2014-09-21 18:13:52

ചിറകിലേറ്റി സംരക്ഷിക്കുന്ന
ദൈവികകാരുണ്യത്തില്‍
ആശ്രയിച്ചു മുന്നേറണമെന്ന്


21 സെപ്തംബര്‍ 2014, തിരാനാ
അല്‍ബേനിയയുടെ തലസ്ഥാനമായ തിരാനയില്‍ മദര്‍ തെരേസാ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തയുടെ പ്രസക്തഭാഗം :

പന്ത്രണ്ട് അപ്പസ്തോലന്മാരെ കൂടാതെ ക്രിസ്തു പിന്നെയും ശിഷ്യന്മാരെ, 72 പേരെ വിളിച്ച് ഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും പറഞ്ഞയക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം (ലൂക്കാ 10, 1-9, 17-20). ലോകത്ത് ദൈവസ്നേഹം അറിയിക്കുവാനും, അത് കൂട്ടായ്മയിലൂടെയും സാഹോദര്യത്തിലൂടെയും പങ്കുവയ്ക്കുവാനുമായിരുന്നു അവിടുന്ന് അവരെ അയച്ചത്. ശിഷ്യന്മാരെ സമൂഹമായിട്ടും പ്രേഷിത സമൂഹവുമായിട്ടാണ് അവിടുന്ന് രൂപീകരിച്ചയച്ചത്. ‘നിങ്ങള്‍ പോയി, പ്രോഘോഷിക്കുവിന്‍...!’ അവരുടെ പ്രഘോഷണശൈലി ലളിതമാണ്. നേരിട്ട് ചെന്ന് പറയുകയാണ്, “ഈ കുടുംബത്തിന് സമാധാനം..!” (5). ഇവിടെ സമാധാനം ആശംസ മാത്രമല്ല, മറിച്ച് ദാനവുമാണ്, സമ്മാനവുമാണ്.

‘പാവങ്ങളുടെ അമ്മ’യെന്നു വിളിക്കപ്പെട്ട മദര്‍ തെരേസായുടെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന നിങ്ങള്‍ക്കും, നിങ്ങളുടെ കുടുംബങ്ങള്‍ക്കുമായി ഈ ആശംസ ഇന്നേദിവസം ആവര്‍ത്തിക്കുകയാണ്, നിങ്ങളുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും ഈ രാജ്യത്തും സമാധാനവും വളരട്ടെ, നിലനില്ക്കട്ടെ!

72 ക്രിസ്തു ശിഷ്യന്മാരുടെ പ്രേഷിതദൗത്യവും ചൈതന്യവും എന്നും എക്കാലവും ക്രൈസ്തവ സമൂഹങ്ങളില്‍ പ്രതിഫലിക്കേണ്ടതാണ്. മാമോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവരോടും ഉത്ഥിതനും ജീവിക്കുന്നവനുമായ ക്രിസ്തു ആവശ്യപ്പെടുന്നത്, ‘സകലലോകത്തോടും സുവിശേഷം പ്രഘോഷിക്കുവാനാണ്.’ അതുതന്നെയാണ് സഭയുടെയും ആഹ്വാനം. എന്നാല്‍ ഈ സമാധാനാശംസ, ചരിത്രത്തില്‍ എപ്പോഴും സ്വീകരിക്കപ്പെട്ടിരുന്നില്ല, തിരസ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന്‍റെ സമാധാനശംസയ്ക്കെതിരെ വാതിലുകള്‍ കൊട്ടിയടയക്കപ്പെട്ട നാടായിരുന്നു ഇത്. മതസ്വാതന്ത്ര്യം നിഷേധിക്കുകയും, ദൈവത്തെ തള്ളിപ്പറയുകയും ചെയ്തൊരു സാമൂഹ്യ രാഷ്ട്രീയാവസ്ഥ ഈ നാടിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സത്യവും സ്വാതന്ത്ര്യവും ഭയപ്പെടുന്നവരാണ് ദൈവത്തെ നിഷേധിക്കുന്നത്. ക്രൈസ്തവീകതയുടെ ആദ്യ നൂറ്റാണ്ടില്‍ത്തന്നെ വിശ്വാസം സ്വീകരിച്ച നാടാണ് അല്‍ബേനിയയെങ്കിലും, മനുഷ്യഹൃദയങ്ങളില്‍നിന്നും ക്രിസ്തുവിനെയും, അവിടുത്തെ സഭയെയും, മാത്രമല്ല ഈ നാടിന്‍റെ ചരിത്രത്തില്‍നിന്നുതന്നെ അത് പിഴുതെറിയാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. ഇന്നത്തെ രണ്ടാം വായന റോമാര്‍ക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പ്രതിപാദിക്കുന്ന ഇലീരിക്കും Illyricum (റോമാ. 15, 14-21) എന്ന സ്ഥലം അല്‍ബേനിയയുടെ ഭാഗമാണ്.

