2014-09-16 09:49:48

യുദ്ധം ഭ്രാന്താണ്
ഇനിയും മനസ്സിലാക്കാത്ത മനുഷ്യഭ്രാന്ത്


15 സെപ്തംബര്‍ 2014, റെദിപൂളിയ ഇറ്റലി
ഒന്നാം ലോകമഹായുദ്ധത്തിന്‍റെ 100-ാം വാര്‍ഷിക അനുസ്മരണയില്‍ വടക്കേ ഇറ്റലിയിലെ റെദിപൂളിയാ സന്ദര്‍ശിച്ച പാപ്പാ ഫ്രാന്‍സിസ് മരണമടഞ്ഞ സൈനികരുടെ ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലിയര്‍പ്പിച്ചു. ഓസ്ട്രോ-ഹങ്കേറിയന്‍ സിമിത്തേരിയിലെ അതിമനോഹരമായ സ്മൃതിമണ്ഡപത്തിലാണ് പാപ്പാ ഉപചാരമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്.
ദൈവത്തിന്‍റെ സൃഷ്ടിയെ നശിപ്പിക്കുന്നതു തിന്മയാണു യുദ്ധമെന്ന് പാപ്പാ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. ദൈവം ഈ ലോകത്തെ വളരെ മനോഹരമായി സൃഷ്ടിക്കുകയും തന്‍റെ സൃഷ്ടി കര്‍മ്മത്തില്‍ മനുഷ്യനെ പങ്കുചേര്‍ക്കുകയും ചെയ്തു. എന്നാല്‍ യുദ്ധം മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും സ്നേഹവും നശിപ്പിക്കുന്നു. അസൂയ അസഹിഷ്ണുത, അധികാരമോഹം ഇവയെല്ലാമാണ് യുദ്ധത്തിനു കാരണമാകുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നാം നമ്മോടുതന്നെ ചോദിക്കണം ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ, എന്ന് പാപ്പാ ചിന്തോദ്ദീപകമായി ചോദിച്ചു. സുവിശേഷത്തിലൂടെ ക്രിസ്തു നമ്മോടു പറയുന്നത് എന്‍റെ ഈ എളിയ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത് എന്നാണ്. വിശുപ്പും ദാഹവുംരോഗവും മൂലം ക്ലേശിക്കുന്നവരുടെയും തടവറയില്‍ കഴിയുന്നവരുടെയും കാര്യത്തില്‍ ശ്രദ്ധിക്കുകയും സഹോരനായി കാണുകയും ചെയ്യുന്നവര്‍ക്കാണ് ദൈവത്തിന്‍റെ സന്തോഷത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നതെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

ഇന്ന് നാം യുദ്ധത്തില്‍ വീരചരമം അടഞ്ഞവരെ അനുസ്മരിക്കുകയാണ്. മനുഷ്യര്‍ ഇന്ന് സഹോദരങ്ങളെക്കാള്‍ അധികാരത്തിനും ധനത്തിനും നേട്ടങ്ങള്‍ക്കുമാണ് പ്രാധാന്യം നല്കുന്നത്.
ജീവിതത്തില്‍ ശ്രേഷ്ഠമായിട്ടുള്ളത് സ്വീകരിക്കുക, തെറ്റുകള്‍ മനസ്സിലാക്കുക, അവയെക്കുറിച്ച് മനസ്തപിക്കുക, ക്ഷമയാചിക്കുക ഇവയാണ്. അതിനാല്‍ ഹൃദയ പരിവര്‍ത്തനമാണ് ഇന്ന് ലോകത്ത് ആവശ്യമായിരിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഞായറാഴ്ച വത്തിക്കാനില്‍ നടത്തപ്പെട്ട ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിലും പാപ്പാ ഫ്രാന്‍സിസ് വിഷമത്തോടെ ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചു മാത്രമല്ല, ഇന്നും ലോകത്ത് പെരുകിവരുന്ന യുദ്ധകോലഹലങ്ങളെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചു.
ഒന്നാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ 80-ലക്ഷത്തോളം ഭടന്മാരുടെയും അത്രത്തോളം തന്നെ, അല്ലെങ്കില്‍ അതിലേറെ സാധാരക്കാരുടെയും കൂട്ടക്കുരുതിയുടെ ഓര്‍മ്മ ഭീതിദമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

യുദ്ധം മനുഷ്യന്‍റെ ഭ്രാന്താണ്. ഇനിയും അനുഭവത്തില്‍നിന്നും പഠിക്കാത്ത ഭ്രാന്ത് തുടരുകയാണെന്ന് പാപ്പാ മാനസിക സംഘര്‍ഷത്തോടെ പ്രസ്താവിച്ചു.
ഒന്നാം ലോകമഹയുദ്ധത്തിനുഷേശം, രണ്ടാം ലോകമഹായുദ്ധവും പിന്നെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന ലോകവ്യാപകമായുള്ള ചെറുതും വലുതുമായ
യുദ്ധങ്ങളും കലാപങ്ങളും ചുറ്റം മനുഷ്യയാതനയുടെ കരിംപടലം ഉയര്‍ത്തുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. യുദ്ധവും തിന്മയും മരണവും വര്‍ദ്ധിക്കുന്ന ലോകത്ത് ക്ഷമയും നന്മയുംകൊണ്ടുമാത്രമേ, പകയെയും തിന്മയെയും കീഴടക്കാനാവൂ എന്നാണ് ക്രിസ്തുവിന്‍റെ
കുരിശ് ഉദ്ബോധിപ്പിക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.