2014-10-22 19:47:16

പാവങ്ങളോടുള്ള പരിഗണന
മാനവികതയുടെ നന്മയാണെന്ന്
കര്‍ദ്ദിനാള്‍ പരോളിന്‍


22 ഒക്ടോബര്‍ 2014, വത്തിക്കാന്‍
മാനവികതയുടെ നന്മ വെളിപ്പെടുത്തന്നതാണ് അഗതികളോടുള്ള അനുകമ്പയെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പ്രസ്താവിച്ചു.

രാജ്യാന്തരതലത്തില്‍ മേന്മയുള്ള ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള വത്തിക്കാന്‍റെ കുട്ടികള്‍ക്കായുള്ള ആശുപത്രിയില്‍വച്ചാണ് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

Gesu Bambino എന്ന പേരില്‍ വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള കുട്ടികള്‍ക്കായുള്ള റോമിലെ ആശുപത്രിയിലെ പ്രത്യേക ഗവേഷണ വിഭാഗം (Innovative therapies for treatment of serious diseases) ഒകോടോബര്‍ 21-ാം തിയതി ചൊവ്വാഴ്ച ഉത്ഘാടനംചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ പരോളിന്‍.

നിര്‍ദ്ദോഷികളും പാവങ്ങളുമായ കുട്ടികള്‍, പരിത്യക്തര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്കായി സമൂഹം ചെയ്യുന്ന സംഘടിതമായ നന്മയും സേവനവുമാണ് മാനവസംസ്ക്കാരത്തിന്‍റെ നന്മയും ഉന്നതിയും വെളിപ്പെടുത്തുന്നതെന്ന് ആശുപത്രിയുടെ പ്രത്യേക ഗവേഷണ വിഭാഗത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടുള്ള ഹ്രസ്വമായ ചടങ്ങില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.

ആഗോളതലത്തില്‍ സഭാമക്കള്‍ നിര്‍വ്വഹിക്കുന്ന ആതുരശുശ്രൂഷയും പാവങ്ങളുടെ പരിചരണവും സഭയുടെ ധീരമായ വിശ്വാസസാക്ഷൃമാണെന്നും,
ക്രിസ്തു പകര്‍ന്നു നല്കിയ അജപാലന സ്നേഹത്തിന്‍റെ ധൂര്‍ത്തവും മൂര്‍ത്തവുമായ പ്രതിഫലനമാണിതെന്നും കര്‍ദ്ദിനാള്‍ പരോളില്‍ റിസെര്‍ച്ച് വിഭാഗത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടു പ്രസ്താവിച്ചു.

ഇറ്റലിയില്‍നിന്നും മാത്രമല്ല യൂറോപ്പിന്‍റെയും ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കായി എത്താറുണ്ട്. 2010-ല്‍ 15 വയസ്സുകാരന്‍റെ ഹൃദയം പൂര്‍ണ്ണാമായി മാറ്റിവച്ചത് വിജയപ്രദമായതോടെ ആശുപത്രി ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.

1869-ല്‍ സ്ഥാപിതമായ ആശുപത്രി വത്തിക്കാനു പുറത്ത് സ്ഥിതിചെയ്യുന്ന സഭാസ്ഥാപനവും വസ്തുവകയുമാണ്.

പതിനൊന്നാം പിയൂസ് പാപ്പായുടെ കാലം മുതല്‍ ഇന്ന് പാപ്പാ ഫ്രാന്‍സിസിവരെ എല്ലാ പാപ്പാമാരുടെയും പ്രത്യേക ശ്രദ്ധയും പരിലാളനയും അജപാലന പിന്‍തുണയും ലഭിച്ചിട്ടുള്ള വലിയ സ്ഥാപനമാണിത്.
ജനിതോത്ഭവ രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും വിദഗ്ദ്ധന്മാരും ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള ആശുപത്രിയില്‍ ഉണ്ടെന്ന വസ്തുതയാണ് ആശുപത്രിക്ക് ആഗോള പ്രശസ്തി നേടിക്കൊടുത്തത്.








All the contents on this site are copyrighted ©.