2014-10-11 20:28:37

ഉദാരമതിയായ യജമാനന്‍
ദൈവിക കാരുണ്യത്തിന്‍റെ മൂര്‍ത്തരൂപം


RealAudioMP3
വിശുദ്ധ മത്തായി 20, 1-16 മുന്തിരി തോട്ടത്തിലെ ജോലിക്കാര്‍

സ്വര്‍ഗ്ഗരാജ്യം തന്‍റെ മുന്തിരത്തോട്ടത്തിലേയ്ക്കു ജോലിക്കാരെ വിളിക്കാന്‍ അതി രാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശമാണ്. ദിവസം ഒരു ദാനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേയ്ക്ക് അയച്ചു. മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നല്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു. നിങ്ങളും മുന്തിരിത്തോട്ടത്തിലേയ്ക്കു ചെല്ലുവിന്‍. ന്യായമായ വേതനം ഞാന്‍ നിങ്ങള്‍ക്കു തരാം. അവരും മുന്തിരിത്തോട്ടത്തിലേയ്ക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേയ്ക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്തു.

ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേയ്ക്കിറങ്ങയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു. നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്തിന്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മരുപടി നല്‍കി. അപ്പോള്‍ യജമാനന്‍ പറഞ്ഞു, നിങ്ങളും മുന്തിരത്തോട്ടത്തിലേയ്ക്കു ചെല്ലുവിന്‍.

വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു. ജോലിക്കാരെവിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലികൊടുക്കുക. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറതന്നെ കിട്ടി. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരെ പുറുപിറുത്തു. അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലിചെയ്തുള്ളൂ. എന്നിട്ടും പകലിന്‍റെ അദ്ധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. യജമാനന്‍ ഇങ്ങനെ മറുപടി പറഞ്ഞു. സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്. നിനക്ക് അവകാശപ്പെട്ടത് വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്‍റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവാനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു. ഇപ്രകാരം പിമ്പന്മാര്‍ മുമ്പന്മാരും, മുമ്പന്മാര്‍ പിമ്പന്മാരുമാകും.

ദൈവരാജ്യത്തിന്‍റെ മൗലികവീക്ഷണം വെളിപ്പെടുത്തുന്ന ഉപമയാണ് ക്രിസ്തു ഇന്ന് സുവിശേഷത്തില്‍ നമ്മോട് പറയുന്നത് - മുന്തിരിതോട്ടത്തിലെ ജോലിക്കാരുടെ ഉപമ. ക്രിസ്തു പറഞ്ഞ ദൈവരാജ്യത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കഥയാണിത്. ജോലിക്കാരെ വിളിക്കാന്‍ ഉടമസ്ഥന്‍തന്നെ ഇറങ്ങിച്ചെല്ലുന്നു, കാര്യസ്ഥനെ പറഞ്ഞയച്ചില്ല. കരാറു പ്രകാരം ആവശ്യത്തിനു ജോലിക്കാരെ എടുത്തു. പിന്നെ ജോലിയില്ലാതെ പുറത്തു നടന്നിരുന്നവരെയും വിളിച്ച് യജമാനന്‍ ജോലികൊടുത്തു. അവരോട് അനുകമ്പ കാണിച്ചു. ജോലി സമയത്തെക്കുറിച്ചോ, വേദനത്തെക്കുറിച്ചോ ചിന്തിക്കാതെയാണ് അവര്‍ക്ക് ജോലികൊടുത്തത്. പിന്നെ, കൂലികൊടുക്കാന്‍ കാര്യസ്ഥനെ പറഞ്ഞയച്ചു.

