2014-10-14 15:50:13

ദൈവം മനുഷ്യനെ ശപിക്കുമോ (27)
എന്ന ചിന്തയും ശാപസങ്കീര്‍ത്തനങ്ങളും


RealAudioMP3
യാചനാ സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരവും അവയിലെ ദൈവശാസ്ത്ര സമീപനവും കണ്ടശേഷം ഇനി, നീതിയുടെ സങ്കീര്‍ത്തനങ്ങളെക്കുറിച്ചും അവയിലെ ദൈവശാസ്ത്ര വീക്ഷണത്തെക്കുറിച്ചുമാണ് വിശകലനംചെയ്യുന്നത്. ദൈവത്തിന്‍റെ നീതിയെ പ്രഘോഷിക്കുന്ന സങ്കീര്‍ത്തനങ്ങളാണ് നീതിയുടെ സങ്കീര്‍ത്തനങ്ങള്‍. ദൈവികനീതി വെളിപ്പെടുത്തേണ്ട, അല്ലെങ്കില്‍ വെളിപ്പെടുത്തപ്പെടേണ്ട സാഹചര്യങ്ങള്‍ ദൈവത്തിന്‍റേതാണ് എന്ന ശൈലിയില്‍ സങ്കീര്‍ത്തകന്‍ ശാപവാക്കുകള്‍ രചനയില്‍ നന്നായി ഉപയോഗിച്ചുകൊണ്ട് യാഹേയോട് യാചിക്കുകയും പ്രാര്‍ത്ഥിക്കുകയും, വിലപിക്കുകയും, അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവയെ ശാപസങ്കീര്‍ത്തനങ്ങള്‍ എന്നും വിളിക്കാറുണ്ട്.

എന്താണ് ഈ ‘ശാപം’ എന്ന് നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. അനുഗ്രഹത്തിന്‍റെ വിപരീതമാണ് ‘ശാപം.’ ദൈവകോപം വന്നു ഭവിക്കുമെന്നുള്ള ഭീഷണിയാകാമത്. ദൈവശിക്ഷയെപ്പറ്റിയുള്ള പ്രവാചകപ്രഘോഷണമാകാം അത്. അതുമല്ലെങ്കില്‍, തിന്മയുടെ ഫലമായി ദൈവം ജനങ്ങളുടെമേലോ, വസ്തുക്കളുടെമേലോ അനര്‍ത്ഥങ്ങള്‍വരുത്തട്ടെ എന്നുള്ള യാചനയായിട്ടും ശാപത്തെ അല്ലെങ്കില്‍ ശാപവാക്കുകളെ നമുക്ക് മനസ്സിലാക്കാം. അനുഗ്രഹം, ആശീര്‍വ്വാദം എന്നത് രക്ഷിക്കപ്പെടുന്നതിന്‍റെ രഹസ്യം ആയിരിക്കുന്നതുപോലെ, ശാപം പരിത്യജിക്കപ്പെടുന്നതിന്‍റെ, വിശിഷ്യാ ദൈവത്താല്‍ കൈവെടിയപ്പെടുന്നതിന്‍റെ രഹസ്യമാണ്. ദൈവം നീതിയുള്ള രക്ഷകനാണ് എന്ന അവബോധമാണ് ഇത്തരത്തിലുള്ള സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവകാരണം എന്നു മനസ്സിലാക്കണം.

ഇന്ന് മാതൃകയായി ഉപയോഗിച്ചിരിക്കുന്നത് 18-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ്. എച്ച്. രേജേഷ് ആലപിച്ച ഗാനം സംവിധാനംചെയ്തത്, സണ്ണി സ്റ്റീഫനാണ്.

