2014-10-23 19:09:08

ഗ്രനെയ്ഡായുടെ പ്രധാനമന്ത്രി
പാപ്പാ ഫ്രാന്‍സിസുമായി
കൂടിക്കാഴ്ച നടത്തി


23 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കരീബിയന്‍ രാജ്യമായ ഗ്രനെയ്ഡായുടെ പ്രധാനമന്ത്രി കെയ്ത്ത് മിഷേല്‍
ഒക്ടോബര്‍ 23-ാം തിയതി രാവിലെയാണ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി സൗഹൃദകൂടിക്കാഴ്ച നടത്തിയത്.

വത്തിക്കാനുമായുള്ള നയതന്ത്രബന്ധത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച
പ്രധാനമന്ത്രി മിഷേല്‍, ദ്വീപുരാജ്യമായ ഗ്രാനഡയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസം, ആതുരശുശ്രൂഷ, രോഗീപരിചരണം, ഉപവിപ്രവര്‍ത്തനം എന്നീ മേഖലകളില്‍ കത്തോലിക്കാ സഭ ചെയ്യുന്ന നിസ്തുല സേവനങ്ങളെ അഭിനന്ദിക്കുകയും പാപ്പായ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തുവെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പ്രത്യേകമായി ഇന്നത്തെ യുവജനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പാപ്പായുമായി സംവദിച്ച പ്രധാനമന്ത്രി മിഷേല്‍, തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി എന്നിവരുമായും സാമൂഹികവും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.