വിശ്വാസം പ്രഘോഷിക്കുന്നതില്‍ അത് ക്രൈസ്തവരായിരുന്നാലും, മുസ്ലീങ്ങളായിരുന്നാലും, ഓര്‍ത്തഡോക്സ് സഭാംഗങ്ങളായിരുന്നാലും - അല്‍ബേനിയന്‍ ജനതകാണിച്ചിട്ടുള്ള തീക്ഷ്ണതുയും ധീരതയും സ്ഥിരതയും പ്രശംസനീയമാണ്. ഭീഷണികള്‍ക്കെതിരെ പതറാതെനിന്ന ക്രൈസ്തവരുടെ ഓര്‍മ്മയാണ് സ്ക്കൂത്താരിയിലെ സ്മൃതിമണ്ഡപം ആത്മീയമായി ഇന്നും ഉണര്‍ത്തുന്നത്.
എന്നാല്‍ ദൈവം നമ്മോട് അനുകമ്പാലുവാണ്. ‘കഴുകന്‍റെ ചിറകില്‍ കുഞ്ഞിനെ ഏറ്റിയതുപോലെ കര്‍ത്താവ് തന്‍റെ ജനത്തെ ഏറ്റുകയും, കാക്കുകയും ചെയ്യും. കര്‍ത്താവു നല്കുന്ന സംരക്ഷണയുടെയും, കരുതലിന്‍റെയും പ്രത്യാശയുടെയും പ്രതീകമാണെന്ന് ആല്‍ബേനിയയുടെ ദേശീയ പതാകയിലെ കഴുകനെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.

നവമായ പ്രേഷിത ഉണര്‍വ്വോടെ സുവിശേഷവത്ക്കരണ പാതിയില്‍ അല്‍ബേനിയയുടെ കവാടങ്ങള്‍ ഇന്നു തുറന്നുകിടക്കുകയാണ്. ക്രിസ്തുവിന്‍റെയും അവിടുത്തെ സ്നേഹത്തിന്‍റെയും സാക്ഷികളായിക്കൊണ്ട്, കൂടുതല്‍ നീതിയും സാഹോദര്യവുമുള്ള സമൂഹം വളര്‍ത്തിയെടുക്കുവാന്‍ പരിശ്രമിക്കാം. ക്രിസ്തുവിനെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശ്വാസം അനുദിന ജീവിതമേഖലകളില്‍ പങ്കുവയ്ക്കുകയും, പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട്......... ക്രിസ്തു സ്നേഹവും സന്തോഷവും പങ്കുവയ്ക്കാനാവട്ടെ. പ്രാദേശിക സഭയോടു ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ നവമായ സാന്നിദ്ധ്യം സമൂഹത്തില്‍ ഇനിയും പങ്കുവായ്ക്കാന്‍ ക്രൈസ്തവ മക്കള്‍ക്ക് സാധിക്കട്ടെ, വിശിഷ്യാ യുവജനങ്ങള്‍ക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.








All the contents on this site are copyrighted ©.