2014-09-24 17:46:40

പ്രകൃതിയെ സംരക്ഷിക്കേണ്ട
ധാര്‍മ്മിക ഉത്തരവാദിത്വം മനുഷ്യര്‍ക്ക്


24 സെപ്തംബര്‍ 2014, ന്യൂയോര്‍ക്ക്
പ്രകൃതിയെ സംരക്ഷിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം മനുഷ്യര്‍ക്കുണ്ടെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 23-ാം തിയതി ചൊവ്വാഴ്ച ഐക്യാരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു സമ്മേളിച്ച 2014-ലെ കാലാവസ്ഥ ഉച്ചകോടിയില്‍ climate Summit 2014-ല്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ പരോളില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ധാര്‍മ്മിക മാനത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.

പ്രകൃതിയെ മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായി ഉപയോഗിക്കുന്നതിനു പകരം,
ആര്‍ത്തിയോടെ അതിനെ ചൂഷണംചെയ്യുകയും, അവസാനം അത് സകലര്‍ക്കും ഉപയോഗശൂന്യമായും, അല്ലെങ്കില്‍ ഉപദ്രവകരമായും മാറുന്ന അവസ്ഥയില്‍ എത്തിച്ചേരുന്ന ദൗര്‍ഭാഗ്യകരമായ ചുറ്റുപാടാണ് മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയോടെ ശാസ്ത്രീയമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള പ്രതിഭാസമാണ് വര്‍ദ്ധിച്ചുവരുന്ന ആഗോള താപവത്ക്കരണമെന്നും, ഭാവിതലമുറയെ വിശിഷ്യ പാവങ്ങളും ദുര്‍ബലരുമായവരുടെ സമൂഹത്തെ സാരമായി ബാധിക്കുന്ന വിപരീത പ്രതിഭാസമാണിതെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

കെടുതികളുടെ കാരണം മനുഷ്യന്‍റെ നിരുത്തരവാദിത്വപരമായ പരിസ്ഥിതിയുടെ ഉപയോഗമാണെന്നും, മനുഷ്യന്‍ പെരുപ്പിക്കുന്ന വിഷവാതകങ്ങളുടെ ഉല്പാദനവും, അതുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണവുമാണെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ സാമൂഹ്യ ധാര്‍മ്മിക പ്രതിബദ്ധതയോടെ നീങ്ങണമെന്ന് കര്‍ദ്ദിനാല്‍ പരോളില്‍ ഉദ്ബോധിപ്പിച്ചു.

നിജസ്ഥിതി മനസ്സിലാക്കിക്കൊണ്ട് ഉത്തരവാദിത്വപൂര്‍ണ്ണമായ പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന അവബോധവും, രൂപീകരണവും ജനതകള്‍ക്ക്, വിശിഷ്യ യുവതലമുറയ്ക്ക് നല്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രബന്ധത്തിലൂടെ സമ്മേളനത്തില്‍ സമര്‍ത്ഥിച്ചു.










All the contents on this site are copyrighted ©.