2014-10-21 10:47:36

ശാപശൈലിയിലെ (29)
ദൈവികനീതിയുടെ പ്രതിധ്വനി


RealAudioMP3
നീതിക്കായി കേഴുന്ന മനുഷ്യന്‍ ശത്രുക്കളുടെമേല്‍ ശാപവര്‍ഷങ്ങള്‍ നടത്തുകയും ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നതാണ് ശാപസങ്കീര്‍ത്തനങ്ങള്‍. തന്‍റെ ശത്രുക്കളെ ദൈവം ശിക്ഷിക്കും, നശിപ്പിക്കും എന്നു ധ്വനിക്കുന്ന പ്രയോഗങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇവയെ ശാപസങ്കീര്‍ത്തനങ്ങള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ശത്രുവിനെ ശപിക്കുന്ന രചയിതാവ് ദൈവിക നീതിക്കായി കേഴുന്നു. അതിനാല്‍ ഇവയെ നീതിയുടെ സങ്കീര്‍ത്തനങ്ങള്‍ എന്നും പേരിട്ടിരിക്കുന്നു. എന്തു തന്നെയായിരുന്നാലും, അടിസ്ഥാനപരമായി ദൈവത്തിലുള്ള ആശ്രയം അല്ലെങ്കില്‍ ശരണമാണ് പദങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നത്. ദൈവത്തെ വിളിച്ചപേക്ഷിക്കുകയും, ദൈവത്തോട് യാചിക്കുകയും, അവിടുത്തെ സ്തുതിക്കുകയുമാണ് നീതിയുടെ അല്ലെങ്കില്‍ ശാപസങ്കീര്‍ത്തനങ്ങള്‍. ശ്രദ്ധിക്കുകയാണെങ്കില്‍
ഈ ശാപശൈലിയില്‍, ആദ്യമായി പ്രവാചക ശബ്ദമുണ്ടെന്ന് നമുക്കു മനസ്സിലാക്കാം. രണ്ടാമതായി, ശത്രുക്കളെയും ദുഷ്ടന്മാരെയും ദൈവത്തിന്‍റെതന്നെ ശത്രുക്കളായിട്ടാണ് സങ്കീര്‍ത്തകന്‍ കണക്കാക്കുന്നത്. മറ്റൊന്ന് ശാപവര്‍ഷം നടത്തുന്ന സങ്കീര്‍ത്തകന്‍, നീതിമാന്‍റെ പ്രതിനിധിയും ദൈവത്തിന്‍റെ ദാസനുമായിട്ടാണ് സ്വയം മനസ്സിലാക്കുന്നതെന്നും വ്യക്തമാകുന്നു.

137-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ് ഇന്ന് പഠനസഹായിയായിട്ട് ഉപയോഗിക്കുന്നത്. എച്ച്. രാജേഷ് ആലപിച്ചിരിക്കുന്ന പ്രശസ്തമായ സങ്കീര്‍ത്തനം മലയാളത്തില്‍ ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ ഐസക്ക് ആലഞ്ചേരിയാണ്. വിപ്രവാസത്തിന്‍റെ പരിത്യക്താവസ്ഥയില്‍ ഭീതിദനായ സങ്കീര്‍ത്തകന്‍ ജനത്തിനുവേണ്ടി കര്‍ത്താവില്‍ ശരണപ്പെടുന്നു, ആശ്രയം തേടുന്നു. By the rivers of Babylon… ബാബിലോണ്‍ നദിയുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ തമ്പുരുവും കിന്നരങ്ങളും തൂക്കിയിട്ട്, ജരൂസലേമിനെ, സിയോനെ ഓര്‍ത്തു ജനം കേഴുന്നതാണ് സങ്കീര്‍ത്തനത്തിന്‍റെ അന്തര്‍ധാര....

Musical Version of Psalm 137

ശാപശൈലികളുടെ ശരിയായ വ്യാഖ്യാനം ഗ്രഹിക്കാന്‍ ഈ ശരണഗീതം നമ്മെ സഹായിക്കും. ഉദാഹരണമായി, ‘ദൈവമേ, ഏദോമ്യര്‍ ചെയ്തതെന്തെന്ന് ഓര്‍ക്കേണമേ. അവരെ ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെ ഇടിച്ചുനിരത്തുവിന്‍’ എന്ന ശാപഭാഗം പറയുന്നത്, ‘ഞങ്ങളോടു നിങ്ങള്‍ തിന്മചെയ്തതിനാല്‍, നിങ്ങളോടു പ്രതികാരം ചെയ്യുന്നവന്‍ അനുഗൃഹീതന്‍,’ എന്നാണ് (137, 7, 8.).
ദൈവത്തോടുള്ള വാത്സല്യവും, രചനയിലെ കവിതാത്മകതയുമാണ് ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ക്ക് രചയിതാവിനെ പ്രേരിപ്പിക്കുന്നതെന്നാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്.

