2014-09-23 18:09:46

പാവങ്ങളെ സ്നേഹിക്കുന്നിടത്ത്
മതമാത്സര്യമുണ്ടാവില്ല


21 സെപ്തംബര്‍ 2014, അല്‍ബേനിയ
അല്‍ബേനിയാ അപ്പോസ്തോലിക യാത്രയില്‍ നഗര പ്രാന്തത്തിലുള്ള ബഥനി കേന്ദ്രത്തിലെ അന്തേവാസികളെയാണ് പാപ്പാ ഫ്രാന്‍സിസ് അവസാനമായി സന്ദര്‍ശിച്ചത്. കുട്ടികളും യുവജനങ്ങളുമായി സഹായവും സംരക്ഷണവും ആവശ്യമായവരെ പരിപാലിക്കുന്ന കേന്ദ്രത്തിന്‍റെ ചുമതലയുള്ളവരോടും അവിടെ വസിക്കുന്ന കുഞ്ഞങ്ങളോടും പ്രായമായരോടുമായി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു.

എളിയവരെ നാം സ്വീകരിക്കുമ്പോള്‍, സമൂഹത്തില്‍ മലപോലുയര്‍ന്നു നില്ക്കുന്ന മതവൈരുദ്ധ്യങ്ങളുടെയും ഭിന്നിപ്പിന്‍റയും അന്തരങ്ങള്‍ ഇല്ലാതാകും. പാവങ്ങളായവര്‍ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ ഓരോന്നും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന അവസരങ്ങളാണ്. വിവിധ മതസ്ഥരായവരെ സ്വീകരിക്കുന്ന ഈ അഗതിമന്ദിരം, സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും നിലയനമാണ്. മനുഷ്യരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ അധിക്രമങ്ങള്‍ക്കും, വിദ്വേഷത്തിനും ഇടമില്ലാതാവുകയും, സഹോദരങ്ങല്‍ക്ക് യാഥാര്‍ത്ഥവും ബഹുമാന പുരസരവുമായ സ്നേഹം പകര്‍ന്നു നല്കുവാന്‍ സാധിക്കുകയും ചെയ്യുന്നു.

പരമ നന്മയായ ദൈവത്തോടുള്ള സ്നേഹത്തിന്‍റെ പ്രതിബിംബനമാണ്, മനുഷ്യരോട്, അല്ലെങ്കില്‍ സഹോദരങ്ങളോട് പ്രകടമാക്കുന്ന സ്നേഹം. നശിച്ചുപോകന്ന ധനത്തിനും അധികാരത്തിനും അതീതമായ സ്നേഹം ദൈവികമാണ്. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത് ജീവിക്കുവാനും പങ്കുവയ്ക്കുവാനുമാണ്.

ഇതിന്‍റെ സ്ഥാപക ഡയറക്ടറും, പ്രവര്‍ത്തകയുമായ, മിര്‍ജാന്‍ പങ്കുവച്ചതുപോലെ, മനുഷ്യനന്മയും സഹോദരസ്നേഹവുമാണ് ജീവിതത്തെ മാറ്റി മറിക്കുന്നതെന്നും, ജീവിതത്തില്‍ സ്നേഹത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുവാനും, സുഹൃത്തുക്കളില്‍, അതിശ്രേഷ്ഠനായ സുഹൃത്തായ ക്രിസ്തുവെന്ന സുഹൃത്തിനെ കണ്ടെത്തുവാനും കാരണമായതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

സ്നേഹത്തെപ്രതി സ്വാര്‍പ്പണത്തില്‍ ജീവിക്കുന്നതാണ് നല്ല ജീവിതത്തിന്‍റെ പൊരുള്‍. സന്തോഷത്തോടെ നല്‍കാനുള്ള ശക്തിയാണിത്. ഈ സ്വാര്‍പ്പണമാണ് ആത്മീയ സന്തോഷത്തിന്‍റെ വെല്ലുവിളി.

ദൈവിക പരിപാലനയുടെ പ്രതീകമായ ബഥനിയ സ്ഥാപനത്തെ പരിശുദ്ധ കന്യാകാനാഥ തുണയ്ക്കട്ടെ. മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസ് ഇതിന്‍റെ എല്ലാ ഉപകാരികളെയും അഭ്യൂദയകാംക്ഷികളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അന്തേവാസികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.
Sr. Mercylit Fcc









All the contents on this site are copyrighted ©.