2014-09-27 19:09:30

ക്രിസ്തു വിരിയിച്ച ആനന്ദത്തിന്‍റെ
പാതയാണ് അനുതാപം


RealAudioMP3
വിശുദ്ധ മത്തായി 21, 28-32 ആണ്ടുവട്ടം 26-ാം വാരം
ക്രിസിതു ഫരീസേയരോടു ചോദിച്ചു, നിങ്ങള്‍ക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ ഒന്നാമന്‍റെ അടുത്തചെന്നു പറഞ്ഞു. മകനേ, ഇന്ന് നീ പോയി മുന്തിരിത്തോട്ടത്തില്‍ ജോലിചെയ്യുക. ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു.
എങ്കിലും പോയില്ല. അപ്പോള്‍ അയാള്‍ രണ്ടാമന്‍റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു, എങ്കിലും പിന്നീട് പശ്ചാത്തപിച്ച് അവന്‍ പോയി. ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്‍റെ ഇഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു. രണ്ടാമന്‍.
യേശു പറഞ്ഞു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുന്‍പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു. നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവിടുന്നില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

ജീവിതബന്ധിയായ കഥയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മോടു പറയുന്നത്. ചെറുപ്പകാലത്ത്, 5-ഉം, 6-ഉം ക്ലാസ്സുകളില്‍ പഠിക്കുന്ന കാലത്ത് സ്ക്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അമ്മ പറയും, “മകനേ, തിരിച്ചു വരുമ്പോള്‍ വൈകുന്നേരം മാര്‍ക്കറ്റില്‍നിന്നും ഒരു കിലോ കപ്പ വാങ്ങി വരാന്‍ മറക്കറുതേ, അല്ലെങ്കില്‍ അച്ചിങ്ങ വാങ്ങി വരണേ!”
“ഇല്ല, പറ്റില്ല. എനിക്ക് കളിക്കാനുണ്ട്, ഹോം വര്‍ക്കുചെയ്യാനുണ്ട്....ട്യൂഷനുണ്ട്, സ്പെഷ്യല്‍ ക്ലാസ്സുണ്ട്” എല്ലാ കാരണങ്ങളും നിരത്തിവയ്ക്കും. അവസാനം അമ്മയോട് പിണങ്ങിയായിരിക്കും അന്നത്തെ ദിവസത്തിന്‍റെ തുടക്കം. എന്നാലും അമ്മ പിന്നെയും ഓര്‍പ്പിക്കും, “മകനേ, മറക്കല്ലേ, പൈസാ നിന്‍റെ പോക്കറ്റില്‍, ഇട്ടിട്ടുണ്ട്. കാശുകളയല്ലേ... നീ വന്നിട്ടു വേണം രാത്രിത്തെ കറിവയ്ക്കാന്‍...” എന്നായി അമ്മ! കേട്ടു...കേട്ടില്ല എന്ന മട്ടില്‍ സ്ഥലംവിടും...

അവസാനം ക്ലാസ്സുകഴിഞ്ഞ് മടങ്ങുമ്പോള്‍ വൈകിയാണെങ്കിലും, കളിയുണ്ടെങ്കിലും, മഴയുണ്ടെങ്കിലും മാര്‍ക്കറ്റില്‍ കയറി പറഞ്ഞത് വാങ്ങി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍.
ഇതാ, അമ്മ വാതുക്കല്‍ കാത്തുനില്ക്കുന്നു. അരി വാങ്ങിയോ, കപ്പവാങ്ങിയോ എന്നറിയാന്‍. കൈയ്യില്‍ തൂക്കിയ സഞ്ചിയില്‍ നോക്കിയിട്ട് അമ്മ പുഞ്ചിരിക്കും. ഞാനും.....
ഈ കഥ പറയുമ്പോള്‍, ചെറുപ്രായത്തിലെ എന്‍റെ കുസൃതികളും കോപ്രായങ്ങളും കണ്ടുള്ള അമ്മയുടെ ചെറുപുഞ്ചിരിയാണ് മനസ്സില്‍ തെളിയുന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നും അമ്മ പഴയതുപോലെ എന്നെ നോക്കി ഇന്ന് പുഞ്ചിരിക്കുന്നുണ്ടാകും !!
ഫരീസേയരുടെ ഔപചാരികതയ്ക്കും, സദുക്കായരുടെ കപടഭക്തിക്കും എതിരായ വെല്ലുവിളിയായിരുന്നു ക്രിസ്തു പറഞ്ഞ കഥ. മത്തായിയുടെ സുവിശേഷത്തില്‍ മാത്രമാണ്
ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. മത്തായിയെ സംബന്ധിച്ചിടത്തോളം വളരെ താത്പര്യമുള്ള വിഷയമാണ് സമൂഹം. കാരണം, ഈ സുവിശേഷം മെനഞ്ഞെടുത്തിരിക്കുന്നത് അന്നത്തെ സാമൂഹ്യ ജീവിതവും, ജീവിത സംഭവങ്ങളും ഉള്‍ച്ചേര്‍ത്താണ്. പഴയ നിയമത്തിന്‍റെയും പുതിയനിയമത്തിന്‍റെയും സാമൂഹ്യ പശ്ചാത്തലങ്ങളെ വിശുദ്ധ മത്തായി തന്മയത്വത്തോടെ കോര്‍ത്തിണക്കി – ക്രിസ്തു പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണെന്നും, നവമായ ദൈവരാജ്യത്തിന്‍റെ സ്ഥാപകനാണെന്നും സമര്‍ത്ഥിച്ചുകൊണ്ടാണ് തന്‍റെ രചന പൂര്‍ത്തിയാക്കുന്നത്.

