2014-09-29 19:50:00

പഴയതലമുറയെ
അവഗണിക്കരുത്
ഫലദായകമാകുന്ന
അവരുമായുള്ള കൂട്ടായ്മ
പുനഃസ്ഥാപിക്കണം


29 സെപ്തംബര്‍ 2014, വത്തിക്കാന്‍
വയോജനങ്ങളുമായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ വചനചിന്തകള്‍:

ഇന്നത്തെ സുവിശേഷം സൗഹൃദകൂടിക്കാഴ്ചയുടെ സന്ദേശമാണ് നല്കുന്നത്.
പ്രായമായവരുടെയും ചെറുപ്പകാരുടെയും സൗഹൃദക്കൂട്ടായ്മയാണതില്‍ പ്രതിപാദിക്കപ്പെടുന്നത്. അവിടെ സന്തോഷവും, വിശ്വാസവും പ്രത്യാശയും നിറഞ്ഞുനില്ക്കുന്നു. രണ്ടു സ്ത്രീകള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മറിയം താരുണ്യത്തിന്‍റെ പ്രതിഭാവവും, എലിസബത്ത് വാര്‍ദ്ധക്യ ധാമവുമാണ്. വാര്‍ദ്ധക്യത്തിലും സഖറിയായില്‍ തനിക്കൊരു പുത്രനെ നല്കുവാന്‍ തക്കവിധം എലിസബത്തിനോട് ദൈവം കാരുണാര്‍ദ്രനാകുന്നു, കരുണകാണിക്കുന്നു.

തന്‍റെ ചാര്‍ച്ചകാരിയെ പക്കലേയ്ക്ക്, അവരെ ശുശ്രൂഷിക്കുവാനും സഹായിക്കുവാനും, ഒപ്പം അവളില്‍നിന്നു പഠിക്കുവാനുമായി, ജീവന്‍റെ വിജ്ഞാനം സമ്പാദിക്കുവാനുമായി മറിയം ഇറങ്ങി പുറപ്പെടുകയാണ്. ദൈവം നല്കുവാന്‍ പോകുന്ന വാഗ്ദത്തനാട്ടില്‍ ദീര്‍ഘകാലം വസിക്കേണ്ടതിന്, മാതാപിതാക്കളെ ബഹുമാനിക്കണം എന്ന നാലാം പ്രമാണമാണ് ആദ്യവായനയില്‍ പ്രതിഫലിച്ചത് (പുറപ്പാട് 20, 12). മുതരിര്‍ന്നവരുടെയും ഇളയവരുടെയും തലമുറകളുടെ കൂട്ടായ്മയെ മാനിക്കാത്ത ജനതയ്ക്ക് ഭാവിയില്ല, എന്നു പാപ്പാ പ്രസ്താവിച്ചു.
ജീവന്‍റെ ദാതാക്കളായ മാതാപിതാളെ കുട്ടികളും യുവതലമുറയും നന്ദിയോടെ അനുസ്മരിക്കണം, ആദരിക്കണം. ജീവന്‍ നല്കിയവരോടു കാണിക്കുന്ന കൃതജ്ഞതയുടെ മനോഭാവം, ദൈവത്തോടുതന്നെ കാണിക്കുന്ന നന്ദിയും സ്നേഹവുമാണെന്ന്, പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇന്നിന്‍റെ സങ്കീര്‍ണ്ണമായ സാമൂഹ്യ സാംസ്ക്കാരിക ചുറ്റുപാടുകളില്‍ മാതാപിതാക്കളില്‍നിന്നും അകന്ന് സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന മക്കള്‍ ധാരാളമുണ്ട്. പഴമയുടെ പൈതൃകത്തില്‍നിന്നും പിടിവിട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയാണത്. ഇത് ചെറുപ്പക്കാരുടെ സ്വാതന്ത്രൃമോഹത്തില്‍ ഉതിരുന്ന വിയോജിപ്പിന്‍റെ വിപ്ലവമാണ്. എന്നാല്‍ തലമുറകളുടെ ഫലദായകവും സമഗ്രവുമായ കൂട്ടായ്മ പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ വ്യാജമായ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതവും, അസന്തുലിതവും അധാര്‍മ്മികവും അധികാരപ്രമത്തവുമായ സംഘര്‍ഷ സാഹചര്യവും, വിപരീതസംസ്ക്കാരവും കുടുംബങ്ങലില്‍ വളര്‍ന്നുവരുവാന്‍ ഇടയുണ്ട്.