ദിവസത്തിന്‍റെ അന്ത്യത്തില്‍, പതിനൊന്നാം മണിക്കൂറില്‍ കരാറുപ്രകാരമുള്ള തുക ആദ്യം വന്നവര്‍ക്കു കൊടുത്തു. ശ്രദ്ധേയമാകുന്ന കാര്യം, വൈകി വന്നവര്‍ക്കും അതേ തുകതന്നെ കൊടുക്കുന്നു എന്നതാണ്. ആദ്യം വന്നവര്‍ പിറുപിറുത്തു. ഇരുകൂട്ടരെയും തുല്യരായി പരിഗണിച്ചു എന്ന പിറുപിറുക്കലിനു കാരണം. ഇത് ക്രിസ്തു പഠിപ്പിക്കുന്ന ദൈവികനീതിയും കാരുണ്യവുമാണ്. ദൈവരാജ്യത്തിന്‍റെ ശൈലിയാണ്.
ലോകത്ത് ഇന്ന് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമേതെന്നു ചോദിച്ചാല്‍ കുട്ടികളും പറയും ‘പാപ്പാ ഫ്രാന്‍സിസെന്ന്’. പാപ്പായുടെ അജപാലന സ്നേഹമാണ് അദ്ദേഹത്തെ ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വ്യക്തിത്വമാക്കിയിരിക്കുന്നത്. അതിന് അടിസ്ഥാനം അദ്ദേഹത്തിന്‍റെ പാവങ്ങളോടുള്ള സ്നേഹമാണെന്നും അടിവരയിട്ടു പറയാം.
‘ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളെ പരിചരിക്കുന്ന, പാവങ്ങള്‍ക്കുവേണ്ടിയുള്ള പാവപ്പെട്ടൊരു സഭ,’ എന്നത്, പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന പ്രയോഗമാണ്.
ഇത് ദൈവിക നീതിയുടെയും കാരുണ്യത്തിന്‍റെയും വീക്ഷണമാണ്.

അര്‍ജന്‍റീനക്കാരനായ പാപ്പാ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതും, അദ്ദേഹത്തിന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം, Evangelii Gaudium ‘സുവിശേഷ സന്തോഷ’ത്തില്‍ ഉദ്ധരിക്കുന്നതുമായ പാവങ്ങളോടുള്ള സമീപനരീതി എറെ ശ്രദ്ധേയമാണ്:
ബ്യൂനസ് ഐരസിലെ വൈദികരോടും അല്മായരോടും അവിടെ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് പറയാറുള്ളത് പാപ്പാ ഫ്രാന്‍സിസ് ഇന്ന് സഭ മുഴുവനുവേണ്ടിയും ആവര്‍ത്തിക്കുന്നു. ‘നമുക്ക് മുന്നോട്ടു പോകാം, ക്രിസ്തുവിന്‍റെ സ്നേഹവും ജീവനും എല്ലാവര്‍ക്കും നല്‍കുന്നതിനുവേണ്ടി നമുക്ക് മുന്നോട്ടുപോകാം. സ്വന്തം സുരക്ഷിതത്വത്തിലേയ്ക്ക് ചുരുങ്ങുകയും അതിനോട് ഒട്ടിനില്‍ക്കുകയും ചെയ്യുന്നതിനാല്‍ അരോഗ്യപൂര്‍ണ്ണമായിരിക്കുന്ന സഭയെക്കാള്‍ അല്ലെങ്കില്‍ ക്രൈസ്തവനെക്കാള്‍ തനിക്കിഷ്ടം - തെരുവില്‍ ആയിരിന്നതുമൂലം പരുക്കു പറ്റിയ, വേദനിക്കുന്ന, അഴുക്കുപുരണ്ട സഭ’യാണെന്ന്, പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു. ‘കേന്ദ്രഭാഗത്ത് പ്രഥമ സ്ഥാനത്ത് ആയിരിക്കുന്നതിനായി വ്യഗ്രതപ്പെടുകയും തുടര്‍ന്ന് കുറെ ഒഴിവാക്കാനാവാത്ത മമതകളുടെയും നടപടിക്രമങ്ങളുടെയും വലയില്‍പ്പെട്ട് അവസാനിക്കുകയും ചെയ്യുന്ന സഭ താന്‍ ഇഷ്ടപ്പെടുന്നില്ലെ’ന്ന് പാപ്പാ സമര്‍ത്ഥിക്കുന്നു. ക്രിസ്തുവിന്‍റെ സൗഹൃദത്തില്‍നിന്നും ഉദ്ഭൂതമാകുന്ന ശക്തിയും വെളിച്ചവും സാന്ത്വനവും ലഭിക്കാതെയും, ആരുടെയും പിന്തുണയില്ലാതെ, ജീവിതത്തിന് ഒരര്‍ത്ഥവും ലക്ഷൃവുമില്ലാതെയും അനേകം മനുഷ്യര്‍, സഹോദരങ്ങള്‍ ലോകത്ത് ജീവിക്കുന്നുണ്ട്, എന്ന വസ്തുത പാപ്പാ ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുന്നു. നമ്മുടെ കണ്‍മുന്‍പില്‍ എത്രയോ പേരാണ് ഒരുനേരത്തെ ഭക്ഷണത്തിനായി കേഴുന്നത്. ഇതെല്ലാം കാണുമ്പോള്‍‍‍, ‘നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷണംകൊടുക്കുക,’ (മാര്‍ക്കോസ് 6, 37) എന്ന് ക്രിസ്തു പറഞ്ഞ വാക്കുകള്‍ അനുസ്മരിക്കേണ്ടതാണ്. വ്യാജസുരക്ഷിതത്വം നല്കുന്ന ചട്ടക്കൂട്ടില്‍ കര്‍ക്കശക്കാരായ ന്യായാധിപന്മാരും നിയമപാലകന്മാരുമായി ക്രൈസ്തവര്‍ ജീവിക്കാന്‍ ഇടയാകരുതെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നുണ്ട്. ജീവിതത്തിന്‍റെ ഭയമുണര്‍ന്ന് ക്രിസ്തുവിനോടൊത്തു ചിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ക്രൈസ്തവവീക്ഷണവും ദൈവരാജ്യത്തിന്‍റെ ശൈലിയുമെന്ന് പാപ്പാ ഫ്രാന്‍സിസ് നിരന്തരമായി ഉദ്ബോധിപ്പിക്കുന്നു.