മറ്റൊന്ന്, ദുഷ്ടന്മാരെയും തിന്മപ്രവര്‍ത്തിക്കുന്നവരെയും തിരുത്തുക സാദ്ധ്യമല്ലെന്ന ബോധ്യവും ശാപശൈലികള്‍ മനസ്സിലാക്കാന്‍ സാഹായിക്കുന്നതാണ്. ഉദാഹരണത്തിന്, ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു. ജനനം മുതലേ, നുണപറഞ്ഞ് അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു. അവര്‍ക്കു സര്‍പ്പത്തിന്‍റേതുപോലെയുള്ള വിഷമുണ്ട് (58, 3-4), എന്നിങ്ങനെയുള്ള കഠിനമായ ശാപപ്രയോഗങ്ങളും നീതിയുടെ സങ്കീര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്.

നമ്മള്‍ സങ്കല്പിക്കുന്ന വിധത്തില്‍ മറ്റുള്ളവരെ ശപിക്കുന്നു എന്ന ബോധ്യം സങ്കീര്‍ത്തകനില്ല. അങ്ങനെയെങ്കില്‍, സങ്കീര്‍ത്തകന്‍റെ പ്രാര്‍ത്ഥന തനിക്കു തന്നെ എതിരായിത്തീരുമായിരുന്നു. ഉദാഹരണമായി, ശപിക്കുക അവന് ഇഷ്ടമായിരുന്നു. അവന്‍റെ മേല്‍ ശാപം നിപതിക്കട്ടെ. അനുഗ്രഹിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. അത് അവനില്‍നിന്ന് അകന്നു നില്ക്കട്ടെ, എന്നെല്ലാമാണ് സങ്കീര്‍ത്തകന്‍റെ പ്രയോഗങ്ങള്‍ (109, 12).

എല്ലാറ്റിലും ഉപരി വിദ്വേഷത്തിനും പ്രതികാരത്തിനും അനീതിക്കും എതിരായ പഴയ നിയമത്തിലെ അനുശാസനങ്ങള്‍, ശാപശൈലി വ്യാഖ്യാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ‘അയല്‍ക്കാരെ നീതിപൂര്‍വ്വം വിധിക്കണം. സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്... നിന്‍റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ല...’ (ലേവ്യ. 19, 15..). അതുകൊണ്ട്, ശാപസങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലത്തില്‍ സങ്കീര്‍ത്തകനില്‍ വിദ്വേഷമോ പ്രതികാരമോ ആരോപിക്കുന്നത് ശരിയായിരിക്കുയില്ല.

Musical Version of Psalm 137

സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന, ‘യാഹ്വേയുടെ അഭിമാനം,’ ‘തന്‍റെ ജനം,’ നിന്‍റെ അവകാശം, ‘നിന്‍റെ അഭിഷിക്തന്‍’ എന്നീ പ്രയോഗങ്ങള്‍ സങ്കീര്‍ത്തകന്‍റെ നിസ്വാര്‍ത്ഥതയും ദൈവത്തിന്‍റെ വിജയത്തിനും അഭിമാനത്തിനും വേണ്ടിയുള്ള ആത്മദാഹവുമാണ് പ്രതിഫലിപ്പിക്കുന്നത് (74, 1, ... 79, 13).
ഈ ശൈലികള്‍ സങ്കീര്‍ത്തകന്‍റെ ധാര്‍മ്മിക തീക്ഷ്ണതയും നീതിപൂര്‍വ്വകമായ കോപവും ദൈവത്തിനുവേണ്ടിയുള്ള അതിതീക്ഷണതയും വെളിവാക്കുന്നതാണ്. ഇവ നീതിക്കുവേണ്ടിയുള്ള മുറവിളിയും തീക്ഷ്ണമായ ആത്മദാഹവും പ്രകടമാക്കുന്നു. ഇവിടെ ഇസ്രായേലിന്‍റെ ഭക്തിയുടെ അതിപ്രസരണമാണ് നാം കാണുന്നത്. അതിതീക്ഷ്ണതയില്‍ ശാപമാകുന്ന അമ്പുകള്‍ അനീതിക്കെതിരായും, ദൈവത്തിന്‍റെ ശത്രുക്കള്‍ക്കെതിരായും സങ്കീര്‍ത്തകന്‍ തൊടുത്തു വിടുകയാണ്.


Musical Version of Psalm 137

ശരണസങ്കീര്‍ത്തനങ്ങളും ശാപസങ്കീര്‍ത്തനങ്ങളും അല്ലെങ്കില്‍ നീതിയുടെ സങ്കീര്‍ത്തനങ്ങളും, അതിനാല്‍ ഇടകലര്‍ന്നു കിടക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. വിലാപസങ്കീര്‍ത്തനങ്ങളിലും ശരണത്തിന്‍റെ ആശയം പലപ്പോഴും കാണാം. ഉദാഹരണത്തിന്, 22-ാം സങ്കീര്‍ത്തനത്തില്‍,
‘നിന്നില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ ശരണപ്പെട്ടു.
അങ്ങ് അവരെ രക്ഷിക്കുകയും ചെയ്തു. നിന്നോടവര്‍ നിലവിളിച്ചു,
അങ്ങ് അവരുടെ വിളി ശ്രവിച്ചു. നിന്നില്‍ അവര്‍ ശരണപ്പെട്ടു. അവര്‍ ലജ്ജിതരായില്ല.’ അങ്ങനെ ശരണസാക്ഷൃം പ്രകടമായിക്കാണുന്ന ശാപസങ്കീര്‍ത്തനങ്ങളിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, ദൈവമാണ് എല്ലാറ്റിന്‍റെയും കേന്ദ്രസ്ഥാനത്തെന്ന്.