Musical Version of Psalm 18

കര്‍ത്താവാണെന്‍ അഭയകേന്ദ്രം
ലജ്ജിക്കില്ലൊരുനാളും ഞാന്‍
തണലായ് തുണയായ് സ്നേഹനിധിയായ്
നീതിയെഴുന്നൊരു രക്ഷകനായ്
- കര്‍ത്താവാണെന്‍

ഉല്പത്തി പുസ്തകത്തില്‍ ദൈവം സര്‍പ്പത്തെയും മണ്ണിനെയും കായേനെയും ശപിക്കുന്നതായി നാം കാണുന്നു (ഉല്പത്തി 3, 14). ഇവിടെല്ലാം ദൈവം മനുഷ്യനെ ശിക്ഷിക്കുന്നതായിട്ടാണ് വായനയില്‍ നമുക്ക് മനസ്സിലാക്കുന്നത്.
കായേന്‍റെ വാക്കുകളില്‍നിന്ന് ഇതു വ്യക്തമാണ്. ‘എനിക്കു വഹിക്കാവുന്നതിലും വലുതാണ് ദൈവമേ, ഈ ശിക്ഷ’ (ഉല്പത്തി 9, 25). അതുപോലെ ജറീക്കോ പട്ടണം പുതുക്കി പണിയുന്നവര്‍ക്കെതിരായി

ജോഷ്വാ ശാപവര്‍ഷം നടത്തുന്നുണ്ട് (ജോഷ്വാ 6, 26). നിയമലംഘകര്‍ക്കെതിരായി ലേവ്യരുടെ പുസ്തകത്തില്‍ ശാപശരങ്ങള്‍ തൊടുത്തുവിടുന്നതായും കാണാം (ലേവ്യ 26, 14-40). അന്ധരെ വഴിതെറ്റിക്കുന്നതും, പരദേശിയുടെ അവകാശങ്ങളെ അവഗണിക്കുന്നതും, അനാഥരെയും വിധവകളെയും ഞെരുക്കുന്നതുമെല്ലാം ശാപത്തിനു കാരണമാകുന്നു. അതുപോലെ നിയമാവര്‍ത്തന ഗ്രന്ഥത്തില്‍ ശാപത്തിനെതിരായ മഞ്ജരിതന്നെ കാണാം (നിയമ. 27, 15-26).

പ്രവാചക ഗ്രന്ഥങ്ങളിലും ‘ശാപശൈലികള്‍’ ധാരാളമുണ്ട്. ആമോസ് പ്രവാചകന്‍ - മൊവാബ്, യൂദാ, ഇസ്രായേല്‍ ദേശങ്ങളുടെ മേല്‍ ദൈവത്തിന്‍റെ ശിക്ഷ ഉണ്ടാകുമെന്ന് അറിയിക്കുന്നു (ആമോ, 2, 1-16). ഹോസിയാ – പുരോഹിതരെ ശാപവാക്കുകളാല്‍ കുറ്റപ്പെടുത്തുന്നു (4, 4-11). അനീതി വര്‍ത്തിക്കുന്നവര്‍ക്കെതിരായി ഏശയ്യാ ശാപവാചസ്സുകള്‍ വര്‍ഷിക്കുന്നു 9, 17- 10, 4). ജറമിയ - വ്യാചപ്രവാചകന്മാരെ ശപിക്കുന്നു. ദുഷ്ടന്മാരായ ഇടയന്മാരും എസെക്കിയേല്‍ പ്രവാചകന്‍റെ വാക്കുകളില്‍ ശാപത്തിന് ഇരയാകുന്നുണ്ട് (34, 1-10). ചുരുക്കത്തില്‍, പുരോഹിതരും പ്രാവചകരും, ഇടയന്മാരും രാജാക്കന്മാരും അനീതി പ്രവര്‍ത്തിക്കുവര്‍ ആരായാലും ശാപത്തിന് ഇരയാകുന്നു. എല്ലാ സങ്കീര്‍ത്തനങ്ങളിലും ശാപശൈലികള്‍ ഇല്ലെന്നു മനസ്സിലാക്കണം. നൂറുശതമാനവും ശാപമയമായ സങ്കീര്‍ത്തനം ഇല്ലെന്നതും ശ്രദ്ധേയമാണ്. അവസാനം മനുഷൃന്‍ തിന്മയുടെ കെണിയില്‍ നിപതിക്കാതിരിക്കുക, വ്യാജവിഗ്രഹങ്ങളുടെ പിറകെ പോകാതിരിക്കുക, കര്‍ത്താവിന്‍റെ സ്നേഹത്തില്‍ വസിക്കുക..... ഇതാണ് നീതിയുടെ സങ്കീര്‍ത്തനങ്ങളുടെ, അല്ലെങ്കില്‍ ശാപസങ്കീര്‍ത്തനങ്ങളുടെ ലക്ഷൃമെന്നും മനസ്സിലാക്കാം.

