2014-10-13 20:21:51

വചനം വിദൂദേശങ്ങളില്‍
എത്തിക്കുന്നവരാണ് മിഷണറിമാര്‍


13 ഒക്ടോബര്‍ 2014, വത്തിക്കാന്‍
വചനം വിദൂരദേശങ്ങളില്‍ എത്തിക്കുന്നവരാണ് മിഷണറിമാര്‍ എന്ന് പാപ്പാ ഫ്രാ൯സീസ് പ്രസ്താവിച്ചു. തത്തുല്യ നാമകരണ നടപടിക്രമത്തിലൂടെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട രണ്ടു കനേഡിയന്‍ വാഴ്ത്തപ്പെട്ടവരുടെ ബഹുമാനാര്‍ത്ഥം ഒക്ടോബര്‍ 12-ാം തിയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ദൈവം അവരുടെ കണ്ണകളില്‍നിന്ന് കണ്ണീരെല്ലാം തുടച്ചുമാറ്റും എന്ന ഏശയാ പ്രവാചകന്‍റെ വചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ധൈര്യപുര്‍വ്വം സുവിശേഷം ജീവിച്ചവരാണ് മിഷണറിമാരെല്ലാമെന്നും വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതുപോലെ വഴിയരുകിലേക്കും വേലിയിറമ്പിലേക്കും ഇറങ്ങിച്ചെന്ന് വിവാഹവിരുന്നിലേയ്ക്ക് ആളുകളെ ക്ഷണിച്ചവരാണ് മിഷണറിമാരെന്നും, ലോകത്തിന്‍റെ അതിരുകള്‍വരെ അവര്‍ ക്രിസ്തുവിനു സാക്ഷൃംവഹിച്ചുവെന്നും സഭ ഇറങ്ങിപ്പുറപ്പെടാനുള്ള ഈ ദൗത്യം ഏറ്റെടുക്കാതെ ഉള്ളില്‍ തന്നെ ഒതുങ്ങിടക്കുകയാണെല്ലെങ്കില്‍ അവള്‍ രോഗിയായിത്തീരാമെന്നും വചനപ്രഘോഷണമദ്ധ്യേ പാപ്പാ ഉദ്ബോധിപ്പിച്ചു.

മിഷണറിമാര്‍ എപ്പോഴും തങ്ങളുടെ നോട്ടം ക്രൂശിതനില്‍ ഉറപ്പിച്ചുകൊണ്ട് തങ്ങള്‍ സ്വീകരിക്കുന്ന നന്മ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നു. എല്ലാ വിധത്തിലുമുള്ള ബുദ്ധിമുട്ടുകളുടെ നടുവിലും പതറാതെ മുന്നേറാന്‍ ദൈവം അവര്‍ക്കു ശക്തിനല്‍കുന്നു ധൈര്യത്തോടെ മുന്നേറാ൯ മനസ്സുകാണിക്കുന്നവരെ അവിടുന്നു ക്ഷണിക്കുകയും ചെയ്യുന്നു. മിഷണറിയുടെ ജീവിതം. സ്വന്തം വീട്ടില്‍നിന്നും ജന്മനാട്ടില്‍നിന്നും വളരെ അകലങ്ങളിലാണ്. അവരുടെ ജീവ൯ നഷ്ടപ്പെട്ടെന്നും വരാം. ഈ കാലഘട്ടത്തില്‍ അങ്ങനെ ധാരാളം നമ്മുടെ സഹോദരങ്ങള്‍ മരിക്കുന്നുമുണ്ട്. ക്രിസ്തുവിന്‍റെ ജനന മരണ ഉത്ഥാനങ്ങളിലൂടെ, പെസഹാരഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്‍റെ കരുണയും സ്നേഹവും ക്ഷമയും പ്രഘോഷിക്കുക എന്നതാണ് സഭയുടെ പ്രഥമവും പ്രധാനവുമായ മിഷണറി ദൗത്യം.

രക്ഷകനായ ദൈവത്തിന്‍റെ ഹൃദയത്തില്‍നിന്നു പ്രവഹിക്കുന്ന അത്യാഗാധമായ സ്നേഹവും ദൈവവചനവും വിദൂരദേശങ്ങളില്‍ പങ്കുവയ്ക്കുന്നവരാണ് സഭയുടെ യഥാര്‍ത്ഥ മിഷണറിമാര്‍. ഇതാണ് ഫ്രഞ്ചുകാരായ മിഷണറിമാര്‍, പുണ്യാത്മാക്കളായ ഫ്രാന്‍സിസ് ലവാലും, മരിയ ഗുയായും ചെയ്തത്. ഹെബ്രായരുടെ ലേഖനത്തില്‍ പറയുന്നതു പോലെ, ‘നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നേതാക്കന്മാരെ ഓര്‍ക്കുവി൯. അവരുടെ ജീവസമര്‍പ്പണത്തിന്‍റെ ഫലം കണക്കിലെടുത്ത്, വിശ്വാസ ജീവിതത്തിന്‍റെ മാതൃകയാക്കുവിന്‍.’ ഇതാണ് ഈ അവസരത്തില്‍ നിങ്ങളോടു പറയാനുള്ളത്. മിഷണറിമാരുടെ ജീവിതം നിങ്ങളെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും, ക്രിസ്ത്വാനുകണത്തിന് നിങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്യട്ടെ. ഈ വിശുദ്ധാത്മാക്കളുടെ കഴിഞ്ഞകാല ജീവിതത്തിലെ ദുഃഖങ്ങളും സഹനങ്ങളും നിങ്ങളെ പ്രചോദിപ്പിക്കും. ക്ലേശങ്ങള്‍ നമ്മെ തളര്‍ത്തിക്കളയരുത്. അവ വലിയ പ്രതിഫലം നല്‍കുന്നതാണെന്ന് നവവിശുദ്ധര്‍ നമ്മെ പഠിപ്പിക്കുന്നു. ഈ വിശുദ്ധരെ ആദരിക്കുന്നതുവഴി അനുദിന ജീവിതത്തില്‍ നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും എളിമയോടും ഹൃദയതാഴ്മയോടും കരുണയോടുംകൂടെ അനുദിനം ജീവിക്കുവാനും സഹായകമാകട്ടെ. .ക്യുബക്കിലെ സഭ ഫലഭൂയിഷ്ടമാണ്. സഭ സുവിശേഷ ചൈതന്യത്തില്‍ ഇനിയും നിലനില്‍ക്കുവാനും വളരുവാനും ഫ്രാന്‍സിസ് ലവാലിന്‍റെയും, മരിയ ഗുയായുടെയും മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം, എന്ന ആശംസയോടെ പാപ്പാ സുവിശേഷപ്രഭാഷണം ഉപസംഹിച്ചു.
Sr. Mercylit fcc







All the contents on this site are copyrighted ©.