2014-09-24 17:15:46

കുടിയേറ്റ പ്രതിഭാസത്തെ
ആഗോള സ്നേഹശൃംഖലയില്‍ ഉള്‍ക്കൊള്ളണം


24 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 23-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്ത
2015-ാമാണ്ടിലേയ്ക്കുള്ള ആഗോളകുടിയേറ്റ ദിന സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

‘അതിരുകളില്ലാതെ പ്രവര്‍ത്തിക്കുന്ന സഭ, കുടിയേറ്റ മേഖലയില്‍ സകലര്‍ക്കും കലറയില്ലാതെ സ്നേഹിക്കുന്ന സകലരുടെയും അമ്മയാണെ,’ന്ന സൂക്തം കേന്ദ്രീകരിച്ചാണ് ഇക്കുറി സന്ദേശത്തില്‍ പാപ്പാ ചിന്തകള്‍ വിപുലീകരിച്ചിരിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന ആഗോള കുടിയേറ്റ പ്രതിഭാസത്തെ കൂടുതല്‍ മാനുഷികവും സൗഹാര്‍ദ്ദപൂര്‍ണ്ണവുമാക്കണമെങ്കില്‍ ആഗോളതലത്തില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവം ഇനിയും വളരണമെന്നും ആവശ്യത്തിലെത്തുന്നവരെ സ്വീകരിക്കുവാനും തുണയ്ക്കുവാനുമുള്ള മനോഭാവം വളര്‍ത്തണമെന്നും പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ലോകത്തിന്‍റെ നാനാഭാഗത്തും ഇന്ന് ഉയരുന്ന കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, അഭ്യന്തരകലാപം, യുദ്ധം എന്നിവയാല്‍ നാടും വീടും വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന വന്‍ജനസഞ്ചയത്തോട് രാഷ്ട്രങ്ങളും സമൂഹങ്ങളും ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെ സ്നേഹത്തിന്‍റെയും മനോഭാവം പുലര്‍ത്തണമെന്നും, അവരുടെയും വികസനത്തിനും സുസ്ഥിതിക്കുമായി പരിശ്രമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പാവങ്ങളായവരില്‍ തെളിയുന്നത് ക്രിസ്തുവിന്‍റെ വദനമാണെന്നും, അതിനാല്‍ പാവപ്പെട്ടവരിലും കുടിയേറ്റക്കാരിലും അഭയാര്‍ത്ഥികളിലും ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കാനാകണമെന്ന് സന്ദേശത്തിന്‍റെ ആമുഖഭാഗത്ത് പാപ്പാ ഉദ്ബോധിപ്പിച്ചു. സന്തോഷത്തിന്‍റെയും കാരുണ്യത്തിന്‍റെയും സുവിശേഷം ഏവര്‍ക്കും എത്തിച്ചുകൊടുക്കുകയാണ് സഭാ ദൗത്യമെങ്കില്‍, ക്രിസ്തു ആദ്യം പാവങ്ങളെയും പാപികളെയും സ്നേഹിച്ചുകൊണ്ടു പകര്‍ന്നു തന്ന ദൗത്യം അതേശൈലിയില്‍ ഇന്നും ജീവിച്ചുകൊണ്ടായിരിക്കണം സഭയുടെ സാര്‍വ്വലൗകിക മാതൃസ്വഭാവം പ്രകടമാക്കേണ്ടതെന്നും പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.