Musical Version of Psalm 18
1. ആവശ്യമെല്ലാം അറിയുന്ന താതന്‍
അനുദിനം വഴിനടത്തുന്നു
സങ്കേതമായ് സ്നേഹ സാമീപ്യമായ്
ആശ്വാസമായ് ആത്മസംഗീതമായ്
കെണികളില്‍ ഞാന്‍ വീണിടാതെ
കൈപിടിച്ചുയര്‍ത്തി.
വ്യര്‍ത്ഥവിഗ്രഹങ്ങളില്‍നി-
ന്നരുളി മോചനം.
- കര്‍ത്താവാണെന്‍

നീതിയുടെ സങ്കീര്‍ത്തനങ്ങളിലെ ശാപശൈലികള്‍ ഗ്രഹിക്കുവാന്‍ അവ ആര്‍ക്കെതിരായിട്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദുഷ്ടന്മാര്‍ക്കെതിരായിട്ടാണ്. ‘ദൈവമേ, അവിടുന്ന് ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍, കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍...’ (139, 19). അതുപോലെ, സങ്കീര്‍ത്തകരുടെ ശത്രുക്കള്‍ക്കെതിരായും ശാപശൈലികള്‍ പ്രയോഗിക്കപ്പെടുന്നു (35, 5).

‘അവിടുന്ന് എന്‍റെ ശത്രുക്കളോട് തിന്മകൊണ്ട് പകരം വീട്ടും, അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിക്കണമേ’ (54, 5). അവസാനമായി, ഇസ്രായേലിന്‍റെ ശത്രുക്കള്‍ക്കെതിരായും ശാപപ്രയോഗം നടത്തുന്നുണ്ട്. (83, 13). ‘കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ അങ്ങയെ നിന്ദിച്ചതിന് ഏഴിരട്ടിയായി പകരം ചെയ്യണമേ’ (79, 12).

ഈ പ്രയോഗങ്ങള്‍ മനസ്സിലാക്കുന്നതിനും, ഇങ്ങനെയുള്ള സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നതിനും വിശദീകരണവും വെളിച്ചവും നേടേണ്ടതാണ്. അതിന് ചരിത്രപരവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടും നമുക്ക് ആവ്ശ്യമാണ്. ശാപശൈലിയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഇനിയും നമുക്ക് പരിശോധിക്കാം. കാരണം, ആത്യന്തികമായി മറ്റു സങ്കീര്‍ത്തനങ്ങളിലേതു പോലെ തന്നെ നീതിയുടെ സങ്കീര്‍ത്തനങ്ങളും, ശാപത്തിന്‍റെ ഗീതിങ്ങളും ദൈവത്തില്‍ ശരണപ്പെടുകയാണ്.

