2014-10-09 20:03:02

കുടിയേറ്റ പ്രതിഭാസത്തില്‍
കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടണം


9 ഒക്ടോബര്‍ 2014, ജനീവ
കുടിയേറ്റ പ്രതിഭാസത്തില്‍ കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ പ്രതിനിധി,
ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

ഒക്ടോബര്‍ 8-ാം തിയതി സമ്മേളിച്ച കുടിയേറ്റത്തെയും കുടുംബത്തെയും സംബന്ധിച്ച മനുഷ്യാവകാശ കമ്മിഷന്‍റെ ചര്‍ച്ചകളിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വെളിപ്പെടുത്തിയത്.

സ്വന്തം ഭവനത്തിലും നാട്ടിലും ജീവിക്കുവാനുള്ള അടിസ്ഥാന മനുഷ്യാവകാശമാണ് പ്രത്യേക സാഹചര്യങ്ങള്‍കൊണ്ട് – കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച, പ്രകൃതിക്ഷോഭം, യുദ്ധം എന്നിവയാല്‍ നിഷേധിക്കപ്പെടുന്നത്. തുടര്‍ന്ന് സാമ്പത്തിക സുരക്ഷിതത്ത്വത്തിനായി കുടിയേറുന്ന കുടുംബങ്ങളുടെ ഭദ്രതയക്കും സുസ്ഥിതതിക്കും ഉതകുന്ന വിധത്തില്‍ ആതിഥേയരാഷ്ട്രം നയങ്ങള്‍ രൂപീകരിക്കണമെന്നും, വിശിഷ്യാ കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

ആഗോളവത്ക്കരണ പ്രതിഭാസത്തില്‍ മനുഷ്യത്വത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും ആഗോളശൃംഖല തീര്‍ക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും, കുടിയേറ്റക്കാര്‍ നേരിടുന്ന യുദ്ധത്തിന്‍റെയും, കാലാവസ്ഥകെടുതിയുടെയും സാമ്പത്തിക പരാധീനതകളുടെയും ചുറ്റുപാടുകളില്‍ അഭയാര്‍ത്ഥികളായെത്തുന്ന വ്യക്തികളോടും അവരുടെ കുടുംബങ്ങളോടും അലിവും മാന്യതയും ആതിഥേയ രാഷ്ട്രങ്ങള്‍ കാണിക്കണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തിലൂടെ സഭയോട് അഭ്യര്‍ത്ഥിച്ചു.

വത്തിക്കാനില്‍ കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സനിഡുസമ്മേളനം കൂടിയിരിക്കുന്നതിനിടയിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ജനീവയിലെ യുഎന്നിന്‍റെ ആസ്ഥാനത്ത് കുടിയേറ്റത്തിന്‍റെ സങ്കീര്‍ണ്ണ ഘടകമായ കുടുംബത്തിന്‍റെ യാതനകള്‍ സമ്മേളനത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഐക്യരാഷ്ട്ര സഭ, മനുഷ്യാവകാശ കമ്മിഷന്‍ പോലുള്ള പൊതുമേഖലാ അന്തര്‍ദേശീയ സ്ഥാപനങ്ങളിലുള്ള സഭയുടെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകള്‍ ആഗോളതലത്തില്‍ കുടുംബങ്ങളുടെ ധാര്‍മ്മിക നിലവാരവും, സത്യവും സ്വാതന്ത്ര്യവും ജീവിതമേഖലകളില്‍ നിലനിര്‍ത്തുന്നതിനും സഹായകമാണെന്നത് വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡ്, മൂന്നാം ദിവസം ഒക്ടോബര്‍ 8-ാം തിയതി രാവിലെ നടന്ന ചര്‍ച്ചകലില്‍ നിരീക്ഷിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു.









All the contents on this site are copyrighted ©.