2014-09-24 18:36:44

ആണവശക്തി നിയന്ത്രണമല്ല
നിരായുധീകരണമാണാവശ്യം


24 സെപ്തംബര്‍ 2014, വിയന്നാ
ആണവനിയന്ത്രമല്ല, ആണവനിരായുധീകരണമാണ് ഇന്നിന്‍റെ ആവശ്യമെന്ന്,
വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് അന്തോയ്നേ കമിലേരി പ്രസ്താവിച്ചു.

സെപ്തംബര്‍ 20-ന് വിയെന്നായില്‍ ചേര്‍ന്ന അന്താരാഷ്ട്ര ആണവശക്തി പ്രവര്‍ത്തക സമതി International Atomic Energy Agency 58-ാമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് കമിലേരി ഇപ്രകാരം അഭിപ്രായം പ്രകടിപ്പിച്ചത്.

ആണവശേഷി നിയന്ത്രിക്കുന്നതിലും ഉപരിയായി ആണവായുധ നിര്‍മ്മാണവും അവയുടെ ശേഖരവും ഇല്ലായ്മചെയ്തുകൊണ്ടും, നിയന്ത്രിച്ചുകൊണ്ടുമായിരിക്കണം, ആണവശക്തിയുടെ ക്രിയാത്മകവും സമാധാനപരവുമായ ഉപയോഗത്തിലേയ്ക്ക് മാനവരാശിയെ തിരിച്ചുവിടേണ്ടതെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

ആണവശക്തിയുടെ സത്യസന്ധവും നന്മയുള്ളതുമായ ഉപയോഗം മാനവികതയുടെ പുരോഗതിക്കും ശ്രേയസ്സിനും, സമാധാനത്തിന്‍റെ വളര്‍ച്ചയ്ക്കുമായി ഉപയോഗിക്കാനാകുമെന്നും ആര്‍ച്ചുബിഷപ്പ് അന്തോയ്നേ കമിലേരി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ 100-ാം വാര്‍ഷികവും രണ്ടാം ലോകമഹായുദ്ധത്തിന്‍റെ 75-ാം വാര്‍ഷികവും അനുസ്മരിക്കുന്ന ഈ ചരിത്ര സന്ധിയില്‍ ആണവ നിരായുധീകരണത്തിന്‍റെ വ്യക്തവും ശക്തവുമായ തീരുമാനങ്ങളിലൂടെ ലോകത്ത് സുവ്യക്തമായ സമാധാനത്തിന്‍റെ പാതതെളിയിക്കുവാന്‍ ഇനിയും ലോകരാഷ്ട്രങ്ങള്‍ക്ക് സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് കമിലേറി സമ്മേളനത്തില്‍ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.