നു. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍...
‘നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം, അതായത് അസന്മാര്‍ഗ്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി..... ഇവയെല്ലാം നശിപ്പിക്കുവിന്‍. ഇവ നമിത്തം ദൈവത്തിന്‍റെ ക്രോധം നിങ്ങളില്‍ വന്നുചേരാതിരിക്കട്ടെ.’ കൊളോസ്സിയന്‍സ് 3, 5.

സംസ്ക്കാരത്തിന്‍റെ ശുദ്ധീകരണത്തിന് വിധേയമാകാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ കടുംവര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നതുപോലെ... ആന്തരീകതയുടെ ലോല സ്പര്‍ശമേല്‍ക്കാത്തവരാണ് ബാഹ്യമായ ആഡംബരങ്ങളില്‍ അഭിരമിക്കുന്നത്. ദൈവിക ദര്‍ശനം ലഭിച്ചൊരാള്‍ ഉണരുന്നത് ലളിതമായ ചില ജീവിത ക്രമങ്ങളിലേയ്ക്കാണ്. അതുകൊണ്ടാണ് അസ്സീസിയിലെ ഫ്രാന്‍സിസ് തന്നെ അനുഗമിക്കുന്നവര്‍ക്കുവേണ്ടി ഇങ്ങനെ കുറിച്ചത്,
“സഹോദരന്മാര്‍ ഈ ഭൂമിയില്‍ ഒരംഗുലം മണ്ണുപോലും സ്വന്തമാക്കാതിരിക്കട്ടെ. ഈ ഭൂമിയില്‍ അവര്‍ തങ്ങളെത്തന്നെ യാത്രികരായി കരുതട്ടെ.” പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും കാലഘട്ടത്തില്‍,
ഫ്രാന്‍സിസ് നമുക്ക് ലളിതമായ ജീവിതശൈലിയുടെ അങ്കി വെച്ചുനീട്ടുന്നു. സഞ്ചാരിയുടെ ദൈവശാസ്ത്രം രൂപപ്പെടുത്തുകയാണ് പ്രധാനം.

ആവശ്യങ്ങള്‍ക്ക് അതിരുവേണം, ഒരതിര്‍ത്തിരേഖ വേണം. ‘സംതൃപ്തി’ കമ്പോളത്തിന്‍റെ ഉല്പന്നമല്ല, ഒത്തിരി ഒത്തിരി അലഞ്ഞ് ഹൃദയത്തില്‍ കണ്ടെത്തേണ്ട ഉറവപോലെയാണത്. ജീവിതകാലം മുഴുവന്‍ എന്തിനെയൊക്കെയോ നേടിയും തേടിയും, ആടിയും പാടിയും മനുഷ്യര്‍ വ്യഗ്രതപ്പെടുകയാണ്. ഒന്നോര്‍ത്താല്‍ വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ ജീവിതത്തില്‍ നമുക്ക് ആവശ്യമുള്ളൂ.
ശേഖരിക്കാനുള്ള ഒരടിസ്ഥാന ചേതന ഓരോ മനുഷ്യനും കൂടെ കൊണ്ടു നടക്കുന്നുണ്ട്. വഴിയോരങ്ങളില്‍നിന്ന് ഓരോ സാധനങ്ങള്‍ ശേഖരിച്ച് മാറാപ്പ് നിറയ്ക്കുന്ന, താളം തെറ്റിയ മനസ്സുകളെ ഇനി നാം പരിഹസിക്കരുത്.

മരുഭൂമിയില്‍ കര്‍ത്താവ് മന്നപൊഴിച്ചപ്പോള്‍ ഒരു ദിവസത്തേയ്ക്ക് മാത്രം ശേഖരിച്ചു വയ്ക്കാനായിരുന്നു ആകാശങ്ങളില്‍നിന്നുള്ള ശാഠ്യം. നാളത്തേയ്ക്കുള്ള മന്നകൂടെ എടുക്കുന്നവന്‍ മററാരുടേയോ ഇന്നത്തെ അപ്പം അപഹരിക്കുകയാണെന്ന് അര്‍ത്ഥം. അന്നന്നത്തെ അപ്പം മാത്രമാണെന്‍റെ വിഹിതം. ആകാശപ്പറവകളില്‍നിന്ന് പഠിക്കുവാന്‍ ക്രിസ്തു പറഞ്ഞിട്ടില്ലേ. പല പാഠങ്ങള്‍ അവ പഠിപ്പിക്കുന്നുണ്ടാവാം. അതിലൊന്ന് തീര്‍ച്ചയായും ഇതാണ്. നിറയെ കതിര്‍മണികളുള്ള പാടത്തില്‍നിന്നുപോലും തന്‍റെ കൊക്കിലൊതുങ്ങുന്ന കതിരുകള്‍ മാത്രമേ അവ ശേഖരിക്കുന്നുള്ളൂ. ഭൂമിനിറയെ കതിര്‍മണികളുള്ള പാടമാണ്, നമുക്കൊരു കതിര്‍മണി മാത്രം മതി, സത്യമായിട്ടും.

