2014-09-11 18:20:24

സ്നേഹസംസ്ക്കാരം ഭീകരതയ്ക്കു
മുന്നില്‍ അറ്റുപോകരുത്


11 സെപ്തംബര്‍ 2014, വാഷിങ്ടണ്‍
സ്നേഹസംസ്ക്കാരം വളര്‍ത്താനുള്ള തീക്ഷ്ണത അറ്റുപോകരുതെന്ന്, പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു.

സെപ്തംബര്‍ 10-ാം തിയതി വാഷ്ങ്ടണില്‍ സമ്മേളിച്ച ക്രൈസ്തവരുടെ സംരക്ഷണത്തിനായുള്ള പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ്
കര്‍ദ്ദിനാള്‍ സാന്ദ്രി, വത്തിക്കാന്‍റെ പേരില്‍ തന്‍റെ നിരീക്ഷണം തുറന്നടിച്ചത്.

മദ്ധ്യപൂര്‍വ്വദേശത്ത് ഇന്ന് നടമാടുന്ന പീഡനത്തിന്‍റെയും ന്യൂനപക്ഷ വിദ്വേഷത്തിന്‍റെയും എല്ലാത്തരം തിന്മകളെയും ക്രൂരതയെയും കര്‍ദ്ദിനാള്‍ തന്‍റെ പ്രഭാഷണത്തില്‍ അപലപിച്ചു.

2000-വര്‍ഷം പഴക്കമുള്ള ക്രൈസ്തവീകതയുടെ പിള്ളത്തൊട്ടില്‍ തകര്‍ത്ത് ഇസ്ലാമിക സമ്രാജ്യം പടുത്തുയര്‍ത്താനുള്ള ശ്രമം മാനവസംസ്ക്കാരത്തിനും മനുഷ്യാന്തസ്സിനും നിരക്കാത്തതും അപമാനകരമാണെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ മദ്ധ്യപൂര്‍വ്വ ദേശത്തു മാത്രമല്ല, എവിടെയും ഒത്തൊരുമിച്ചുനിന്നുകൊണ്ട്, ലൗകിക സമ്പത്തിന്‍റെ സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ മൃഗീയമായി മനുഷ്യരോടു പെരുമാറുന്ന സംസ്ക്കാരത്തിനെതിരെ, സ്നേഹസംസ്ക്കാരത്തിന്‍റെയും മാനവികതയുടെയും നിയോഗവുമായി, ന്യൂപക്ഷങ്ങളോടു ചേര്‍ന്നുനിന്ന് സത്യത്തിന്‍റെയും നീതിയുടെയും പാതയില്‍ പോരാടണമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി സഭകളുടെ അദ്ധ്യക്ഷന്മരോടും രാഷ്ട്രത്തലവന്മാരോടും പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.