2014-10-22 18:25:25

ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശം
പൂക്കളില്ലാത്ത തോട്ടംപോലെ


22 ഒക്ടോബര്‍ 2014, റോം
ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശം പൂക്കളില്ലാത്ത തോട്ടംപോലെയാണെന്ന്, ഇറാക്കിലെ കാല്‍ഡിയന്‍ സഭാസമ്മേളനത്തിന്‍റെ വൈസ് പ്രസിഡിന്‍റ്, ആര്‍ച്ചുബിഷപ്പ് തോമസ് മീറം പ്രസ്താവിച്ചു.

ഒക്ടോബര്‍ 21-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇറാക്കിലെ ഊര്‍മിയാ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് മീറം ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവിനോടൊത്തു വളര്‍ന്ന ക്രിസ്തീയതയാണ് മദ്ധ്യപൂര്‍വ്വദേശത്തുള്ളതെന്നും, നൂറ്റാണ്ടുകളായി അവിടെ പാര്‍ത്തിരുന്ന ജനസമൂഹത്തെ ക്രൈസ്തവരായതുകൊണ്ടും മാത്രമാണ് പീഡിപ്പിക്കുകയും, കൂട്ടക്കൊലചെയ്യുകയും നാടുകടത്തുകയും ചെയ്തതെന്ന് ആര്‍ച്ചുബിഷപ്പ് മീറം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്നും ക്രൈസ്തവരെ ‘കാഫിര്‍,’ അവിശ്വാസികളും, ഇസ്ലാമിന്‍റെ ശത്രുക്കളുമായി വിശേഷിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മതമൗലിക നയം തെറ്റാണെന്നും, പണത്തിന്‍റെയും അധികാരത്തിന്‍റെയും സ്വാധീനത്തില്‍ നടത്തപ്പെടുന്ന കിരാതമായ നരവേട്ട ഇല്ലാതാക്കണമെങ്കില്‍ ശരിയായ വിദ്യാഭ്യാസമാണ് ആവശ്യമെന്ന് ആര്‍ച്ചുബിഷപ്പ് മീറം അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.