പൗലോസ് അപ്പസ്തോലന്‍ തിമോത്തിക്കു നല്കുന്ന ഉപദേശം അന്നത്തെയും ഇന്നത്തെയും ക്രൈസ്തവസമൂഹത്തിന് ഉതകുന്നതാണ്. കുടുംബസംവിധാനമോ, തലമുറകളുടെ കൈമാറ്റശൈലിയോ ക്രിസ്തു ഇല്ലാതാക്കിയില്ല, മറിച്ച് പൂര്‍ത്തീകരിക്കുകയാണ് ചെയ്തത്. കുടുംബബന്ധത്തെക്കാള്‍, പിതാവായ ദൈവത്തോടുള്ള ബന്ധത്തിനും കൂട്ടായ്മയ്ക്കും പ്രാഥമ്യം നല്കിയ മൂല്യസംസ്കൃതിയാണ് ക്രിസ്തു രൂപപ്പെടുത്തിയത്. അവിടുത്തേയ്ക്ക് പിതാവിനോടുണ്ടായിരുന്ന സ്നേഹം നമുക്ക് കാരണവന്മാരോടും, മാതാപിക്കാളോടും സഹോദരങ്ങളോടും ഉണ്ടാകേണ്ട സ്നേഹത്തിന്‍റെയും ആദരവിന്‍റെയും പൂര്‍ത്തീകരണവും, ധാരാളിത്തവുമാണ് മാതൃകയായി പ്രതിഫലിപ്പിക്കുന്നത്.

പരിശുദ്ധാത്മ ചൈതന്യവും സുവിശേഷനിറവും കുടുംബബന്ധങ്ങളെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ നാഥനും നായകനുമായ തിമോത്തിയോടുപോലും പൗലോശ്ലീഹാ പറഞ്ഞത്, ‘മുതിര്‍ന്നവരെ ആദരിക്കുവാനും, അവരെ ചെവിക്കൊള്ളുവാനുമാണ്.

പ്രായമായവരെ പിതൃസ്ഥാനത്തും മാതൃസ്ഥാനത്തും, ഇളയവരെ സഹോദരങ്ങളായും കണ്ട് ആദരിക്കുവാനാണ്’ (1തിമോ. 5, 1). മുതിര്‍ന്നവരെ ആദരിച്ചുകൊണ്ട് ദൈവഹിതം കണ്ടെത്തുവാന്‍ പരിശ്രമിച്ച നേതാവും, അജപാലകനുമായ തിമോത്തി സമൂഹത്തില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നാണ് പൗലോസ് അപ്പസ്തോലന്‍ വാദിക്കുന്നത്. സ്നേഹത്തിലും കൂട്ടായ്മയിലും വര്‍ത്തിക്കുവാനാണ് ക്രിസ്തുസ്നേഹം നമ്മോട് ആവശ്യപ്പെടുന്നത്. ദൈവികപദ്ധതിയില്‍ താന്‍ പങ്കാളിയാകുമെന്നും രക്ഷകന്‍റെ അമ്മയാകുമെന്ന അറിവു ലഭിച്ചിട്ടും പ്രായാധിക്യത്തിലെത്തിയ ചാര്‍ച്ചക്കാരി എലിസബത്തിനെ പരിചരിക്കുവാനാണ് മറിയം കരിമിലേയ്ക്ക് ധൃതിയില്‍ പുറപ്പെട്ടുപോയതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

പുതിയതലമുറയും പഴയതലമുറയും തമ്മിലുള്ള കൂട്ടായ്മയുടെ മാതൃകയും പ്രതീകവുമാണ് മറിയം, ജീവിതപരിസരങ്ങളില്‍ യുവജനങ്ങള്‍ക്ക് പ്രചോദനമാണ് നസ്രത്തിലെ മറിയം. ഭാവിയിലേയ്ക്കു കുതിക്കുവാനുള്ള കരുത്ത് യുവതലമുറ സമൂഹത്തിനു നല്ക്കുമ്പോള്‍... പരമ്പരാഗത അറിവിനെയും അനുഭവത്തെയും ആധാരമാക്കി യുവശക്തിയെയും ചേതനയെയും ഏകോപിപ്പിക്കാന്‍ പഴമക്കാര്‍ക്ക് കരുത്തുണ്ടെന്ന്, മറന്നുപോകരുത്, എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ ഉപസംഹരിച്ചത്.

Photo : Pope Francis greets Pope Emeritus Benedict XVI who attended the world Gathering of the Elderly in Vatican on 28th September 2014.








All the contents on this site are copyrighted ©.