2014-09-11 17:44:41

ലോകത്തിന്‍റെ യുക്തിക്കിണങ്ങാത്ത
സുവിശേഷ കാരുണ്യത്തെക്കുറിച്ച്


11 സെപ്തംബര്‍ 2014, വത്തിക്കാന്‍
ശത്രുവിനെ സ്നേഹിക്കുന്നതും, നന്മചെയ്യുന്നതും, ആശീര്‍വ്വദിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും, സഹകരിക്കുന്നതുമായ, സ്വപരിത്യാഗത്തിന്‍റെ യുക്തിയാണ് ക്രിസ്തു പഠിപ്പിച്ചതെന്നും, ദൈവികകാരുണ്യമാണ് ഇതിന് ആധാരമെന്നും, അത് ലോകത്തിന്‍റെ യുക്തിക്ക് ഇണങ്ങാത്തതാണെന്നും, വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.

സെപ്തംബര്‍ 11-ാം തിയതി രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

അതിരുകളില്ലാതെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ ശൈലിയാണിതെന്നും, ഇതുതന്നെയാണ് സുവിശേഷത്തിന്‍റെ നവീനതയും മൗലിക വീക്ഷണവുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

കലവറയില്ലാതെ തന്നെത്തന്നെ ലോകത്തിനു നല്കിയ ക്രിസ്തുവിന്‍റെ ജീവിത മാതൃകയാണ് നാം സുവിശേഷത്തില്‍ കാണുന്നത്. ഇതാണ് ക്രൈസ്തവ ജീവിതത്തിന്‍റെ എളുപ്പമല്ലാത്ത വെല്ലുവിളി. അതിനാല്‍ ക്രൈസ്തവനായിരിക്കുക എളുപ്പമല്ലെന്നും, അത് നമ്മുടെ കരുത്തോ കഴിവോ അല്ല, മറിച്ച് ദൈവകൃപയാണെന്നും പാപ്പാ തന്‍റെ വചനസമീക്ഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു സ്വീകരിച്ചിരിക്കുന്ന നിലപാട് കാരുണ്യത്തിന്‍റേതാണ്, മറിച്ച് ന്യായവിധിയുടെതോ, കാര്‍ക്കശ്യത്തിന്‍റേതോ മാനുഷിക യുക്തിയുടേതോ അല്ലെന്നും, ക്രൈസ്തവര്‍ അനുദിനം ഉരുവിടുന്ന സ്വാര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയിലെ, ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ... എന്ന പ്രയോഗത്തോട് നാം യുക്തിഭദ്രമായും, ആത്മീയ അവബോധത്തോടുംകൂടെ ജീവിക്കാന്‍ പരിശ്രമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.