2014-10-21 19:19:27

പാപ്പാ ഫ്രാന്‍സിസ്
തുര്‍ക്കി സന്ദര്‍ശിക്കും
വിശദാംശങ്ങള്‍
പ്രസിദ്ധീകരിച്ചു


21 ജൂണ്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ തുര്‍ക്കി സന്ദര്‍ശനം - വിശദാംശങ്ങള്‍ വത്തിക്കാന്‍ വെളിപ്പെടുത്തി.
നവംബര്‍ 28-മുതല്‍ 30-വരെ - വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് മദ്ധ്യപൂര്‍വ്വദേശ രാജ്യമായ തുര്‍ക്കിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. തുര്‍ക്കി ഭരണകൂടത്തിന്‍റെയും, അവിടത്തെ ക്രൈസ്തവസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെയും മെത്രാന്‍ സംഘത്തിന്‍റെയും സംയുക്ത ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തുര്‍ക്കിയിലെത്തുന്നത്. അങ്കാറാ, ഇസ്താംബൂള്‍ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പാപ്പായുടെ പരിപാടികള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

28 നവംബര്‍ വെള്ളി
28-ാം തിയതി വെള്ളിയാഴ്ച രാവിലെ റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് പ്രാദേശികസമയം 1 മണിയോടെ അങ്കാറാ നഗരത്തില്‍ പാപ്പാ വിമാനമിറങ്ങും. തുര്‍ക്കിയുടെ രാഷ്ട്രപിതാവായ മുസ്തഫാ കെമാല്‍ അറ്റാത്തുര്‍ക്കിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചശേഷം, പ്രസിഡന്‍റ് റിചേപ് തായിപ്പ് ഏര്‍ദോഗാന്‍റെ മന്ദിരത്തേലേയ്ക്ക് പാപ്പാ യാത്രയാകും. ഔദ്യോഗിക സ്വീകരണച്ചടങ്ങുകള്‍ക്കുശേഷം, പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും. തുര്‍ന്ന് തുര്‍ക്കി ഭരണകൂടത്തെ അഭിസംബോധനചെയ്യും. പ്രധാനമന്ത്രി – അഹമ്മദ് ദൗതൊളുവുമായും പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തും. തുര്‍ക്കിയുടെ മതാന്തരകാര്യങ്ങള്‍ക്കായുള്ള പ്രസിഡന്‍റ് മെഹമ്മദ് ഗൊര്‍മേസ്സുമായുള്ള പാപ്പാ കൂടിക്കാഴ്ച നടത്തും.

29 നവംബര്‍ ശനി
രണ്ടാം ദിവസം ശനിയാഴ്ച ഇസ്താംബൂളിലെത്തി എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തും. ഹാഗിയ സോഫിയ മ്യൂസിയം, സുള്‍ത്താന്‍ അഹമ്മദി മോസ്ക്ക്, ബ്ലൂ മോസ്ക്ക് എന്നിവ പാപ്പായുടെ ശനിയാഴ്ച രാവിലത്തെ പരിപാടിയില്‍ ഉള്‍പ്പെടും. തുടര്‍ന്ന് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള കത്തോലിക്കാ ഭദ്രാസന ദേവാലയത്തില്‍ പാപ്പാ ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും. ഉച്ചതിരിഞ്ഞ് പാത്രിയാര്‍ക്കല്‍ മന്ദിരം സന്ദര്‍ശിച്ച്, അവിടെ നടത്തപ്പെടുന്ന സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷം, പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമനുമായി പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തും.

30-ാം തിയതി ഞായറാഴ്ച
തുര്‍ക്കിയിലെ സഭാപ്രതിനിധികള്‍ക്കൊപ്പം പാപ്പാ രാവിലെ സമൂഹബലിയര്‍പ്പിക്കും. തുടര്‍ന്ന് സെന്‍റ് ജോര്‍ജ്ജ് ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെടുന്ന സഭൈക്യ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പാപ്പാ ആശീര്‍വ്വാദം നല്കും. കിഴക്കന്‍ സഭയുമായി പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയില്‍ പാപ്പാ ഒപ്പുവയ്ക്കും. വൈകുന്നേരം, ഇസ്താബൂളിലെ എയര്‍പ്പോര്‍ട്ടിലെ ഔദ്യോഗിക ചടങ്ങള്‍ക്കുശേഷം റോമിലേയ്ക്കു മടങ്ങും. പ്രാദേശിക സമയം വൈകുന്നേരം 6.40 ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ ഫ്രാന്‍സിസ് റോഡുമാര്‍ഗ്ഗം വത്തിക്കാനിലെത്തും.








All the contents on this site are copyrighted ©.