ജനങ്ങള്‍ ക്രിസ്തുവിന്‍റെ പിന്നാലെ പോകുന്നതു കണ്ട സാമൂഹ്യ നേതാക്കള്‍ പലരും അവിടുത്തേയ്ക്കെതിരെ പിറുപിറുത്തു. യഹൂദരുടെ സെന്‍ഹെദ്രീന്‍ സംഘത്തില്‍ ക്രിസ്തുവിന്‍റെ അധികാരത്തെപ്പറ്റി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. സ്നാപകയോഹന്നാന്‍റെ ദൗത്യനിര്‍വ്വഹണത്തെ സംബന്ധിച്ചും പലര്‍ക്കും സംശയമുണ്ടായിരുന്നു. അധികാരപ്രമത്തതയുടെ അന്നത്തെ സമൂഹ്യ ചിന്താഗതിക്കെതിരെയുള്ള കടുത്ത വിമര്‍ശനമാണ് ക്രിസ്തു പറഞ്ഞ രണ്ടു മക്കളുടെ ഉപമ.

വിപ്ലവാത്മകത തുളുമ്പിനില്ക്കുന്ന ഈ ഉപമ, തിരുവചനം യഹൂദ പ്രമാണികള്‍ക്കും ഫരിസേയര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു. സമൂഹത്തിന്‍റെ സംശുദ്ധമായ ചൈതന്യം സ്വയം ഉള്‍ക്കൊണ്ട്, എന്നാല്‍ അവിടെ നിലവിലുള്ള നേതൃത്വത്തിന്‍റെ ആഢ്യമനോഭാവത്തിന് എതിരെയാണ് ക്രിസ്തു പ്രതികരിച്ചത്. ഇടുങ്ങിയ ജാതിചിന്തയില്‍ അധിഷ്ഠിതമായ സാമൂഹികസംവിധാനം അപ്പാടെ അഴിച്ചു പണിയാതെ മനുഷ്യനു വിമോചനമില്ലെന്നും, ‘ആധികാരികത നടിച്ച് അഗ്രഹാരങ്ങളിലിരുന്ന് അധികാരം കയ്യടക്കിവയ്ക്കുന്നവര്‍ താഴേയിറങ്ങിവന്ന് ദാസ്യവേല ചെയ്യണം, സേവകരാകണം. അങ്ങനെ ദൈവരാജ്യം കൈവരിക്കണം’ എന്ന് അന്നന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ് ക്രിസ്തു ഇവിടെ. വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി സമൂഹത്തെ തങ്ങളുടെ അധീനതയിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഇക്കൂട്ടരുടെ മുഖത്തു നോക്കിയാണ് ‘വെള്ളയടിച്ച കുഴിമാടങ്ങളേ,’
എന്നു ക്രിസ്തു വിളിച്ചത്, എന്നു വിളിക്കുവാന്‍ ക്രിസ്തു ധൈര്യപ്പെട്ടത്. ആസന്നമാകുന്ന ദൈവരാജ്യത്തിന്‍റെ മഹത്വീകരണത്തിന് യോഗ്യരാകണമെങ്കില്‍ അനുതാപത്തിന്‍റെ ദിവ്യമായ പാത പിന്തുടരേണ്ടിയിരിക്കുന്നു എന്ന ആശയം പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു, ക്രിസ്തു ഉപമയിലൂടെ. അനുതപിക്കുന്നവര്‍ക്ക് ദൈവരാജ്യത്തിന്‍റെ രക്ഷ അവിടുന്ന് ഉറപ്പുനല്കുന്നു.