‘വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവസഭയുടെ പങ്ക്,’ എന്ന വിഷയത്തെ ആധാരമാക്കി കേരളത്തിലെ യുവജന പ്രസ്ഥാനം കെ.സി.വൈ.എം. സംഘടിപ്പിച്ച സെമിനാരില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയുടെ അന്നത്തെ വൈസ് ചാന്‍സലര്‍
ഡോ. കെ. എസ്. രാധാകൃഷണന്‍ ഇങ്ങനെയാണ് പ്രസ്താവിച്ചത്. ‘മനുഷ്യസംസ്ക്കാരം വളരുന്നത് പരാജിതരും പാവങ്ങളായവരും അവരുടെ ജീവിതമൂല്യത്തെക്കുറിച്ച് അവബോധം നേടുമ്പോഴാണ്,’ എന്നായിരുന്നു. പിന്നെയും അദ്ദേഹം ഇങ്ങനെ തുടര്‍ന്നു. ക്രൈസ്തവ ദര്‍ശനമനുസരിച്ച് എക്കാലത്തെയും മാനദണ്ഡം എളിയവനുവേണ്ടി, പിന്നില്‍ നില്ക്കുന്നവനുവേണ്ടി എന്തുചെയ്യാന്‍ കഴിയുന്നു എന്നതാണ്. തിരസ്കൃതരും ബഹിഷ്കൃതരുമായിത്തീരുന്ന മനുഷ്യരുടെ ജീവിതത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാന്‍ നമ്മുടെ പ്രവര്‍ത്തനവും സമര്‍പ്പണവും ജീവിതവും എപ്പോള്‍ ഉതകുന്നുവോ, അപ്പോഴാണ് ക്രിസ്തുവിന്‍റെ ജീവിതത്തിനും ദര്‍ശനത്തിനും നാം സാക്ഷൃമാകുന്നത്, എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാല്‍, ഒരിക്കല്‍, ‘ഒന്നരലക്ഷം രൂപ കൊടുക്കുവാന്‍ കഴിവില്ലാത്തവര്‍ ഈ ഹോളിനു പുറത്തുപോകണമെന്ന്’ സ്ക്കൂള്‍ മാനോജരായ ക്രൈസ്തവ പുരോഹിതന്‍ പറഞ്ഞതുകോട്ടപ്പോള്‍ ഞെട്ടിപ്പോയി, എന്നാണ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ വേദിയില്‍ പ്രസ്താവിച്ചത്.
പിന്നില്‍ നില്ക്കുന്നവരുടെ കഥയാണ് നാമിന്ന് മനസ്സിരുത്തുന്ന സുവിശേഷ ഭാഗം. സ്നേഹിക്കപ്പെടാത്തവരെ അര്‍ഹതയുള്ളവരാകത്തക്കവിധം ജീവിതം ധന്യമാകണം. ദൈവരാജ്യത്തിലേയ്ക്കു സ്വീകരിക്കപ്പെടാന്‍ നിന്നുകൊടുക്കുകയാണ് വേണ്ടത് എന്നു പഠിപ്പിക്കുന്ന ക്രിസ്തുവിന്‍റെ ഉപമയാണിത്. അതുപോലെ ഉപമയ്ക്കു തൊട്ടുമുന്‍പും പിന്‍പുമുള്ള വചനഭാഗവും ഒന്നുതന്നെയാണ്.
‘മുന്‍പന്മാര്‍ പലരും പിന്‍പന്മാരും, പന്‍പന്മാരില്‍ പലരും മുന്‍പന്മാരും ആക്കപ്പെടും’ എന്നത് ഉപമ മനസ്സിലാക്കുവാനും സ്വാംശീകരിക്കുവാനുമുള്ള ഗൈഡാണ്, ആമുഖമാണ്.

