2014-09-16 18:40:49

യാചനാ സങ്കീര്‍ത്തനങ്ങളിലെ
ദൈവത്തിന്‍റെ സഹനദാസന്‍ (24)


RealAudioMP3
യാചനാ സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണമാണ് ഇത്തവണയും നാം പഠിക്കുന്നത്. ദൈവത്തിന് തന്‍റെ ഭക്തരോടുള്ള ബന്ധം സ്നേഹമസൃണവും കൃപാപൂര്‍ണ്ണവുമാണെന്ന് സങ്കീര്‍ത്തനങ്ങള്‍ പ്രസ്താവിക്കുന്നു. എല്ലാം അറിയുന്നവനും സര്‍വ്വവ്യാപിയുമായ ദൈവത്തോട് തന്‍റെ ബലീനതകള്‍ സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. കര്‍ത്താവിന്‍റെ ഗേഹത്തിലായിരിക്കാന്‍ യോഗ്യന്‍ ആരാണ്, എന്ന സങ്കീര്‍ത്തകന്‍റെ ചോദ്യത്തിന് അദ്ദേഹം തന്നെ ഉത്തരം തരുന്ന ശൈലിയാണ് ഇവിടെ കാണുന്നത്. പുരാതനവും പൗരസ്ത്യവുമായ പരമ്പര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രാര്‍ത്ഥനാ ശൈലിയാണിതെന്നുവേണം മനസ്സിലാക്കുവാന്‍.

മാതൃകയായിട്ട് നാം ഇന്ന് ഉപയോഗിക്കുന്നത് 15-ാമത്തെ സങ്കീര്‍ത്തനമാണ്.
‘കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിക്കുവാന്‍ യോഗ്യന്‍ ആരാണ്. നീതിയുള്ളവനും സത്യസന്ധനും സഹോദരങ്ങളോട് സ്നേഹത്തോടെ വര്‍ത്തിക്കുന്നവനും,’’ എന്ന് പ്രകീര്‍ത്തിക്കുന്ന ഗീതം, വീണ്ടും ഇസ്രായേലിന്‍റെ യാഹ്വേയിലുള്ള ആശ്രയം വ്യക്തമാക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ മലയാള പരിഭാഷയിലും അവയുടെ ഗാനാവിഷ്ക്കാരത്തിലും അഗ്രഗണ്യനായിരുന്ന ഫാദര്‍ ആബേല്‍ സി..എം.ഐ ഗാനാവിഷ്ക്കാരംചെയ്ത സങ്കീര്‍ത്തനം ആലപിച്ചിരിക്കുന്നത് രാജേഷ് എച്ച്. സംഗീതം, കെ. കെ. ആന്‍റെണി.

Musical version of Ps. 15 verse (1)

നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ
പാവനമാം നിന്‍ മാമലയിങ്കല്‍
പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോ-
രെന്‍ കര്‍ത്താവേ, ആരീഭൂവില്‍.
- നിന്‍ ഗേഹത്തില്‍


കര്‍ത്താവ് സീയോനെ സ്ഥാപിച്ചിരിക്കുന്നു. അവിടെ ജനമദ്ധ്യത്തിലുള്ള പീഡിതരും പാവങ്ങളും അഭയം കണ്ടെത്തുന്നത് സിഹിയോനിലാണ്, ജരൂസലേമിലാണ്. യാഹ്വേയുടെ സഹായത്തിന് പാവങ്ങള്‍ക്ക് അവകാശമുണ്ട്. അവരെ സഹായിക്കുവാനാണ് ഇസ്രായേലിന്‍റെ ദൈവം ജരൂസലത്ത് സന്നിഹിതനായിരിക്കുന്നത്. അതുകൊണ്ട്, ‘ദരിദ്രനാ’യി സ്വയം വിശേഷിപ്പിക്കുന്ന ഏതൊരുവനും ദരിദ്രര്‍ക്കുള്ള അവകാശത്തിന് യോഗ്യതയുള്ളവനാണ്. ദരിദ്രരോടൊപ്പം നീതിമാന്മാരെയും വിലാപ സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളില്‍ കാണുവാന്‍ സാധിക്കും.
അവര്‍ക്ക് ദൈവത്തിന്‍റെ സംരക്ഷണവും തിരുസന്നിധാനത്തിലേയ്ക്ക് പ്രവേശനവും ലഭിക്കുമെന്നാണ് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നത്. എന്നാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവനും ദുഷ്ടനും, പാപിക്കും അവിശ്വാസിക്കും,
നിയമനിഷേധിക്കും, അനീതി പ്രവര്‍ത്തിക്കുന്നവനും അവിടുത്തെ മുമ്പില്‍ നില്ക്കാന്‍ സാധിക്കുകയില്ല. നീതിമാന്‍ ഉടമ്പടിയുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നു. യാഹ്വേയുടെ സഹായത്താല്‍ നീതിമാനെതിരായ എല്ലാ ആരോപണങ്ങളില്‍നിന്നും അവനു മോചനം ലഭിക്കുന്നു.

