2014-10-16 18:28:23

റോം ഒരുങ്ങുന്നു :
പോള്‍ ആറാമന്‍ പാപ്പായുടെ
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം


16 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ധന്യനായ പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനായി റോമാ നഗരം ഒരുങ്ങുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കരങ്ങളുയര്‍ത്തി ആശീര്‍വ്വദിച്ചുകൊണ്ട് ഉയര്‍ന്നുനില്ക്കുന്ന പോള്‍ ആറാമന്‍ പാപ്പായുടെ ബഹുവര്‍ണ്ണ ഛായാചിത്രമാണ് തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുകയും പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തെക്കുറിച്ച് അനുസ്മരിപ്പിക്കുകയും ചെയ്യുന്നത്.

വത്തിക്കാന്‍റെ തപാല്‍ വിഭാഗം philatelic പുറത്തിറക്കിയ വര്‍ണ്ണസ്റ്റാമ്പുകളും, നാണയനിര്‍മ്മാണ വിഭാഗം numesmatic നിര്‍മ്മിച്ച വെള്ളിനാണയങ്ങളും മൂര്‍ച്ചയുള്ള മനസ്സാക്ഷിയുടെ ഉടമയെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വടക്കെ ഇറ്റലിക്കാരന്‍ പാപ്പാ മൊന്തീനിയുടെ സ്മരണാര്‍ത്ഥം പുറത്തിറങ്ങിക്കഴിഞ്ഞു.

വത്തിക്കാന്‍ സൂനഹദോസിന്‍റെ പാപ്പായെ അടുത്തറിയുന്ന സഹകാരിയായിരുന്ന ഫ്രാന്‍സീസ്ക്കന്‍ സഭാംഗം മോണ്‍സീഞ്ഞോര്‍ ജ്യാന്‍ഫ്രാങ്കോ ഗ്രേക്കോ രചിച്ച ‘കണ്ടു വിശ്വസിച്ചു’ (Ho visto e creduto) എന്ന ഗ്രന്ഥം മുതല്‍ വിവിധ ഭാഷകളിലായി ധാരാളം പുസ്തകങ്ങളും ധന്യനായ പോള്‍ ആറാമന്‍റെ ബഹുമാനാര്‍ത്ഥം പുറത്തിറങ്ങിക്കഴിഞ്ഞു.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള വത്തിക്കാന്‍ സംഘം സമര്‍പ്പിച്ച ധന്യനായ പോള്‍ ആറാമന്‍ പാപ്പായുടെ മാദ്ധ്യസ്ഥത്തില്‍ സ്വീകരിച്ച അത്ഭുതരോഗ ശാന്തി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചശേഷം 2014, മെയ് 9-ാം തിയതി പുറത്തിറക്കിയ ഡിക്രി പ്രകാരമാണ്, ഒക്ടോബര്‍ 19-ാം തിയതി ഞായറാഴ്ച പുണ്യശ്ലോകനായ പാപ്പായെ വാഴത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്താന്‍ നടപടിയായത്.
ജന്മനാടായ ഇറ്റിലിയുടെ, വിശിഷ്യ വടക്കെ ഇറ്റലിയിലെ ബ്രേഷ്യാ നഗരവാസികളുടെ ആത്മീയ പുത്രനാണ് പോള്‍ ആറാമന്‍ പാപ്പാ.








All the contents on this site are copyrighted ©.