2014-09-30 20:24:49

പാപ്പായുടെ മാധ്യമദിന സന്ദേശം:
കുടുംബം - സ്നേഹം പങ്കുവയ്ക്കുന്ന
കൂട്ടായ്മയുടെ പുണ്യസ്ഥാനം


30 സെപ്തംബര്‍ 2014, വത്തിക്കാന്‍
2015-ലേയ്ക്കുള്ള ആഗോള മാധ്യമദിന സന്ദേശത്തിന്‍റെ വിഷയം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത വര്‍ഷത്തേയ്ക്കുള്ള മാധ്യമദിന സന്ദേശത്തിന്‍റെ ശീര്‍ഷകവും പ്രതിപാദ്യവിഷയവും വെളിപ്പെടുത്തിയത്.

ഓക്ടോബര്‍ 5-ന് ആരംഭിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡിന്‍റെയും, 2015-ല്‍ സമ്മേളിക്കുന്ന സാധാരണ സിനഡു സമ്മേളനത്തിന്‍റെയും പഠനവിഷയം ‘കുടുബമാ’ണ്. (അജപാലനമേഖലയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളി). ആധുനിക മാധ്യമ ശൃംഖല കൂട്ടായ്മയുടെ ഉപകരണങ്ങളാകണമെന്ന പാപ്പായുടെ 2014-ലെ സന്ദേശവും സിനഡു സമ്മേളനങ്ങളുടെ മുഖ്യവിഷയവും കണ്ണിചേര്‍ത്താണ്, ‘കുടുംബം – സ്നേഹം പങ്കുവയ്ക്കുന്ന കൂട്ടായ്മയുടെ പുണ്യസ്ഥാനം’ എന്ന വിഷയം മാധ്യമദിന സന്ദേശമായി പാപ്പാ ഫ്രാന്‍സിസ് ഒരുക്കുന്നത്.

ആഗോള മാധ്യമദിനാചരണത്തിന് ആദ്യമായി ആഹ്വാനംചെയ്തത് രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ്. പെന്തക്കൂസ്തായുടെ തലേഞായറാഴ്ചയാണ് പതിവായി ആഗോളസഭ ലോക സമ്പര്‍ക്കമാധ്യമ ദിനം ആചരിക്കുന്നതും പാപ്പായുടെ മാധ്യമദിന സന്ദേശം എല്ലാ ദേവാലയങ്ങളിലും പരസ്യമായി വായിക്കുന്നതും. 2015-ലെ ജനുവരി 24-ന്, മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ്സിന്‍റെ തിരുനാളിലാണ് പതിവുപ്രകാരം പാപ്പായുടെ മാധ്യമദിന സന്ദേശം പ്രകാശനംചെയ്യുന്നത്.

ആനുകാലിക അനുദിന സംഭവങ്ങള്‍ കുടുംബങ്ങളുടെ പ്രതിസന്ധികളാണ് കൂടുതല്‍ വെളിപ്പെടുത്തുന്നത്.
ഇന്നിന്‍റെ സാംസ്ക്കാരിക വിന്യാസങ്ങള്‍ കുടുംബത്തിന്‍റെ സാമൂഹിക നന്മ വെളിപ്പെടുത്തുകയോ അത് വിലമതിക്കുകയോ ചെയ്യുന്നില്ല. നിസ്വാര്‍ത്ഥ സമര്‍പ്പണവും പങ്കുവയ്ക്കലുമാണ് കുടുംബ ബന്ധത്തിന് ആധാരവും മാനദണ്ഡവും. ആദരവോടെ വ്യക്തികളുടെ അന്തസ്സ് മാനിച്ചുകൊണ്ട് പരസ്പര അംഗീകാരവും കൂട്ടായ്മയും സംവാദവും, നിസ്വാര്‍ത്ഥമായി പരസ്പരം സഹായിക്കാനുള്ള സന്നദ്ധതയും സേവനവും ഐക്യദാര്‍ഢ്യവും ബലപ്പെടുത്തിയെടുക്കാനാവുന്ന വേദിയാണ് കുടുംബം.

മുറിപ്പെട്ട ലോകത്ത് പാവനമായ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചും കുടുംബ ജീവിതത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ചും പ്രസ്താവിക്കാം. കുട്ടികള്‍ സമൂഹത്തിന്‍റെ വിലപ്പെട്ട ദാനമാണെന്നും ഇന്നത്തെ സമൂഹത്തെ ഓര്‍പ്പിക്കേണ്ടയിരിക്കുന്നു. നിരാശരായവരെയും പ്രതിസന്ധികളില്‍ പെട്ടവരെയും സ്നേഹത്തിന്‍റെ മനോഹാരിത പുനഃരാവിഷ്ക്കരിക്കാന്‍ കുടുംബങ്ങള്‍ക്കു സാധിക്കും. ജീവന്‍റെ മനോഹാരിതയും, സ്നേഹവും സന്തോഷവും ക്ഷമയും ജീവിക്കുകയും പങ്കുവയ്ക്കുയും ചെയ്യുന്ന മാതൃസ്ഥാനമാണ് കുടുംബം.

കുടുംബം ദൈവികദാനമാണ് എന്നും പറയാന്‍ സഭയ്ക്കും സഭാമക്കള്‍ക്കും കഴിയണം. ദാമ്പത്യജീവിതത്തിലൂടെ ദൈവാനുഭവത്തിലേയ്ക്ക് സ്ത്രീപുരുഷന്മാര്‍ക്ക് വളരാന്‍ സാധിക്കുമെന്ന് സഭ ഇനിയും മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. മനുഷ്യകുലത്തെ ഭാവിയുടെ പ്രത്യാശയിലേയ്ക്കു നയിക്കുന്ന വാതില്‍ തുറന്നുകൊടുക്കുന്നത് കുടുംബമാണ്.

Release by Archbishop Claudio Maria Celli
President Pontifical Council for Social Communications







All the contents on this site are copyrighted ©.