മൃതലോകത്തിലെ തിരമാലകളുടെ ആക്രമണത്തിലും, ജലാശയങ്ങളുടെ പ്രവാഹങ്ങളിലും പെട്ട് അവന്‍ നട്ടം തിരിയുകയാണ്. പാതാളപാശം അവനെ വരിഞ്ഞു മുറുക്കുന്നു, മരണത്തിന്‍റെ കരുക്ക് അവന്‍റെമേല്‍ വീഴുന്നു. ദൈവിക തലങ്ങളില്‍നിന്നകന്ന് വിദൂരസ്ഥമായ ആഴമുള്ള ചേറ്റിലും ജലത്തിലും അവന്‍ എത്തിയിരിക്കുന്നു. മരിച്ചവരുടെ ലോകത്തില്‍ അവന്‍ എത്തിക്കഴിഞ്ഞു. ജീവചലനത്തിന്‍റെ കുറവും, ശാരീരിക അവസ്ഥയും, ശാരീരിക ശക്തിയുടെ വാട്ടവും കോട്ടവും, ജീവശക്തിയുടെ ന്യൂനീകരണവും പാതാളത്തിന്‍റെ പിടിമുറുക്കലായിട്ടാണ് സങ്കീര്‍ത്തകന്‍ വിവരിക്കുന്നത്. അഗാധങ്ങളില്‍ സ്ഥിതിചെയ്യുന്ന പാതാളം ജീവന്‍റെ തലങ്ങളെ ആക്രമിക്കുകയാണ്. ഇതു ജീവശക്തിയുടെ പരമശത്രുവാണ്. യാഹ്വേയില്‍നിന്നും ആരാധനയില്‍നിന്നും വളരെ അകന്ന തലമാണിത്. ഇതിന്‍റെ അതിര്‍ത്തികളില്‍ കഴിയുന്നവന്‍ ദൈവത്തില്‍നിന്നു വളരെ അകലെയാണ്. ദൈവം ഒരാളെ കൈവിടുന്നതിലാണ് ഏറ്റവും വലിയ ദുഃഖവും സംഭ്രാന്തിയും വേദനയും അടങ്ങിയിരിക്കുന്നത്, അങ്ങനെ. മരണത്തിന്‍റെ തലത്തിലെ വേദനയാണ് അയാള്‍ അനുഭവിക്കുന്നത്. വിലാപങ്ങളില്‍ ആരാധകരുടെ ശൈലിയും ഭാവവും സാധാരണ ദുഃഖങ്ങളെയും, സ്വാഭാവികമായ അന്യായ പ്രവൃത്തികളും, അനീതിയും അതിലംഘിക്കുന്നതായി സങ്കീര്‍ത്തകന്‍ വിശേഷിപ്പിക്കുന്നു.

Musical version of Ps. 15 verse (2)

1. വ്യാപാരത്തില്‍ നിഷ്ക്കന്മഷനും
ന്യായംമാത്രം നോക്കുന്നവനും
സത്യംതന്നില്‍ പറയുന്നവനും
വഞ്ചന നാവില്‍ തീണ്ടാത്തവനും
- നിന്‍ ഗേഹത്തില്‍

സങ്കീര്‍ത്തകന്‍ തന്‍റെ ദുഃഖങ്ങള്‍ വിവരിക്കാന്‍ വ്യക്തിഗതമല്ലാത്ത ഉപമകളാണ് ഉപയോഗിക്കുന്നത്. പാതാളത്തിലേയ്ക്കു വലിച്ചെറിയപ്പെടുക, ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുക, എന്താണവയെന്ന് അവര്‍ക്ക് അറിവുണ്ട്. വൈരിയുടെ ഏതൊരു ആക്രമണത്തിലും പീഡനത്തിലും ഇതാണ് സംഭവിക്കുന്നത്. പീഡനവും ഞെരുക്കവും കഠിനദുഃഖവും കഠോരവേദനയും അളന്നു തിട്ടപ്പെടുത്തുക സാദ്ധ്യമല്ല, പ്രത്യേകിച്ച് യാഹ്വേയുടെ മുമ്പില്‍! യാഹ്വേയുമായുള്ള ബന്ധത്തിലാണ് വേദനയുടെ ഭാരവും നിത്യതയും മനസ്സിലാക്കുക. എന്നാല്‍ യാഹ്വേയുമായുള്ള ബന്ധത്തിന്‍റെ മാനദണ്ഡം അനുദിനജീവിതത്തിലെ നീതിനിഷ്ഠവും, സത്യസന്ധവും വഞ്ചനയില്ലാത്തതും, ചുരുക്കത്തില്‍ സഹോദരബന്ധിയുമായൊരു ജീവിതമാണെന്ന് സങ്കീര്‍ത്തന പദങ്ങള്‍ വ്യക്തമാക്കുന്നു.

