2014-10-16 09:27:20

കുടുംബങ്ങളുടെ രൂപീകരണത്തില്‍
സഭയ്ക്ക് വീഴ്ചവന്നെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


16 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കുള്ള ക്രമാനുഗതമായ രൂപീകരണപദ്ധതി അവഗണിച്ചതില്‍ ഖേദിക്കുന്നുവെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍,
കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

കുടുംബങ്ങള്‍ക്കുള്ള രൂപീകരണം വിവാഹത്തിന് ഒരുക്കാമായ ചെറിയ കോഴ്സ് മാത്രമായി ഒതുങ്ങിപ്പോയത്, ഉത്തരവാദിത്വപ്പെട്ടവര്‍ സഭാപ്രബോധനങ്ങള്‍ ശ്രദ്ധിക്കാതെ വന്നതിനാലും, നടപ്പാക്കാതെ പോയതിനാലുമാണെന്ന് ഏഷ്യയിലെ ദേശീയ മെത്രാന്‍ സമിതകളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1981-ല്‍ കുടുംബങ്ങള്‍ക്കും അജപാലകര്‍ക്കുമായി പുറത്തിറക്കിയ അപ്പസ്തോലിക പ്രബോധനം Familiaris Consortio ‘കുടുംബങ്ങളുടെ കൂട്ടായ്മ’- ആവശ്യപ്പെട്ടതനുസരിച്ച് മൂന്നു ഘട്ടമായിട്ട് - വളരെ അകന്നും, അടുത്തും, പിന്നെ വിവാഹത്തിനു തൊട്ടുമുന്‍പുമായി അര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടേതായ വീക്ഷണത്തില്‍ രൂപീകരണം നല്കേണ്ടതായിരുന്നു.

അതില്‍ വന്ന വീഴ്ചയ്ക്കും അശ്രദ്ധയ്ക്കുമുള്ള മാപ്പ് കുടുംബങ്ങളോടുതന്നെ സഭ യാചിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഒക്ടോബര്‍ 14-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തില്‍ വിവിധ ഘട്ടങ്ങളില്‍ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ അജപാലകര്‍ക്ക് മനസ്സിലാക്കാവുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണെന്നും,
അതിനാല്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ‘സാകല്യദര്‍ശന’ത്തോടെ, ‘സാകല്യസംസ്ക്കാര’ത്തോടെ inclusive perspective അജപാലകര്‍ കുടുംബപ്രേഷിതത്വത്തില്‍ വ്യാപൃതരാകുന്നതാണ് അഭികാമ്യമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.