2014-10-16 09:08:18

അഭിപ്രായ ഭിന്നതികളിലും
സിനഡ് ക്രമാനുഗതമെന്ന്
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി


15 ഒക്ടോബര്‍ 2014, വത്തിക്കാന്‍
മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിന്‍റെ നടപടിക്രമങ്ങള്‍
സുഗമമായി മുന്നേറുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

ഒക്ടോബര്‍ 14-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അറിയിച്ചത്.

കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്‍റെ പ്രമാണരേഖ, Instrumentum Laboris-നെ ആധാരമാക്കിയുള്ള ആദ്യവാര സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി,
അതില്‍ ഉരുത്തിരിഞ്ഞ മദ്ധ്യഘട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട, (Relatio post dis-cepta-tionem Report after the Debate) വിവാഹമോചിതര്‍, മിശ്രവിവാഹിതര്‍, സ്വവര്‍ഗ്ഗ വിവാഹത്തിലേര്‍പ്പെടുന്നവര്‍, അവിവാഹിതരുടെ സഹവാസം എന്നിവയോടുള്ള സഭയുടെ നവമായ അജപാലനനയം സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളുടെയും വിഭിന്നമായ അഭിപ്രായങ്ങളുടെയും വെളിച്ചത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി, സിനഡിനുവേണ്ടി ഇങ്ങനെ പ്രസ്താവന ഇറക്കിയത്.

കരടുരൂപത്തിലുള്ള റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുന്നതില്‍ ആശ്ചര്യപ്പെടരുതെന്നും അത് സ്വാഭാവികമാണെന്നും; തിങ്കളാഴ്ച മുതല്‍ പുരോഗമിക്കുന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ഗ്രൂപ്പു ചര്‍ച്ചകളുടെ അഭിപ്രായ സമന്വയീകരണം സിനഡിന്‍റെ പൊതുസമ്മേളനം വ്യാഴാഴ്ച, 16-ാം തിയതി പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫീസില്‍ നടന്ന
വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.








All the contents on this site are copyrighted ©.