2014-09-24 20:29:02

രാഷ്ട്രപുരോഗതിക്ക്
മതങ്ങള്‍ തടസ്സമല്ല
നവനിര്‍മ്മിതിയുടെ സ്രോതസ്സുക്കളാണ്


24 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 24-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാ൯സീസിന്‍റെ പൊതുകൂടിക്കാഴ്ചയില്‍ പ്രധാനമായും അല്‍ബേനിയ൯ അപ്പസ്തോലിക യാത്രയെക്കുറിച്ചാണ് സംസാരിച്ചത്. സന്ദര്‍ശനം വിജയകരമായി പുര്‍ത്തിയാക്കാ൯ സാധിച്ചതില്‍ പാപ്പാ ദൈവത്തിനു നന്ദിപറഞ്ഞു. അവിടത്തെ രാഷ്ട്രപ്രതിനിധികളുടെയും സഭാപ്രതിനിധികളുടെയും അല്മായരുടെയും സഹോദര തൂല്യമായ സ്നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും സാധിച്ചതിലുള്ള കൃതജ്ഞത പാപ്പാ വാക്കുകളില്‍ പ്രകടമാക്കി.

പീഡനത്തില്‍ കഴിഞ്ഞ ജനസമൂഹത്തെ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹമാണ് അല്‍ബേനിയ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്.
വിവിധ മതസ്ഥരായ ജനങ്ങള്‍ അവിടത്തെ മര്‍ദ്ദനങ്ങള്‍ക്കിടയിലും സമാധാനത്തിലും സാഹോദര്യത്തിലും ഒത്തൊരുമിച്ച് പാര്‍ക്കുന്നത് പ്രത്യാശപകരുന്ന അനുഭവമായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും പൊതുനന്മയ്ക്കുവേണ്ടിയുള്ള കൂട്ടായപരിശ്രമവും മതങ്ങളുടെ സൗഹാര്‍ദ്ദവും സാദ്ധ്യമാണെന്ന് അല്‍ബേനിയന്‍ ജനതയുടെ ജീവിതം സാക്ഷൃപ്പെടുത്തുന്നു. ജീവിതയാത്രയില്‍ മറ്റുള്ളവരെ പരിഗണിച്ചും സ്നേഹിച്ചും, അവരെ അവഗണിക്കാതെ കൂട്ടായി മുന്നോട്ടു ചിരിക്കുന്നതാണ് ജീവിതത്തിന്‍റെ നന്മയും നേട്ടവുമെന്ന് അല്‍ബേനിയന്‍ ജനത തെളിയിക്കന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

തിരാനയിലെ സെന്‍റ് പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അരങ്ങേറിയ വൈദിക-സന്ന്യസ്ത കൂട്ടായ്മ അവിടത്തെ രക്തസാക്ഷികളുടെ ധീരമായ വിശ്വാസസാക്ഷൃത്തിന്‍റെ അനുസ്മരണത്തിന് വേദിയൊരുക്കി. ക്രിസ്തുവിനോടുള്ള വ്യക്തിപരമായ സമര്‍പ്പണമാണ് അവരെ രക്ഷസാക്ഷിത്വത്തില്‍ എത്തിച്ചത്. ഇന്നും നാളെയുമുള്ള സഭയുടെ ശക്തി സംഘടനാ വൈഭവമല്ല, മറിച്ച് ക്രിസ്തുവിനോടുള്ള വ്യക്തഗത സ്നേഹവും സമര്‍പ്പണവുമാണെന്ന് അല്‍ബേനിയിലെ ക്രൈസ്തവസാക്ഷൃം വെളിപ്പെടുത്തന്നു. പ്രതിബന്ധങ്ങളുടേയും പ്രയാസങ്ങളുടെയും നടുവില്‍ ശക്തിപകരുന്നതും, ദൈവകകാരുണ്യത്തിന് സാക്ഷൃമാകുന്നതുമായ പ്രേഷിതസമര്‍പ്പണം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള പ്രേരകശക്തി ക്രിസ്തുവാണ്, ക്രിസ്തുവിനോടുള്ള സ്നേഹമാണ്.

മദര്‍ തെരേസായുടെ നാമത്തിലുള്ള തിരാനാ അന്തര്‍ദേശീയ വിമാനത്താവളത്തിലേയ്ക്കുള്ള വഴിയിലൂടെ യാത്രചെയ്തപ്പോള്‍ കണ്ട രക്തസാക്ഷികളായ 40 അല്‍ബേനിയന്‍ വൈദികരുടെ ചിത്രങ്ങള്‍ ചിന്തോദ്ദീപകങ്ങളായിരുന്നു. ക്രൈസ്തവര്‍ മാത്രമല്ല, മുസ്ലീംങ്ങളും ഇതരമതസ്ഥരും ഈശ്വരവിശ്വാസത്തിന്‍റെ പേരില്‍ അവിടെ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും, തടവിലാക്കപ്പെടുകയും, ബന്ധികളാക്കപ്പെടുകയും, നാടുകടത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അവര്‍ ദൈവത്തില്‍ വിശ്വസിച്ചും ആശ്രയിച്ചും ജീവിച്ചു എന്നതാണ് അല്‍ബേനിയന്‍ രാഷ്ട്രത്തിന്‍റെ നവനിര്‍മ്മിതിയുടെ അടിസ്ഥാനം, അടിത്തറയെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. ഇക്കാലഘട്ടത്തില്‍ അവിടത്തെ ദേവാലയങ്ങളും, മോസ്ക്കുകളും മറ്റു പ്രാര്‍ത്ഥനാലയങ്ങളും നശിപ്പിക്കുകയും, ശേഷിച്ചിരുന്നവ സിനിമാ ശാലകളും ജിംനേഷ്യങ്ങളുമാക്കി പരിവര്‍ത്തനം ചെയ്തിരുന്നു. മതഗ്രന്ഥങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയിരുന്നു. പൂര്‍വ്വികരുടെ മതാത്മക നാമമോ, സ്മരണയോ നിലനിര്‍ത്തത്തക്കവിധം കുഞ്ഞുങ്ങള്‍ക്ക് അവരുടെ പേരു നല്കുവാന്‍ പോലും മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യമില്ലായിരുന്നു.

എന്നിരുന്നാലും രക്തസാക്ഷികളെയും അവരുടെ ജീവിസമര്‍പ്പണത്തെയും ഓര്‍ത്ത് നാമിന്ന് ദുഃഖിക്കേണ്ടതില്ല, മറിച്ച് അവരുടെ ചുടുനിണത്തില്‍നിന്നും ഉതിരുന്ന വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മുളയാണ് ഇന്ന് അല്‍ബേനിയയില്‍ ഫലമണിഞ്ഞുനില്ക്കുന്നതെന്ന് മനസ്സിലാക്കണമെന്ന്, പാപ്പാ പ്രസ്താവിച്ചു. ഈ രാഷ്ട്രം ഇന്ന് അനുസ്മരിക്കപ്പെടേണ്ടത് ക്രൈസ്തവ സഭയുടെ പുനര്‍ജ്ജീവനം കൊണ്ടു മാത്രമല്ല, മറിച്ച് മതങ്ങളുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ സഹവര്‍ത്തിത്വവും സാഹോദര്യവും കൂട്ടായ്മയും കൊണ്ടാണെന്ന് പാപ്പാ പ്രഭാണത്തില്‍ അടിവരയിട്ടു പ്രസ്താവിച്ചു....

The extract from the the Wednesday General Audience message of Pope Francis succeeding the Apostolic Journey to Albania on 22 September 2014.
Reported : Sr. Mercylit fcc








All the contents on this site are copyrighted ©.