ഇവിടെ സങ്കീര്‍ത്തകന്‍റെ ഭാഷയുടെ അതിശയോക്തി ശ്രദ്ധേയമാണ്. ദൈവത്തിന്‍റെ ദാസനായ നീതിമാനാണ് ഇവിടെ അതികഠിനമായി സഹിക്കുന്നത്. ആഴത്തില്‍നിന്നാണ്, അത്യാഗാധത്തില്‍ നിന്നാണ്, ആക്രോശങ്ങളും മുറവിളിയും, മുഴങ്ങിക്കേള്‍ക്കുന്നത്.
ശത്രുവിന്‍റെ സാമീപ്യം ഈ മുറവിളികളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു. രോഗിയെ കാണുമ്പോള്‍ ശത്രുവിന്‍റെ പ്രതികരണം ഇപ്രകാരമാണ് - പാപം ചെയ്തതുകൊണ്ട് ദൈവം അവനെ പ്രഹരിച്ചിരിക്കുന്നു. ശാരീരിക സഹനത്തോടൊപ്പം ആരോപണ-ശരവര്‍ഷവും അയാള്‍ അനുഭവിക്കുന്നത്. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നുപോലും ഇതുപോലുള്ള പെരുമാറ്റവും സംഭാഷണവും പ്രതികരണവുമാണ് ലഭിക്കുന്നത്. അവര്‍ വ്യാജാരോപണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും സല്‍ക്കര്‍മ്മിയെ, നീതിമാനെ ദൈവത്തില്‍നിന്ന് വേര്‍പെടുത്താന്‍ തത്രപ്പെടുകയാണ്. ചുരുക്കത്തില്‍, നീതിമാനെ ശിക്ഷാര്‍ഹനായി പ്രഖ്യാപിക്കണം. അതിനുവേണ്ടി ശാപവചസ്സുകളുടെ ഒളിയമ്പുകള്‍ അവനെതിരായി തൊടുത്തുവിടുകയാണ്. ശാപത്തിന്‍റെ പ്രവാഹത്തില്‍ അവന്‍ നശിച്ചുപോകണമത്രേ. അധിക്ഷേപവും നിന്ദയും നിറഞ്ഞ അവരുടെ വാക്കുകള്‍ നോക്കൂ -. ‘എവിടെ നിന്‍റെ ദൈവം....?’ എന്നുപോലും അവര്‍ ആക്രോശിക്കുന്നു.

Musical version of Ps. 15 verse (2)

2. നിസ്സാരതരം തിന്മകള്‍പോലും
സ്നേഹിതനെതിരായ് ചെയ്യാത്തവനും
അയല്‍വാസികളെ ദ്രോഹിപ്പതിനായ്
കൈക്കൂലിയിനം വാങ്ങാത്തവനും.
- നിന്‍ ഗേഹത്തില്‍

