2014-10-23 18:56:29

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍
അസ്മരണവും തിരുനാളും


22 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ആഗോളസഭ ഒക്ടോബര്‍ 22-ാം തിയതി ബുധനാഴ്ച
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണം ആചരിച്ചു.

2014 ഏപ്രില്‍ 27-ാം പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതിനുശേഷം ആസന്നമായ പ്രഥമ ആരാധനക്രമ അനുസ്മരണവും തിരുനാളുമാണിത്.

നീണ്ട 27 വര്‍ഷക്കാലം സഭാനൗകയെ നയിച്ച പത്രോസിന്‍റെ പിന്‍ഗാമി അജപാലന തീക്ഷ്ണതകൊണ്ടാണ് ലോകശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതെങ്കിലും പ്രാര്‍ത്ഥനയുടെ പാപ്പായായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. പോളണ്ടുകാരനായ പാപ്പാ വോയ്ത്തീവാ 1978 ഒക്ടോബര്‍ 16-മുതല്‍ 2005 ഏപ്രില്‍ 2 വരെയാണ് പത്രോസിന്‍റെ അധികാരത്തില്‍ സഭാസേവനംചെയ്തത്.

ഇന്ത്യയിലേയ്ക്കു നടത്തിയ രണ്ടു യാത്രകള്‍ (1986, 1999) ഉള്‍പ്പടെ, 104 അന്തര്‍ദേശിയ അപ്പസ്തോലിക യാത്രകള്‍കൊണ്ടും ഇറ്റലിക്കകത്തു നടത്തിയ 146 ഇടയസന്ദര്‍ശനങ്ങള്‍കൊണ്ടും റോമിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 700-ലേറെ അജപാലന സന്ദര്‍ശനങ്ങള്‍കൊണ്ടും, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ലോകത്തിന്‍റെ സമാധാന ദൂതനായി മാറിയിരുന്നു.

ഘാതകനെപ്പോലും സ്നേഹിച്ച ആര്‍ദ്രമായ ക്ഷമയും കാരുണ്യവും മഹാമനസ്കതയും പാപ്പായുടെ വിശുദ്ധിക്ക് ആധാരമാണ്. 1981 മെയ് 13-ാം തിയതി ഫാത്തിമാ നാഥയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നിറഞ്ഞുനിന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ അഭിവാദ്യംചെയ്തുകൊണ്ട് പേപ്പല്‍ വാഹനത്തില്‍ നീങ്ങവെയാണ് പാപ്പായുടെ ദേഹത്ത് വെടിയുണ്ടകള്‍ പതിച്ചത്. വധശ്രമത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പാപ്പാ, ആശുപത്രിയില്‍നിന്നും പുറത്തുവന്നശേഷം വധിക്കുവാന്‍ ശ്രമിച്ച അലി ആഖാ എന്ന മനുഷ്യനെ ജയിലില്‍ ചെന്നുകണ്ട്, ആശ്ലേഷിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അലി അഖായോടുള്ള തന്‍റെ സംഭാഷണം ഹൃദയപൂര്‍വ്വമുള്ള ക്ഷമയുടെ ഒരു തുറന്ന കത്തായി പ്രസിദ്ധീകരിക്കുവാന്‍ പാപ്പാ ആഗ്രഹിച്ചിരുന്നു.

2005 ഏപ്രില്‍ 2-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കാലംചെയ്തു. മരണത്തെ തുടര്‍ന്നുണ്ടായ വേഗം വിശുദ്ധനാക്കുക, santo subito, എന്ന ജനാരവത്തെ മാനിച്ചുകൂടിയായിരിക്കണം, 5 വര്‍ഷം കഴിഞ്ഞ് മാത്രം നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന സഭാചട്ടം തെറ്റിച്ച്, അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞിട്ടുള്ള പിന്‍ഗാമിയായ ബനഡിക്ട് 16-ാമന്‍ പാപ്പാ ഉടനെതന്നെ തുടക്കമിട്ടതും വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയതും.








All the contents on this site are copyrighted ©.