ദൈവസ്നേഹവും രാജ്യസ്നേഹവുമാണ് മറ്റുപല ശാപശൈലിയുടെയും പിന്നിലെ പ്രേരകശക്തി. അതുകൊണ്ടാണ് ഈ സങ്കീര്‍ത്തനങ്ങള്‍ ധാര്‍മ്മിക നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായി പ്രയോഗിക്കപ്പെടുന്നത്. സങ്കീര്‍ത്തകന്‍ പാപിയെയും പാപത്തെയും വേര്‍തിരിച്ചു കാണുന്നില്ല. അതിനാല്‍ പാപിയോടുള്ള വെറുപ്പ് പാപത്തോടുള്ള വെറുപ്പാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. പിന്നെ സങ്കീര്‍ത്തകന്‍ നീതിമാന്‍റെ പ്രതിനിധിയും ദൈവത്തിന്‍റെ ദാസനുമായിട്ടാണ് സ്വയം മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ നീതിമാനു വിജയവും ദുഷ്ടന് ശിക്ഷയുമാണ് അയാള്‍ ആഗ്രഹിക്കുന്നതും, അത് രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, വ്യക്തിക്കെതിരായ ശാപമല്ല നാം ഇതില്‍ കാണുന്നത്, മറിച്ച് വ്യക്തിയുടെ തിന്മയ്ക്കെതിരായ ശാപശരങ്ങളാണ്. തിന്മയുടെ ശക്തികള്‍ ചുറ്റും ഉയരുമ്പോഴും, തിന്മ വിജയിക്കുന്നു എന്നു തോന്നുമ്പോഴും സങ്കീര്‍ത്തകന്‍ ശരണപ്പെടുന്നതും ആവലാതിപ്പെടുന്നതും ദൈവത്തോടുതന്നെയാണ്, എന്ന വസ്തുത ശാപസങ്കീര്‍ത്തനങ്ങളുടെ ദൈവാവിഷ്ക്കരണം വ്യക്തമാക്കുന്നു, വെളിപ്പെടുത്തുന്നു.

Musical Version of Psalm 137

അവസാനമായി, ശാപശൈലികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന സത്യം ഇതാണ്. സ്നേഹത്തിന്‍റെയും നീതിയുടെയും അടിസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുകയും നീതിമാന്‍ അതിനീചവും ക്രൂരവുമായി ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ നീതിമാനായ ദൈവത്തിന് മൗനമായിരിക്കുവാന്‍ സാധിക്കില്ല. അവിടുന്ന് വിധിയാളനായ ദൈവമായി, സര്‍വ്വശക്തിയിലും പ്രതാപത്തിലും പ്രത്യക്ഷപ്പെടും. ഈ സത്യം അസ്വസ്ഥത ഉളവാക്കുമെങ്കിലും, അത് സ്വീകരിക്കപ്പെടേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍ നീതിയുടെ സങ്കീര്‍ത്തനങ്ങളിലെ ശാപശൈലികളില്‍ ഒളിഞ്ഞിരിക്കുന്ന ദൈവാവിഷ്ക്കരണം നമുക്കും വെളിപ്പെട്ടു കിട്ടും.




അങ്ങനെ, സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങളും, അവയിലെ ദൈവശാസ്ത്രം അല്ലെങ്കില്‍ ദൈവാവിഷ്ക്കാരത്തെക്കുറിച്ചും മനസ്സിലാക്കിയശേഷം,
ഇനി നാം സങ്കീര്‍ത്തന പഠനത്തിന്‍റെ സൂക്ഷമ ഭാഗത്തേയ്ക്ക് കടക്കുകയാണ്.
അതായത്, നാം ഇനി സങ്കീര്‍ത്തനങ്ങള്‍ ഒന്നൊന്നായി അടുത്ത പ്രക്ഷേപണം മുതല്‍ പഠിക്കുകയും വിശദീകരിക്കുകയും ചെയ്യും.


Musical Version of Psalm 137

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

എക്കാലത്തും മനുഷ്യമനസ്സുകള്‍ക്ക് കുളിര്‍മ്മയും പ്രത്യാശയും നല്കിയിട്ടുള്ള 23-ാമത്തെ സങ്കീര്‍ത്തനത്തെ വ്യാഖ്യാനിച്ചുകൊണ്ട് സങ്കീര്‍ത്തനങ്ങളുടെ പഠനം ഇനിയും അടുത്തയാഴ്ചയില്‍....









All the contents on this site are copyrighted ©.