2014-09-22 18:30:50

ഇതര മേഖലകളിലെ സ്വാതന്ത്ര്യത്തിന്
അടിസ്ഥാനമാണ് മതസ്വാതന്ത്ര്യം


22 സെപ്തംബര്‍ 2014, തിരാനാ
ഞായറാഴ്ച, സെപ്തംബര്‍ 21 - ഉച്ചതിരിഞ്ഞ് പാപ്പായുടെ ആദ്യപരിപാടി തിരാനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലായിരുന്നു. അല്‍ബേനിയായിലെ വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയായ കത്തോലിക്കാ യൂണിവേഴ്സിറ്റി, അമലോത്ഭവനാഥയുടെ നാമത്തിലുള്ള സഹോദരികളുടെ സന്ന്യാസസമൂഹത്തിന്‍റെ വകയാണ് Congregation of the Duaghters of Immaculate Conception. മെഡിസിന്‍, നഴ്സിങ്, ഫിസിയോത്തെറിപ്പി എന്നിങ്ങനെ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ പ്രാമാണ്യമുള്ള കോഴ്സുകള്‍ക്കു പുറമേ സാമ്പത്തിക ശാസ്ത്രത്തിന്‍റെയും കോഴ്സുകള്‍ അല്‍ബേനിയയുടെ മദ്ധ്യസ്ഥയായ, സദുപദേശ നാഥയുടെ മാധ്യസ്ഥ്യത്തിലുള്ള യൂണിവേഴ്സിറ്റി നല്‍കുന്നു.

ക്രിത്യം 4 മണിക്ക് റോഡുമാര്‍ഗ്ഗം പാപ്പാ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ അല്‍ബേനിയായിലെ 6 വിവിധ മതസമൂഹങ്ങളുടെ നേതാക്കള്‍ പാപ്പായെ സ്വീകരിക്കാന്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന ഹാളില്‍ കാത്തുനിന്നിരുന്നു.
വേദിയിലേയ്ക്ക് ആനീതനായ പാപ്പായെ നൂറോളം വരുന്ന മതപ്രതിനിധികള്‍ ഹസ്തഘോഷത്തോടെ സ്വീകരിച്ചു. പാപ്പാ വേദിയില്‍നിന്നും ഇറങ്ങിച്ചെന്ന് മതനേതാക്കളെ ഓരുരുത്തരെയും അഭിവാദ്യംചെയ്തു. അല്‍ബേനിയായിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ മസാഫ്രാ പാപ്പായ്ക്ക് എല്ലാ മതനേതാക്കളുടെയും പേരില്‍ സ്വാഗതമര്‍പ്പിച്ചു. തുടര്‍ന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു. പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം താഴെ ചേര്‍ത്തിരിക്കുന്നു:

അല്‍ബേനിയായിലെ മതനേതാക്കളുടെ മദ്ധ്യേയായിരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളെയും നിങ്ങളുടെ സമൂഹങ്ങളെയും ഈ അവസരത്തില്‍ അഭിവാദ്യംചെയ്യുന്നു. നിങ്ങള്‍ ഒരുമിച്ചു നില്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ടകാര്യമാണ്. കാരണം നിങ്ങള്‍ ഇന്ന് വളര്‍ത്തിയെടുക്കുന്ന സാഹോദര്യവും കൂട്ടായ്മയുമാണ് സമൂഹത്തില്‍ വളരുവാനും നിലനില്ക്കുവാനും പോകുന്നത്.

നിരീശ്വരത്വത്തിന്‍റെ അധിക്രമങ്ങളും യാതനകളും അല്‍ബേനിയ അനുഭവിക്കേണ്ടി വന്നത് ചരിത്രമാണ്. ചിന്താധാരകളുടെ പേരില്‍ ദൈവത്തെ മനുഷ്യജീവിതത്തില്‍നിന്നും അകറ്റിനിറത്തുമ്പോള്‍ തല്‍സ്ഥാനത്തേയ്ക്ക് മറ്റു ബിംബങ്ങള്‍ കടന്നുവരും എന്നതില്‍ സംശയമില്ല.
പിന്നെ മനുഷ്യാന്തസ്സും അവകാശങ്ങളും നിഷേധിക്കുന്ന പ്രകൃയയും ദൈവനിഷേധത്തിന്‍റെ ഭാഗമാണ്. മനസാക്ഷിയുടെ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോള്‍ അത് മാനവികതയില്‍ സൃഷ്ടിക്കുന്ന മുറിവകള്‍ രൂക്ഷമാണെന്നും, അങ്ങനെ മനുഷ്യര്‍ പ്രത്യാശയും മൂല്യബോധവും ഇല്ലാത്തവരായി മാറുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

1990-നുശേഷം ലഭ്യമായ മതസ്വാതന്ത്ര്യവും അത് വളര്‍ത്തിയ ക്രിയാത്മകമായ അല്‍ബേനിയന്‍ അന്തരീക്ഷവും, പീഡനങ്ങളിലും കെട്ടുപോകാതിരുന്ന കെടാവിളക്കുകള്‍പോലെ മതങ്ങള്‍ വളര്‍ന്നുവന്നു. നാടിന്‍റെ ധാര്‍മ്മികവും, പിന്നെ സാമൂഹ്യസാമ്പത്തിക പുരോഗിതിയില്‍ സൃഷ്ടിപരമായ സംഭാവനകള്‍ നല്കുവാനും, നവമായ രാഷ്ട്രനിര്‍മ്മിതിയില്‍ പങ്കുചേരുവാന്‍ വ്യക്തികളെയും സമൂഹങ്ങളെയും പ്രാപ്തമാക്കിയത് ഈ മതസ്വാതന്ത്ര്യമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

‘മറ്റെല്ലാ മേഖലകളിലുമുള്ള സ്വാതന്ത്ര്യത്തിന് അടിസ്ഥാനമാണ് മതസ്വാതന്ത്ര്യം. അത് ദൈവികദാനവുമാണ്,’ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ ഉദ്ധരിച്ചു. കാരണം, മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും, മനുഷ്യരെല്ലാം സഹോദരങ്ങളുമാണെന്ന സത്യം അനുസ്മരിപ്പിക്കുന്നത് വിശ്വാസമാണ്.
മാനവിക സ്വാതന്ത്രം വളര്‍ത്തുകയും എല്ലാത്തരം സര്‍വ്വാധിപത്യത്തിന്‍റെയും സ്വേച്ഛാധപ്ത്യ്ത്തിന്‍റെയും ശക്തികളില്‍നിന്നും മനുഷ്യകുലത്തെ കാത്തുസംരക്ഷിക്കുന്നതിനുള്ള കരുത്ത് മതസ്വാതന്ത്ര്യത്തിനുണ്ട് (JPII, 25 April 1993).
പ്രിയ സുഹൃത്തുക്കളേ, മതങ്ങള്‍ കൈകോര്‍ത്തുനിന്ന് നിങ്ങളുടെ മാതൃരാജ്യത്തെ തുണയ്ക്കുന്ന രീതി തുടരണമെന്ന് പാപ്പാ മതനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. സമാധാനത്തിന്‍റെ പ്രതീകങ്ങളായി ഇന്നാട്ടിലും, എവിടെയും ജീവിച്ചുകൊണ്ട് പരസ്പര ബന്ധങ്ങളുടെയും സഹകരണത്തിന്‍റെയും പ്രായോക്താക്കളാകുക, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.