2014-10-07 20:22:12

വിശക്കുന്ന ഏവര്‍ക്കും ഭക്ഷണം
‘കാരിത്താസി’ന്‍റെ
പുതിയ കര്‍മ്മപദ്ധതിയെ
തുണയ്ക്കണമെന്ന് പാപ്പാ


7 ഒക്ടോബര്‍ 2014, വത്തിക്കാന്‍
“വിശുക്കുന്നവര്‍ക്ക് ഭക്ഷണം” എന്ന ‘കാരിത്താസ്’ ഉപവിപ്രസ്ഥാനത്തിന്‍റെ പരിപാടിയോട് എല്ലാ ക്രൈസ്തവരും സഹകരിക്കണമെന്ന് പാപ്പാ ഫ്രാ൯സീസ് പ്രസ്താവിച്ചു.
2025 ആകുമ്പോഴേക്കും വിശപ്പുമൂലം ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ‘സേവനവാരം’ എന്ന പേരില്‍
ഒക്ടോബര്‍ 12 മുതല്‍ 19 വരെയുള്ള ഒരാഴ്ചക്കാലത്തേയ്ക്ക് വത്തിക്കാന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കാരിത്താസ്’ അന്താരാഷ്ട്ര സംഘടന ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് വീഡിയോ സന്ദേശത്തിലുടെ പാപ്പാ ഫ്രാ൯സീസ് ക്രൈസ്തവരോട് ആഹ്വാനംചെയ്തു.


‘എനിക്കു വിശന്നു, നിങ്ങള്‍ എനിക്കു ഭക്ഷിക്കുവാ൯ തന്നു,’ എന്ന ക്രിസ്തുവിന്‍റെ വചനങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കണമെന്നും, സഹോദരങ്ങള്‍ വിശപ്പു സഹിക്കുമ്പോള്‍ നിസംഗരായി നോക്കിനില്‍ക്കാ൯ പാടില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ‘വിശപ്പിനെതിരെ എല്ലാവര്‍ക്കും ഭക്ഷണം’ എന്ന പ്രസ്ഥാനത്തോട് എല്ലാ ക്രൈസ്തവരും സഹകരിക്കണമെന്നും പ്രത്യേകിച്ച് ഒക്ടോബര്‍ മാസത്തെ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് പിന്‍താങ്ങണമെന്ന് വിഡെയോ സന്ദേശത്തിലൂടെ ഏവരെയും പാപ്പാ ആഹ്വാനംചെയ്തു.

മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗമായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണം എന്ന മുദ്രാവാക്യവുമായാണ് കാരിത്താസ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അന്‍പതു രാജ്യങ്ങളിലേയ്ക്ക് കാരിത്താസ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട കര്‍ഷകരെ സഹായിക്കുക, ചെറുകിട കര്‍ഷകര്‍ക്കു നീതി നടപ്പാക്കിക്കൊടുക്കുക, ഭക്ഷണം പങ്കുവെയ്ക്കാ൯ പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ എന്നിവയില്‍ പ്രസ്ഥാനം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. കര്‍ഷകരുടെ, പ്രത്യേകിച്ച് സ്ത്രീകളായ കര്‍ഷകരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുവാ൯ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, അവകാശങ്ങളെയും ആനുകൂല്യങ്ങളെയും അതുമായ ബന്ധപ്പെട്ട നിയമങ്ങളെയുംകുറിച്ച് ബോധവത്ക്കരണം നല്‍കുക, പോഷക ആഹാരത്തിന്‍റെ കുറവു മൂലം കുട്ടികള്‍ക്കു ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ച് അറിവു നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാരിത്താസിന്‍റെ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.









All the contents on this site are copyrighted ©.