2014-10-24 10:35:49

സ്നേഹജീവിതത്തിന്‍റെ കരുത്ത്
പരിശുദ്ധാത്മാവാണ്


23 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സ്നേഹജീവിതത്തിനുള്ള കരുത്തുനല്കുന്നത് പരിശുദ്ധാത്മാവാണെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 23-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്‍റെ അതിരറ്റ സ്നേഹം മാതൃകയാക്കേണ്ട ക്രൈസ്തവ ജീവിതത്തില്‍ പരിശുദ്ധാത്മചൈതന്യം അനിവാര്യമാണെന്ന് പാപ്പാ പൗലോശ്ലീഹാ എഫേസിയര്‍ക്കെഴുതിയ ലേഖനത്തെ ആധാരമാക്കിയാണ് ആഹ്വാനംചെയ്തത്.

വ്യക്തിജീവിതത്തില്‍ ദൈവസ്നേഹത്തിന്‍റെ ആന്തരീകാനുഭവം തിരിച്ചറിഞ്ഞ പൗലോസ് അപ്പസ്തോലന്‍ സകലതും ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിച്ചുവെന്നും, പിന്നെ ക്രിസ്തു അദ്ദേഹത്തിന്‍റെ ജീവിതനേട്ടവും, മറ്റെല്ലാം നഷ്ടമായും പരിണമിച്ച അനുഭവം ക്രൈസ്തജീവിതത്തിന് മാതൃകയായി പാപ്പാ വചനപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിസ്തുവില്‍ തെളിഞ്ഞ അളവറ്റ ദൈവികസ്നേഹം തിരിച്ചറിഞ്ഞ അപ്പസ്തോലന്‍ ആ ദൈവിക പ്രാഭവത്തിന്‍റെ മുന്നില്‍ മുഴംകാല്‍ മടക്കുകയും, തനിക്കു ലഭിച്ച അനുഭവവും ആന്തരിക വളര്‍ച്ചയും സകലര്‍ക്കും ഉണ്ടാകണമെന്ന് തീവ്രമായി അഗ്രഹിച്ചുകൊണ്ടുമാണ് അത് എല്ലാവരുമായി പങ്കുവച്ചുകൊണ്ട് ലോകം മഴുവനുമായി ഇറങ്ങിപ്പുറപ്പെട്ടതെന്നും വചനചിന്തയില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

ജീവിതയാത്രയില്‍ നമുക്ക് നന്മയുടെ ദിശാബോധവും കെല്പും നല്കുന്നതിന് പരിശുദ്ധാത്മാവിനെ നല്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും, അരൂപിയുടെ കെല്പില്ലാതെ നമുക്ക് മുന്നോട്ടു പോകാനാവില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
അരുപിയില്‍ നിറയാതെയും അവിടുത്തെ കൃപാസ്പര്‍ശം ഏല്‍ക്കാതെയും നമുക്ക് ക്രൈസ്തവരായിരിക്കുക സാദ്ധ്യമല്ലെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.