2014-10-02 19:21:32

അപടത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക്
പാപ്പായുടെ സാന്ത്വനസാമീപ്യം


2 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കപ്പലപകടത്തെ അതിജീവിച്ച അഭയാര്‍ത്ഥികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും ചെറിയ കപ്പല്‍മാര്‍ഗ്ഗം മദ്ധ്യധരണി ആഴികടന്ന് യൂറോപ്പിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ച സാധാരണക്കാരും പാവങ്ങളുമായ അഭയാര്‍ത്ഥികളില്‍ 368-പേരുടെ ജീവനാണ് 2013 ഒക്ടോബര്‍ 3-ാം തിയതി ആഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞടങ്ങിയത്.

അപകടത്തെ അതിജീവിച്ച്, അത്ഭുതകരമായി രക്ഷപ്പെട്ട കിഴക്കന്‍ ആഫ്രിക്കയിലെ 37 എരിത്രെയാ സ്വാദേശികളാണ് പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ വത്തിക്കാനിലെത്തിയതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.

ഒക്ടോബര്‍ 1-ാം തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ
പോള്‍ ആറാന്‍ ഹാളിനോടു ചേര്‍ന്നുള്ള പ്രത്യേക മുറിയില്‍ പാപ്പാ ഫ്രാന്‍സിസ് കപ്പല്‍ അപകടത്തെ അതിജീവിച്ച കുടിയേറ്റക്കാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

അവരുടെ ഭാഷയില്‍ സംവദിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെങ്കിലും,
കുടിയേറ്റത്തിന്‍റെ യാതനയും വേദനയും താന്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മനസ്സിലാക്കുന്നുവെന്നും, വത്തിക്കാന്‍റെയും പ്രാദേശീയ അധികാരികളുടെയും സഹായത്തോടെ തന്‍റെ പിന്‍തുണയും സഹായവും അവര്‍ക്കെപ്പോഴും ഉണ്ടാകുമെന്നും ഉറപ്പുനല്കിയ ശേഷമാണ് പാപ്പാ അഭയാര്‍ത്ഥികളുടെ പ്രതിനിധികളെ യാത്രയാക്കിയതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

2013 ഓക്ടോബര്‍ 3-ാം തിയതി ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ലാമ്പദൂസാ ദ്വീപിനോടു ചേര്‍ന്നാണ് ലിബിയയില്‍നിന്നും അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട ചെറിയ കപ്പല്‍ മുങ്ങിയത്.
ഇറ്റാലിയന്‍ തീരദേശ സേനയാണ് കുറെപ്പേരെയെങ്കിലും രക്ഷിച്ച് തീരത്തെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ഇറ്റലിയും, മറ്റു യൂറോപ്യരാജ്യങ്ങളു ലക്ഷൃംവച്ചുമുള്ള കുടിയേറ്റവും അതിനിടയില്‍ സമുദ്രത്തില്‍ മുങ്ങിത്താഴുന്ന ജീവിതസ്വപ്നങ്ങളും ഇന്നിന്‍റെയും തുടര്‍ക്കഥയാണ്.








All the contents on this site are copyrighted ©.