Musical Version of Psalm 18

2. തിരുനാമമെന്നുടെ ജീവിതജയമായ്
കാരുണ്യമേകുന്ന ധനമായ്
ഹൃദയങ്ങള്‍ തന്‍ ആഴമറിയുന്നവന്‍
ദുരിതങ്ങളില്‍ വിളികേള്‍ക്കുന്നവന്‍

കരുണയോടെ കൃപകളെന്നു-
മരുളിടുന്ന നാഥാ
ദിവ്യമാം നിന്‍ സന്നിധാനം
എന്നുമെന്‍റെ ശരണം..
- കര്‍ത്താവാണെന്‍
പൗരസ്ത്യ ജനങ്ങളുടെ ഭാഷാശൈലിയും ആശയപ്രകടന രീതിയും, ഉഗ്രവും പ്രചണ്ഡവും കോപിഷ്ഠവും രൂക്ഷവും വികാരവിസ്ഫോടനാത്മകവുമാണ്. സാധാരണവും ഇടത്തരവുമായ വാക്കുകളെക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നത് ആണയിടലും ശാപവചസ്സുകളുമാണ്. മറ്റൊന്ന്, വിദ്വേഷമോ പ്രതികാരമോ അല്ല സങ്കീര്‍ത്തകന്‍റെ ഉദ്ദേശ്യം, മറിച്ച് ബാബിലോണ്‍ വിപ്രവാസത്തിലും മറ്റുമുണ്ടായ തിക്തവും ക്രൂരവും കഠോരവുമായ അനുഭവങ്ങളുടെ വിവരണമാണ്. ഉദാഹരണമായി വിപ്രവാസികളുടെ ദുരിതം നേരിട്ടു കണ്ടു മനസ്സിലാക്കിയ എസേക്കിയേല്‍ ഏഴുദിവസം സ്തബ്ധനായി കഴിഞ്ഞുവെന്നു നാം വായിക്കുന്നുണ്ട് (എസെക്കി. 3, 15). കൂടാതെ ദുഷ്ടനെ വിധിക്കുന്ന ദൈവത്തോടാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത്, ദൈവമാണ് പ്രതികാരം ചെയ്യുന്നവനെന്നും, മനുഷ്യന് അതിന് അവകാശമില്ലെന്നും പഴനിയമം വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (സുഭാ. 20, 22.). അതുകൊണ്ടാണ്. ‘ദൈവം നിന്നെ എന്നേയ്ക്കുമായി തകര്‍ക്കും’എന്നൊക്കെ സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് (52, 5).

പ്രവാചകന്‍റെ ശബ്ദമായും ശാപശൈലിയെ കാണേണ്ടതുണ്ട്. ഉദാഹരണമായി, സങ്കീര്‍ത്തകന്‍റെ ശാപവാക്യം യൂദാസില്‍ നിറവേറുന്നതായി പത്രോസ്ലീഹാ പ്രസ്താവിക്കുന്നത് നടപടി പുസ്തകം രേഖപ്പെടുത്തിയിരിക്കുന്നു (നടപടി 1, 20).
ക്രിസ്തുവിനെ പീഡിപ്പിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവന്‍റെ ഭവനം ശൂന്യമായിരിക്കട്ടെ. അരും അതില്‍ വസിക്കാതിരിക്കട്ടെ’ (നടപടി 1, 20).
അങ്ങനെ പഴയനിയമ ശാപശൈലിയുടെ പ്രയോഗം പുതിയനിയമത്തിലും കാണുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്.

Musical Version of Psalm 18

കര്‍ത്താവാണെന്‍ അഭയകേന്ദ്രം
ലജ്ജിക്കില്ലൊരുനാളും ഞാന്‍
തണലായ് തുണയായ് സ്നേഹനിധിയായ്
നീതിയെഴുന്നൊരു രക്ഷകനായ്
- കര്‍ത്താവാണെന്‍
ആവശ്യമെല്ലാം അറിയുന്ന താതന്‍
അനുദിനം വഴിനടത്തുന്നു
സങ്കേതമായ് സ്നേഹസാമീപ്യമായ്
ആശ്വാസമായ് ആത്മസംഗീതമായ്
കെണികളില്‍ ഞാന്‍ വീണിടാതെ
കൈപിടിച്ചുയര്‍ത്തി.
വ്യര്‍ത്ഥവിഗ്രഹങ്ങളില്‍നി-
ന്നരുളി മോചനം.
- കര്‍ത്താവാണെന്‍

Musical Version of Psalm 18

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.