2014-09-22 19:23:23

മതസൗഹാര്‍ദ്ദത്തിന്‍റെ സന്ദേശം പകര്‍ന്ന
അല്‍ബേനിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി
പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി


22 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 21-ാം തിയതി ഞായറാഴ്ച രാവിലെ ആരംഭിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന അപ്പസ്തോലിക പര്യടനം സമാപിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ 9 മണിയോടെ കാറില്‍ റോമിലുള്ള മേരി മേജര്‍ ബസിലക്കയില്‍ എത്തിയ പാപ്പാ, പതിവുപോലെ കന്യകാനാഥയുടെ പ്രത്യേക അള്‍ത്താരയിലെത്തി ശുഭകരമായി പരിയവസാനിച്ച അല്‍ബേനിയ യാത്രയും ദൗത്യത്തിനും നന്ദിയായി മാതൃസന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

പാപ്പായുടെ പ്രഥമ യൂറോപ്യന്‍ പര്യടവും നാലാമത്തെ അന്തര്‍ദേശീയ യാത്രയുമായിരുന്നു ഇത്. പതിറ്റാണ്ടുകളായി നിരീശ്വരവാദി കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കെടുതികള്‍ അനുഭവിക്കുകയും, ക്രൈസ്തവ പീഡനത്തിന്‍റെ നുകം പേറുകയും ചെയ്തിട്ടുള്ള അല്‍ബേനിയയ്ക്ക് പാപ്പായുടെ സന്ദര്‍ശനം ആവേശം പകരുന്നതും, പ്രചോദനനാത്മകവുമായിരുന്നു. അല്‍ബേനിയന്‍ ജനത ജാതി വ്യത്യാസമില്ലാതെ എല്ലാവരും സ്നേഹാദരങ്ങളോടെ പാപ്പായെ വരവേറ്റു. സ്വാച്ഛാധിപത്യത്തിന്‍റെയും മതപീഡനത്തിന്‍റെയും ദുരന്തകഥകള്‍ മദ്ധ്യപൂര്‍വ്വദേശത്ത് കത്തിയെരിഞ്ഞു നില്ക്കുന്നതിനിടയില്‍ മതൈക്യത്തിന്‍റെയും, രാഷ്ട്രങ്ങള്‍ക്ക് പിന്‍തുണയാകേണ്ട മതങ്ങളുടെ ഓരോ നാട്ടിലെയും സൗഹൃദ സാന്നിദ്ധ്യത്തെക്കുറിച്ചാണ് അല്‍ബേനിയ സന്ദര്‍ശനത്തില്‍ പാപ്പാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്.

1. അല്‍ബേനിയായിലെ സ്വീകരണം
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് വത്തിക്കാനില്‍നിന്നും യാത്രതിരിച്ച പാപ്പാ 9 മണിക്ക് അല്‍ബേനിയന്‍ മണ്ണില്‍ കാലുകുത്തി. അല്‍ബേനിയന്‍ പ്രധാനമന്ത്രി, എഡി രാമയുടെ നേതൃത്വത്തിലുള്ള രാഷ്ട്രപ്രതിനിധകളും സഭാപ്രതിനിധികളും തലസ്ഥാനനഗരമായ തിരാനയിലുള്ള മദര്‍ തെരേസാ അന്തര്‍ദേശീയ വിമാനത്താവളത്തിലെത്തി പാപ്പായെ സ്വീകരിച്ചു.
തുടര്‍ന്ന് പ്രസിഡിന്‍ഷ്യല്‍ പാലസില്‍ നല്കിയ സ്വീകരിണത്തില്‍ പാപ്പാ രാഷ്ട്രത്തലവന്മാര്‍ക്കും, ഭരണകൂടത്തിനും നേതാക്കള്‍ക്കുമായി രാഷ്ട്രനിര്‍മ്മിതിയില്‍ ദൈവത്തിന്‍റെയും മതങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചു പ്രസ്താവിച്ചുകൊണ്ട് സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം നല്കി.

2. തിരാനയിലെ സമൂഹബലിയര്‍പ്പണം
തുടര്‍ന്ന് തിരാനായില്‍ മദര്‍ തേരാസായുടെ നാമത്തിലുള്ള ചത്വരത്തില്‍ ജനങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച സമൂഹ ദിവ്യബലിയായിരുന്നു. കരുണാര്‍ദ്രനായ ദൈവത്തിന്‍റെ ചിറകിന്‍ കീഴില്‍ സ്നേഹത്തില്‍ ജീവിച്ചുകൊണ്ട് ഈ ലോകം ജീവിതം സമാധാനപൂര്‍ണ്ണമാക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ദിവ്യബലിയുടെ അന്ത്യത്തില്‍ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലിയ പാപ്പാ ഹ്രസ്വാസന്ദേശം നല്കി. ക്രിസ്തുവിന്‍റെ സ്നേഹത്തിലും സൗഹൃദത്തിലും വളരണമെന്ന് ഉദ്ബോധിപ്പിച്ചു. യുവജനങ്ങളെ പ്രത്യേകമായി അഭിസംബോധനചെയ്ത പാപ്പാ, അവര്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ് അവരെന്നും, കൂട്ടായ്മയുടെ സംസ്ക്കാരത്തിലും, അവിഭക്തമായ അന്തരിക സൗന്ദര്യത്തിലും വളരണമെന്നും അവരെ ഉദ്ബോധിപ്പിച്ചു. പാപ്പായുടെ ഏകദിന അല്‍ബേനിയ സന്ദര്‍ശനത്തിന്‍റെ തിരക്കിട്ട ആദ്യപകുതി മദര്‍ തെരേസായുടെ ചത്വരത്തില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തോടെയാണ് അവസാനിച്ചത്. പാപ്പാ നഗരമദ്ധ്യത്തിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു.