ജോലിയുടെ അന്ത്യത്തിലാണ് അല്ലെങ്കില്‍ ദിവസത്തിന്‍റെ അന്ത്യത്തിലാണ്, യജമാന്‍ വേദനം നല്കാന്‍ ഭൃത്യനെ അയന്നത്. ഇത് നിത്യതയുടെ വിധിദിനത്തെ സൂചിപ്പിക്കുന്നു. ഒപ്പം, ക്രിസ്തു നിത്യതയുടെ വിധിയാളനാണെന്നും നമ്മെ അനുസ്മരിപ്പിക്കുന്നു. മനുഷ്യപുത്രന്‍ മഹത്വത്തോടെ ആഗതനാകുമ്പോള്‍ സഹോദരബന്ധിയായ ജീവിതം നയിച്ചവര്‍ക്ക് നിത്യതയുടെ സമ്മാനം നല്കും. ത്യാഗപൂര്‍വ്വം ജീവിതം സമര്‍പ്പിച്ചവര്‍ക്ക് കര്‍ത്താവ് നൂറിരട്ടിയായി പ്രതിഫലം നല്കും. ജീവിതത്തില്‍ പ്രതിഫലം മാത്രമല്ല മാനദണ്ഡം. പ്രതിഫലം നോക്കാതെ അദ്ധ്വനിക്കുന്നവര്‍ക്ക് ഉദാരമതിയായ യജമാനന്‍, ഔദാര്യത്തോടെ നല്കുന്നു. അവിടുന്ന് വന്നത് സന്തോഷം നല്കുവാനും, സന്താപം അകറ്റുവാനുമാണ്. തന്‍റെ കാരുണ്യം നമ്മുടെമേല്‍ വര്‍ഷിക്കുവാനും, പാവങ്ങളുടെയും പാപികളുടെയും രോഗികളുടെയും കണ്ണീരൊപ്പുവാനാണ്. എങ്കില്‍, അവിടുത്തെ സ്നേഹവും കാരുണ്യവും ജീവിതത്തില്‍ പങ്കുവയ്ക്കുവാനും പ്രാവര്‍ത്തികമാക്കുവാനും നമുക്കും പരിശ്രമിക്കാം.









All the contents on this site are copyrighted ©.