സുവിഷേഷകന്‍ മത്തായി രേഖപ്പെടുത്തിയിട്ടുള്ള രണ്ടു പുത്രന്മാരുടെ ഉപമയില്‍ പിതാവിന്‍റെ സ്ഥാനത്ത് പ്രതീകാത്മകമായി നിലകൊള്ളുന്നത് യോഹന്നാനാണ്. ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടിന് വഴിയൊരുക്കുവാന്‍ വന്ന യോഹന്നാന്‍‍ യൂദയാ മരുപ്രദേശത്ത് മാനസ്സാന്തരത്തിന്‍റെ സദ്വാര്‍ത്ത ഉദ്ഘോഷിച്ചു. എന്നാല്‍ അനുതാപത്തിന്‍റെ ഭാഷണത്തിനുനേരെ പലരും ചെവിയടച്ചു. ആചാരാനുഷ്ഠാനങ്ങളില്‍ തറച്ചുനിന്നവരും, വ്യവസ്ഥാപിത മതത്തിന്‍റെ ചട്ടക്കൂട്ടില്‍ സുരക്ഷിതത്വം കണ്ട കുലീനരും, സമുദായ നേതാക്കളും, വിയര്‍ക്കാതെ അദ്ധ്വാനഫലം വിഴുങ്ങിപ്പോന്ന മുതലാളികളും, വന്‍കിട വ്യാപാരികളും, രാജസേവകരുമെല്ലാമാണ് ദൈവരാജ്യത്തിന്‍റെ അനുതാപസന്ദേശം തിരസ്ക്കരിച്ചവര്‍. ഇക്കൂട്ടര്‍ ഉപമയിലെ ഒന്നാമത്തെ പുത്രന്‍റെ പ്രതിനിധികളാണ്, നന്മചെയ്യാമെന്ന് ഏറ്റിട്ടും, തോന്നിയ വഴിക്കുപോകുന്നവര്‍, തിന്മചെയ്യുന്നവര്‍.. ദൈവതിരുമുമ്പില്‍ ഇവര്‍ സ്വയം നീതിമാന്മാരെന്ന് അഭിമാനിക്കുകയും, എന്നാല്‍ മനുഷ്യന് വേണ്ടത്ര വില കല്പിക്കാതിരിക്കുയും ചെയ്യുന്ന മേലാളന്മാരാണ്. സമുദായത്തിലെ പൗരോഹിത്യം, ഭരണം, നീതിന്യായം, അദ്ധ്യാപനം, ദേവാലയശുശ്രൂഷ എന്നീ പ്രധാന ഉദ്യയോഗങ്ങളെല്ലാം ഈ വരേണ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായതിനാല്‍ താഴെക്കിടയിലുള്ളവരെ അടിച്ചമര്‍ത്തിയാണ് ഇക്കൂട്ടര്‍ കഴിഞ്ഞുകൂടിയിരുന്നത്. അവരോട് ക്രിസ്തു പറഞ്ഞു. ‘പിതാവിന്‍റെ കല്പന കേള്‍ക്കുകയും എന്നാല്‍ അനുസരിക്കാതിരിക്കുകയും ചെയ്ത ഒന്നാമത്തെ പുത്രന്‍റെ കൂട്ടരാണ് നിങ്ങള്‍, യഹോവയുടെ മുമ്പില്‍ യഥാര്‍ത്ഥ നീതിമാന്മാരെന്നു നിങ്ങള്‍ നടിക്കുന്നു. എന്നാല്‍, ഉടമസ്ഥന് അവകാശപ്പെട്ടതു കൊടുക്കാതെ മുന്തിരിത്തോട്ടം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന അത്യാര്‍ത്തിക്കാരാണ് നിങ്ങള്‍ (21, 33-24). വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിട്ടും അതില്‍ പങ്കെടുക്കുവാന്‍ കൂട്ടാക്കാത്തവരാണ് നിങ്ങള്‍, എന്നാണ് ക്രിസ്തു ഇക്കൂട്ടരെ കുറ്റപ്പെടുത്തുന്നത് (22, 1-14).