3. മതനേതാക്കളുമായുള്ള കൂടിക്കാഴ്ച
ഞായറാഴ്ച ഉച്ചതിരിഞ്ഞ് പാപ്പായുടെ ആദ്യപരിപാടി തിരാനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലായിരുന്നു. അല്‍ബേനിയായിലെ വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയായ കത്തോലിക്കാ യൂണിവേഴ്സിറ്റി, അമലോത്ഭവനാഥയുടെ നാമത്തിലുള്ള സഹോദരികളുടെ സന്ന്യാസസമൂഹത്തിന്‍റെ വകയാണ് Congregation of the Duaghters of Immaculate Conception. മെഡിസിന്‍, നഴ്സിങ്, ഫിസിയോത്തെറിപ്പി എന്നിങ്ങനെ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ പ്രാമാണ്യമുള്ള കോഴ്സുകള്‍ക്കു പുറമേ സാമ്പത്തിക ശാസ്ത്രത്തിന്‍റെയും കോഴ്സുകള്‍ അല്‍ബേനിയയുടെ മദ്ധ്യസ്ഥയായ, സദുപദേശ നാഥയുടെ മാധ്യസ്ഥ്യത്തിലുള്ള യൂണിവേഴ്സിറ്റി നല്‍കുന്നു.

ക്രിത്യം 4 മണിക്ക് റോഡുമാര്‍ഗ്ഗം പാപ്പാ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ അല്‍ബേനിയായിലെ 6 വിവിധ മതസമൂഹങ്ങളുടെ നേതാക്കള്‍ പാപ്പായെ സ്വീകരിക്കാന്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന ഹാളില്‍ കാത്തുനിന്നിരുന്നു. വേദിയിലേയ്ക്ക് ആനീതനായ പാപ്പായെ നൂറോളം വരുന്ന മതപ്രതിനിധികള്‍ ഹസ്തഘോഷത്തോടെ സ്വീകരിച്ചു. പാപ്പാ വേദിയില്‍നിന്നും ഇറങ്ങിച്ചെന്ന് മതനേതാക്കളെ ഓരുരുത്തരെയും അഭിവാദ്യംചെയ്തു. അല്‍ബേനിയായിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ മസാഫ്രാ പാപ്പായ്ക്ക് എല്ലാ മതനേതാക്കളുടെയും പേരില്‍ സ്വാഗതമര്‍പ്പിച്ചു. മറ്റെല്ലാ മേഖലകളിലുമുള്ള സ്വാതന്ത്ര്യത്തിന് അടിസ്ഥാനമാണ് മതസ്വാതന്ത്ര്യമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, മതങ്ങള്‍ ഒരുമിച്ചു നിന്നുകൊണ്ടാ സാമൂഹ്യ-സാംസ്ക്കാരിക ധാര്‍മ്മിക വളര്‍ച്ചയെ പിന്‍തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് അവിടെനിന്നും തുറന്ന പേപ്പല്‍ വാഹനത്തില്‍ രണ്ടര കിലോമീറ്റര്‍ അകലെ, നഗരമദ്ധ്യത്തിലുള്ള തിരാനയുടെ സെന്‍റ് പോള്‍ കത്തീഡ്രല്‍ ദേവാലയത്തിലേയ്ക്കാണ് പാപ്പാ പുറപ്പെട്ടത്. പീഡനകാലത്തിനു ശേഷം, 2002-ല്‍ പണിതീര്‍ത്ത ഈ ദേവാലയം അല്‍ബേനിയയുടെ പ്രത്യേക മദ്ധ്യസ്ഥര്‍, വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെയും വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെയും വലിയ മനോഹരമായ stained glass ചിത്രങ്ങളാല്‍ അലംകൃതമാണ്.

