2014-10-17 13:36:04

അമ്മത്രേസ്യായുടെ
അഞ്ചാം ജന്മശതാബ്ദി
ആവിലായിലേയ്ക്ക്
പാപ്പായുടെ സന്ദേശം


15 ഒക്ടോബര്‍ 2014, വത്തിക്കാന്‍
അമ്മത്രേസ്യായുടെ അണയാത്ത ആത്മീയ പൈതൃകം ഇനിയും കൈമാറണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വേദപാരംഗതയും കര്‍മ്മലീത്താ ആദ്ധ്യാത്മികതയുടെ നവോത്ഥാരകയുമായ ആവിലായിലെ അമ്മത്രേസ്യായുടെ 5-ാം ജന്മശതാബ്ദി ഒക്ടോബര്‍
15-ാം തിയതി ബുധനാഴ്ച ആരംഭിച്ചതിനോട് അനുബന്ധിച്ച്, ആവിലായിലെ മെത്രാപ്പോലീത്തായ്ക്കും സ്പെയിനിലെ മെത്രാന്‍ സംഘത്തിനുമായി അയച്ച സന്ദേശത്തിലാണ്, ഇന്നും പ്രബോധിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട അമ്മത്രേസ്യായുടെ ധ്യാനാത്മക ജീവിതത്തെക്കുറിച്ചും, ആദ്ധ്യാത്മികതയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചത്.

അമ്മത്രേസ്യ തന്‍റെ ജീവിതത്തിലൂടെയും രചനകളിലൂടെയും പകര്‍ന്നു തന്ന ആത്മീയാനന്ദം, പ്രാര്‍ത്ഥനയിലൂടെ എത്തിച്ചേരേണ്ട ദൈവികൈക്യം, സാഹോദരസ്നേഹം, കൃപയുടെ സാന്നിദ്ധ്യം എന്നിവ കാലികവും മനുഷ്യജീവിതത്തിന് ഇന്നും ദിശാബോധംനല്കാന്‍ കെല്പുള്ളതുമായ ആത്മീയതയാണെന്ന് സന്ദേശത്തില്‍ പാപ്പാ വിശേഷിപ്പിച്ചു.

ആഗോളസഭയ്ക്കും കര്‍മ്മല കുടുംബത്തിനും ധ്യാനാന്മക ജീവിതത്തിന്‍റെ അടരുകള്‍ പകര്‍ന്നു നല്കിയ ആത്മീയധാമമായ ഈശോയുടെ വിശുദ്ധ അമ്മ ത്രേസ്യായ്ക്ക് ജന്മംനല്കിയ ആവിലാ നഗരത്തിലെ ജനങ്ങള്‍ക്കും, സ്പെയിനിലെ വിശ്വാസസമൂഹത്തിനും, ആഗോള കര്‍മ്മല കടുംബത്തിനും വിശുദ്ധയുടെ 500-ാം ജന്മവാര്‍ഷികാഘോഷാവസരത്തില്‍ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ നേരുകയും, അപ്പോസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.