പിതാവിന്‍റെ കല്പന നിരസിച്ചുവെങ്കിലും പിന്നീട് മനസ്തപിച്ച് വയലിലേയ്ക്കു പോയ രണ്ടാമത്തെ പുത്രന്‍റെ സ്ഥാനത്ത് സമുദായ നേതൃത്വം സംസ്ക്കാരശൂന്യരെന്ന് അധിക്ഷേപിച്ചു തള്ളിയിരുന്ന ഇടയന്മാര്‍, ചുങ്കക്കാര്‍, അധകൃതര്‍ - മതം ഭ്രഷ്ഠുകല്പിച്ച് വേലികെട്ടി പുറത്താക്കിയ കുഷ്ഠരോഗികള്‍, പരസ്യപാപിനികള്‍, മനോരോഗികള്‍, അന്ധന്മാര്‍, ബധിരന്മാര്‍, മുടന്തന്മാര്‍ - ഇങ്ങനെ മനുഷ്യത്വം നിഷേധിക്കപ്പെട്ട അധഃസ്ഥിതരെയാണ്
ക്രിസ്തു ചൂണ്ടിക്കാട്ടുന്നത്. യോഹന്നാന്‍റെ സന്ദേശമൂല്യം മനസ്സിലാക്കി അതിനെ തങ്ങളുടെ ജീവിതാവസ്ഥയുമായി തുലനംചെയ്ത ഇക്കൂട്ടര്‍ക്ക് അതിന്‍റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ആ ദിവ്യസന്ദേശത്തിനു പുറകെ അവര്‍ ഓടിക്കൂടി. യോഹന്നാന്‍ ഉദ്ഘോഷിച്ച മാനസാന്തരത്തിന്‍റെ സദ്വാര്‍ത്ത അവരുടെ ഉള്‍ക്കണ്ണുകള്‍ തുറക്കാന്‍ സഹായിച്ചു.

പ്രവൃത്തിയാണ് വാക്കുകളെക്കാള്‍ ഉത്കൃഷ്ടമായിട്ടുള്ളത്. സര്‍വ്വനീതിക്കും അടിസ്ഥാനമായിട്ടുള്ളതും പ്രവൃത്തിയാണ്. വാക്കുകള്‍കൊണ്ട് ഉറപ്പുനല്കുന്ന ഫരിസേയ മനോഭാവത്തെക്കാളും, എപ്പോഴും നന്മയുള്ള പ്രവൃത്തികയാണ് കര്‍ത്താവ് ശ്രേഷ്ഠമായി കരുതുന്നത്.

മിഥ്യാബോധം അപകടകരമാണെന്നും, അത് നീര്‍ക്കുമിളപോലെ തകര്‍ന്നടിയുന്നതുമാണെന്നും കഴിഞ്ഞ ദിവസം, വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിക്കുകയായിരുന്നു. മിഥ്യബോധം നമ്മെ സത്യത്തില്‍നിന്നും അകറ്റുന്നു.
അതിനാല്‍ അനുദിന ജീവിതത്തില്‍ പ്രകനപരതയുള്ള പെരുമാറ്റവും ഉപരിപ്ലവമായ പ്രവൃത്തികളും ക്രൈസ്തവ ജീവിതത്തില്‍ ഉണ്ടാകരുതെന്നുമായിരുന്നു പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

ഉള്ളതിനെക്കുറിച്ചും ചെയ്യുന്നതിനെക്കുറിച്ചും പൊങ്ങച്ചം പറയാതെ,
സത്യസന്ധമായി നന്മചെയ്തും, പങ്കുവച്ചും, എളിയവരെ സഹായിച്ചും, സഹോദരങ്ങളെ സ്നേഹിച്ചു ജീവിച്ചുകൊണ്ട്, നമ്മുടെ ആത്മീയ ജീവിതത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കുവാനാണ് ഇന്നത്തെ വചനത്തിലൂടെ ക്രിസ്തു നമ്മെ പ്രകാശിപ്പിക്കുന്നത്. മിഥ്യയില്‍ കെട്ടിപ്പടുക്കുന്ന ജീവിതങ്ങള്‍ വഞ്ചനാത്മകവും സാങ്കല്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത് താല്ക്കാലികവും ഞൊടിയിടയില്‍ തകരുന്നതുമാണ്.
മിഥ്യയ്ക്ക് കീഴ്പ്പെട്ട് പൊങ്ങച്ചത്തില്‍ ജീവിക്കുകയും അസത്യത്തിന്‍റെ പൊയ്മുഖം പേരുകയും ചെയ്യുന്നവര്‍ ആത്മീയമായി വലിയ ദുരന്തത്തില്‍ നിപതിക്കുമെന്നതാണ് ഇന്നത്തെ വചനത്തിന്‍റെ സാരവും സാരാംശവും.

നാം പാപികളായിരിക്കെ ദൈവം നമ്മെ സ്നേഹിച്ചു. ക്രിസ്തു നമുക്കുവേണ്ടി കുരിശില്‍ മരണംവരിച്ചു. ആത്മത്യാഗത്തിലൂടെ രക്ഷപ്രദാനംചെയ്യുന്ന മഹനീയ സ്നേഹമാണ് ക്രിസ്തു പ്രദാനംചെയ്യുന്നത് .....








All the contents on this site are copyrighted ©.