4. വൈദിക സന്ന്യസ്ത സമൂഹവുമായുള്ള നേര്‍ക്കാഴ്ച
അല്‍ബേനിയയിലെ കത്തോലിക്കാ വൈദിക-സന്ന്യസ്തരുടെ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഭദ്രാസന ദേവാലയം വേദിയാകുന്നത്. അല്‍ബേനിയായിലെ 7 രൂപതാ മെത്രാന്മാരും, 150 വൈദികരും, 400 സന്ന്യസ്തരും, സെമിനാരി വിദ്യാര്‍ത്ഥികളും അല്‍മായ സംഘടനാ പ്രതിനിധികളുമാണ് അവിടെ പാപ്പായെ കാത്തിരുന്നത്. വൈകുന്നരം 5 മണിക്ക് കത്തീഡ്രല്‍ അങ്കണത്തിലെത്തിയ പാപ്പായെ സ്വീകരിച്ചത് വലിയൊരു വിശ്വാസസമൂഹമാണ്. തിരാനാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് റോക്ക് മിര്‍ദീത്താ പാപ്പായ്ക്ക് സ്വാഗതമര്‍പ്പിച്ചു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പീഡനകാലത്തു തിരാനയില്‍ ജീവിച്ച വൈദികന്‍റെയും സന്ന്യാസിനിയുടെയും സാക്ഷൃമായിരുന്നു. പീഡനത്തിന്‍റെ കദനകഥ ശ്രവിച്ച പാപ്പാ വികാരാധീനനായി അശ്രുകണങ്ങള്‍ നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ആരാധനക്രമ പ്രകാരമുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് അല്‍ബേനിയായിലെ സഭാ നേതൃത്വത്തെ തുടര്‍ന്ന് അഭിസംബോധനചെയ്ത്. പണ്ഡിതന്മാരെയല്ല, ക്രിസ്തുവിന്‍റെ കരുണയും ഉള്‍ക്കൊള്ളുന്ന അജപാലകരെയാണെന്ന് ഉദ്ബോധിപ്പിച്ചു.

5. അഗതികള്‍ക്കൊപ്പം അരമണിക്കൂര്‍
അല്‍ബേനിയ സന്ദര്‍ശനത്തിന്‍റെ അവസാന ഭാഗമായിരുന്നു ബഥനിയാ അഗതിമന്ദിര സന്ദര്‍ശനത്തിനുശേഷം, ഏയര്‍പ്പോര്‍ട്ടിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍ സംഘവും പുറപ്പെട്ടത്. തിരാനയിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി, എഡി രാമ പാപ്പായെ യാത്ര അയക്കുവാന്‍ സന്നിഹിതനായിരുന്നു. അതുപോലെ പ്രാദേശീക മെത്രാന്‍ സമിതി അംഗങ്ങളും, വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് റമീരോ മോള്‍നിയര്‍ എന്നിവരും, പുരുഷാരവും അവിടെ സന്നിഹിതരായിരുന്നു.

മദര്‍ തെരേസാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കാറില്‍ എത്തിയ പാപ്പാ ഏയര്‍പ്പോര്‍ട്ടിന്‍റെ പ്രത്യേക സ്വീകരണമുറിയിലേയ്ക്ക് ആനീതനായി. ഏതാനും നിമിഷങ്ങള്‍ പ്രധാനമന്ത്രി, എഡി രാമയുമായി സ്വാകാര്യ സംഭഷണത്തില്‍ ഏര്‍പ്പെടുകയും രാഷ്ട്രപ്രതിനിധകളില്‍ ചിലരുമായി കുശലംപറയുകയും ചെയ്തു. നീണ്ടതും തിരക്കിട്ടതുമായി ഒരു ദിവസത്തെ പരിപാടിയുടെ അന്ത്യത്തിലും പാപ്പാ ഉന്മേഷവാനും സന്തോഷഭരതനുമായി കാണപ്പെട്ടു.
തുടര്‍ന്ന്, അല്‍ബേനിയ നല്‍കിയ Guard of Honour പാപ്പാ, പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ചു. പിന്നെ പതിവുള്ള തന്‍റെ കറുത്ത തുകല്‍ ബാഗുമായി പാപ്പാ ഫ്രാന്‍സിസ് Al Italia Boeing A 320 വിമാനപ്പടവുകള്‍ കയറി. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ യൂറോപ്യന്‍ പര്യടനത്തിന്‍റെയും, നാലാമത്തെ അന്തര്‍ദേശീയ അപ്പോസ്തോലിക യാത്രയുടെയും അവസാന ഭാഗമായിരുന്നു അത്.

മദ്ധ്യധരണി ആഴിയുടെ പടിഞ്ഞാറന്‍ ചക്രവാളങ്ങളില്‍ സൂര്യന്‍ മുങ്ങിത്താണിരുന്നു. എങ്കിലും ചുറ്റുമുയര്‍ന്ന യാത്രാമംഗള ധ്വനിയുടെയും സംതൃപ്തിയുടെയും ശുഭാന്തരീക്ഷത്തില്‍ പാപ്പായുടെ വിമാനം പടിഞ്ഞാറന്‍ ചക്രവാളത്തിലേയ്ക്ക്, റോമിലെ ചമ്പീനോ വിമാനത്താവളം ലക്ഷൃമാക്കി പറന്നുയര്‍ന്നു.








All the contents on this site are copyrighted ©.