ദൈവം ഉപേക്ഷിച്ച മനുഷ്യന്‍, പാവപ്പെട്ടവന്‍ ദൈവത്തില്‍നിന്ന് വേര്‍തിരിഞ്ഞു പോകണമെന്നതാണ് ശത്രുവിന്‍റെ ആഗ്രഹവും പരിശ്രമവും. അതുകൊണ്ടാണ്, നീതിമാനെതിരായ അനീതിപൂര്‍വ്വകമായ ആരോപണങ്ങളും പീഡനങ്ങളും അപവാദവര്‍ഷവും സാധാരണയായി സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്. കുറ്റമാരോപിക്കപ്പെടുന്നവരുടെ പ്രാര്‍ത്ഥനയാണ് വ്യക്തിയുടെ വിലാപകീര്‍ത്തനങ്ങളില്‍ പലതും. അവരെ പീഡിപ്പിക്കുന്നവര്‍ അവര്‍ക്കു ചുറ്റും മൃഗത്തെ എന്നപോലെ വളഞ്ഞുനില്ക്കുന്നു. അപ്പോള്‍ നിരപരാധി ദൈവത്തില്‍ അഭയം തേടാന്‍ പരിശ്രമിക്കുന്നു. പീഡിപ്പിക്കപ്പെടുന്നവര്‍ക്കും കുറ്റമാരോപിക്കപ്പെടുന്നവര്‍ക്കുമുള്ള അഭയസ്ഥാനവും രക്ഷാകേന്ദ്രവുമാണ് ദേവാലയം. പാവപ്പെട്ടവര്‍ക്കുള്ള, anawim-അനാവിമിനുള്ള അവകാശവും, നിയമത്തിന്‍റെയും ദൈവത്തിന്‍റെയും സഹായവും സ്വായത്തമാക്കാനാണ് അവര്‍ അങ്ങോട്ടു വരുന്നത്. കാരണം, ജനതകളുടെ വിധിയാളനായ യാവേയുടെ സിംഹാസനം സെഹിയോനിലാണ്. പീഡിതരും പാവപ്പെട്ടവരും ദരിദ്രരും കുറ്റമാരോപിക്കപ്പെടുന്നവരും ദൈവത്തോട് സാഹയം അപേക്ഷിക്കുന്നു. അവരുടെ ഹൃദയരഹസ്യങ്ങളെല്ലാം സര്‍വ്വജ്ഞാനിയായ ദൈവത്തിന്‍റെ മുമ്പില്‍ നിരത്തിവയ്ക്കപ്പെടുന്നു. അവിടുത്തെ ന്യായവിധി അവര്‍ എളിമയോടെ സ്വീകരിക്കുന്നു.

‘എന്നെ സുഖപ്പെടുത്തണേ,’ എന്നു രോഗികള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ശുദ്ധഹൃദയത്തിനായിട്ടാണ് അപേക്ഷിക്കുന്നത്. ‘എന്നെ വിധിക്കണേ,’ എന്നാണ് കുറ്റമാരോപിക്കപ്പെടുന്നവര്‍ പ്രാര്‍ത്ഥിക്കുന്നത്.
യാവേ ഇടപെടണം, ശക്തി കാണിക്കണം, രക്ഷ പ്രദാനംചെയ്യണം, ശത്രുക്കളെ തോല്പിക്കണം എന്ന് വിലപിക്കുന്ന സമൂഹത്തിന്‍റെ ആഗ്രഹവും പ്രതീക്ഷയും. അതുകൊണ്ടാണ് അവര്‍, വിളിച്ചു പറയുന്നത്, നിലവിളിക്കുന്നത്, കരയുന്നത്, കേണപേക്ഷിക്കുന്നത്, യാചിക്കുന്നത്. യാഹ്വേയുടെ നീതിക്കും, ബഹുമാനത്തിനും, വിശ്വസ്തതയ്ക്കും, രക്ഷയ്ക്കും, വാഗ്ദാനത്തിനുംവേണ്ടി അവര്‍ അപ്പീല്‍ കൊടുക്കുകയാണ്. അവിടുത്തെ അത്ഭുതചെയ്തികളുടെ അനുഭവങ്ങളും സാക്ഷൃങ്ങളും അവര്‍ അനുസ്മരിക്കുന്നു. അവിടുത്തെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ ഇടയാക്കണമേ, എന്നാണ് അവരുടെ പ്രാര്‍ത്ഥന. അങ്ങനെ എല്ലാ വിലാപ പ്രാര്‍ത്ഥനകളും യാചനകളും വിശ്വാസികളുടെ നിലയ്ക്കാത്ത പ്രത്യാശയും ശരണവുമാണ് പ്രകടമാകുന്നത്. വിലാപസങ്കീര്‍ത്തനത്തിന്‍റെ ഓരോ പദങ്ങളിലും ദൈവിക ചിന്തകള്‍ തെളിഞ്ഞുനില്ക്കുന്നു, ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.

Psalm 15 Musical Version :

നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ
പാവനമാം നിന്‍ മാമലയിങ്കല്‍
പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോ-
രെന്‍ കര്‍ത്താവേ, ആരീഭൂവില്‍.
- നിന്‍ ഗേഹത്തില്‍

വ്യാപാരത്തില്‍ നിഷ്ക്കന്മഷനും
ന്യായംമാത്രം നോക്കുന്നവനും
സത്യംതന്നില്‍ പറയുന്നവനും
വഞ്ചന നാവില്‍ തീണ്ടാത്തവനും
- നിന്‍ ഗേഹത്തില്‍








All the contents on this site are copyrighted ©.