വിവേകാനന്ദ സ്വാമികളെ ഓര്‍മ്മിക്കുകയാണെങ്കില്‍...,. അയാള്‍ വളരെ പെട്ടെന്നായിരുന്നു യൂറോപ്പിലെങ്ങും ആത്മീയതയുടെ പര്യായമായി അദ്ദേഹം മാറിയത്. എന്നിട്ടും പേരിന്‍റെയും പെരുമയുടേയും യൗവ്വത്തില്‍ത്തന്നെ അതെല്ലാം വേണ്ടെന്നുവച്ച് അയാള്‍ ബംഗാളിലെ തന്‍റെ ഗ്രാമത്തിലേയ്ക്ക് മടങ്ങുന്നു. പുഴയോരത്തുള്ള വീട്ടില്‍ ഏതാണ്ട് ഒരൊളിച്ചു താമസം നടത്തുകയായിരുന്നു. വിദേശപത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍‍‍‍‍ അയാളെ തേടിപ്പിടിക്കുകയായിരുന്നു. ‘ഈ പുഴയോരത്തു സ്വാമികള്‍ എന്താണു ചെയ്യുന്നത?’ എന്ന ചോദ്യത്തിന്, ശാന്തമായി മറുപടി പറഞ്ഞു. ‘ഞാനോ, മരണത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്,’ എന്നായിരുന്നു.

മുന്തിരി ഇരിക്കുന്തോറും ജീര്‍ണ്ണിക്കുന്നു. വീഞ്ഞ് ഇരിക്കുന്തോറും വീര്യമാര്‍ജ്ജിക്കുന്നു. എപ്പോള്‍ മുന്തിരി പിഴിഞ്ഞാലും വീഞ്ഞുകിട്ടും. എന്നാലും ഓരോന്നിനും ഓരോ നേരമുണ്ട്. തക്ക സമയത്തു ചെയ്താല്‍ കൂടുതല്‍ അളവും ഗുണവുമുണ്ടാവും. യൗവ്വനത്തിലേ നന്മയുടെയും നിത്യതയുടെയും ഈ വെട്ടം കിട്ടിയവര്‍ ഭാഗ്യവാന്മാര്‍. യൗവ്വനത്തെ നിശ്ചയിക്കുന്നത് പ്രായമല്ല. ഹൃദയത്തിനും, ബുദ്ധിക്കും പൂര്‍ണ്ണാരോഗ്യമുള്ള കാലമെന്നര്‍ത്ഥം. അപ്പഴേ, ഏത് കടന്നുപോകുന്നു, ഏതു നിലനില്‍ക്കുന്നു എന്നൊക്കെ ധ്യാനിക്കാനാവണം, അതായിരുന്നു എല്ലാ വെള്ളിവെളിച്ചത്തില്‍നിന്നും പിന്‍വാങ്ങി സ്വാമികള്‍
പുഴയോരത്ത് എത്താനുള്ള കാരണം. മരണത്തെ ധ്യാനിക്കേണ്ടത് ധാരാളം കുഴലുകള്‍ക്കിടയില്‍ നാം ഐസിയു-വില്‍ കിടക്കുമ്പോഴല്ല, നിറയൗവ്വനത്തിലാണ്. മുപ്പത്തിമൂന്നു വയസ്സുള്ള ചെറുപ്പക്കാരന്‍ ഒലിവ് മരങ്ങള്‍ക്ക് ഇടയിലിരുന്ന് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയത് തന്‍റെ മരണത്തിനായിരുന്നുവെന്ന് മറക്കരുത്. ‘ഇപ്പോള്‍ എന്‍റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു,’ എന്നാണ് പ്രാര്‍ത്ഥനയുടെ അവസാനം ക്രിസ്തു പറഞ്ഞത്.

ദൈവം തന്‍റെ പരിപാലനയില്‍ നമുക്കു നല്കിയിട്ടുള്ള സമസ്ത സമ്പത്തിനും സമൂഹ്യവശമുണ്ട്. അതുകൊണ്ട് വസ്തുക്കളുടെ ഉപയോഗത്തില്‍, മനുഷ്യന്‍ നിയമാനുസൃതമായി സ്വന്തമാക്കിയിട്ടുള്ള ബാഹ്യവസ്തുക്കള്‍പോലും തന്‍റേതു മാത്രമായി കരുതുവാന്‍ പാടില്ല, അവ തനിക്കും മറ്റുള്ളവര്‍ക്കും ഉപയോഗിക്കുവാനുള്ളതാണ്, പങ്കുവയ്ക്കുനുള്ളതാണ്.
‘നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ സമ്പാദ്യം ഒരുക്കുവിന്‍’ എന്നാണ് ക്രിസ്തു പറഞ്ഞുവച്ചിരിക്കുന്നത്, അവിടെ സീറ്റ് ഉറപ്പിക്കുവാനല്ല, മറിച്ച് ദൈവം നമ്മുടെ ജീവിതത്തിന്‍റെ രക്ഷയായി, രക്ഷകനായി, ജീവിതത്തിന്‍റെ ഓഹരിയായി, അവിടുത്തെ കാരുണ്യത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോകണമെന്നാണ്. ഇതിനര്‍ത്ഥം, അപ്പോള്‍ ബാക്കിയുള്ളതെല്ലാം നമുക്കു ലഭിക്കും എന്നാണ്, മത്തായി 6, 33.

ദൈവിക പരിപാലനയുടെ കരങ്ങള്‍ നമുക്കായ് എപ്പോഴും തുറന്നിരിക്കുകയാണ്. അവിടുത്തെ കാരുണ്യം വലുതാണെന്ന് അറിയുന്നെങ്കില്‍,
അതേ കാരുണ്യം, നമ്മുടെ സഹോദരങ്ങളോടും കാണിക്കേണ്ടതാണ്. സ്വാര്‍ത്ഥതയില്‍ ഒന്നും എനിക്കുമാത്രമായി വാരിക്കൂട്ടാതെ, നാളെ കടന്നുപോകാവുന്ന എന്‍റെ ജീവിതത്തില്‍ സഹോദരനോടും, അയല്‍ക്കാരനോടും പരിഗണനയും പങ്കുവയ്ക്കലും ഉള്ളവനായി ജീവിക്കാം.









All the contents on this site are copyrighted ©.