2014-09-10 19:28:15

സഭാമാതാവ് കാരുണ്യത്തിന്‍റെ
അദ്ധ്യാപികയെന്ന് പാപ്പാ ഫ്രാന്‍സിസ്


10 സെപ്തംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നല്കിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ
പ്രസക്ത ഭാഗങ്ങള്‍:

ഈ പ്രബോധന പരമ്പരയില്‍ നാം സഭയെ അമ്മയായി കാണുകയായിരുന്നു. എപ്രകാരം
സഭ നമ്മെ വചനത്തിന്‍റെ ശക്തിയാലും പ്രഭയാലും ഈ ലോകജീവിതത്തില്‍ വളരുവാന്‍ സാഹായിക്കുന്നു, എപ്രകാരം തിന്മയെ പ്രതിരോധിച്ചു ജീവിക്കുവാന്‍ പര്യാപ്തമാക്കുന്നു
എന്ന് കാണ്ടതാണ്. ഇത്തവണ സഭാമാതാവിന്‍റെ പ്രബോധനാധികാരത്തിലെ മറ്റൊരു പ്രത്യേകതയെക്കുറിച്ച് പറയാനാണ് ആഗ്രഹിക്കുന്നത്. നമ്മെ കാരുണ്യപ്രവര്‍ത്തികള്‍ അഭ്യസിപ്പിക്കുന്ന അദ്ധ്യാപികയാണ് സഭാമാതാവ്.

നല്ല അദ്ധ്യപകന്‍, അദ്ധ്യപിക എപ്പോഴും തന്‍റെ പ്രബോധന പദ്ധതിയില്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രം കേന്ദ്രീകരിക്കുന്നു. സുവിശേഷത്തിലെ ഏറെ പ്രസക്തമായൊരു വിഷയമാണ് കാരുണ്യം. തന്‍റെ പ്രബോധത്തിന്‍റെ സാരാംശംപോലെ ക്രിസ്തു ശിഷ്യന്മാരോടു പ്രസ്താവിച്ചു,
“എന്‍റെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (ലൂക്കാ 6, 36). ക്രിസ്തുവിനോട് വിശ്വസ്തയായി നിന്നുകൊണ്ട് സഭാമാതാവ് ഈ പ്രബോധനം തന്നെയാണ് ആവര്‍ത്തിക്കുന്നത്. ‘പിതാവ് നമ്മോടു കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ, കരുണയുള്ളവരായിരിക്കുക, ക്രിസ്തു കരുണയുള്ളവനായിരുന്നതുപോലെ കരുണയുള്ളവരായിരിക്കുക.’

സഭ ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നത് അവിടുത്തെ സ്നേഹവും കാരുണ്യവും പഠപ്പിച്ചുകൊണ്ടാണ്. എന്നാല്‍ അത് തത്വശാസ്ത്രമോ, വൈജ്ഞാനിക ശാസ്ത്രമോ ആയി മാത്രം കൈമാറുകയല്ല, മറിച്ച് സഭാമാതാവ് അദ്ധ്യാപികയുടെ സ്ഥാനത്തുനിന്നുകൊണ്ട് തന്‍റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ജീവിതമാതൃകകൊണ്ടും ക്രിസ്തുവിനെപ്പോലെ ദൈവികകാരുണ്യത്തിന്‍റെ സുവിശേഷം പങ്കുവയ്ക്കുകയും, പ്രവൃത്തികളെ വചനത്തിന്‍റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടാണ്.

വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുവാനും, ദാഹിക്കുന്നവര്‍ക്ക് കുടിക്കുവാന്‍ കൊടുക്കുവാനും, നഗ്നരായവര്‍ക്ക് വസ്ത്രം നല്കുവാനും സഭാമാതാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. അത് എങ്ങനെയുന്നു ചോദിച്ചാല്‍....?? ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് മാതൃകാപരമായി ഇക്കാര്യങ്ങള്‍ ചെയ്തിട്ടുള്ള വിശുദ്ധാത്മാക്കളുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞാല്‍ മതിയാകും. വേണ്ട, ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വിഷമിക്കുന്നവരെ സഹായിക്കുവാന്‍, തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന ക്രൈസ്തവ മാതാപിതാക്കളുടെ ജീവിതം ശ്രദ്ധിച്ചാല്‍ മതിയാകും. ക്രൈസ്തവ കുടുംബങ്ങളിലെ ആതിഥ്യമര്യാദയും ഈ ദൈവികകാരുണ്യത്തിന്‍റെ ഭാഗമാണ്. ആവശ്യത്തിലായിരിക്കുന്നവര്‍ക്ക്, വേണ്ടിവന്നാല്‍ കിടക്കാന്‍ ഒരിടവും, ഒരുനേരത്തെ ഭക്ഷണമെങ്കിലും നല്കുവാന്‍ നാം എപ്പോഴും സന്നദ്ധരായിരിക്കണം.

അമ്മയും 3 മക്കളും ഭക്ഷണത്തിനിരുന്നപ്പോള്‍, ഉമ്മറത്ത് ആരോ വന്നു മുട്ടി. യാചകനായിരുന്നു. മക്കളോട് അവര്‍ക്കുള്ള ഇറച്ചിയുടെയും റൊട്ടിയുടെയും പകുതി വീതം മുറിച്ച് പാവം മനുഷ്യനു കൊടുപ്പിച്ച അമ്മയുടെ മാതൃക, തന്‍റെ ചിന്തകള്‍ വിശദീകരിക്കാന്‍ പാപ്പാ ജനങ്ങളുമായി പങ്കുവച്ചു.

രോഗീ പരിചരണം സഭാ മാതാവിന്‍റെ കാരുണ്യത്തിന്‍റെ മറ്റൊരു പ്രബോധനമാണ്. രോഗികളോടു ക്രിസ്തു കാണിച്ച കരുണാദ്രസ്നേഹം അനുകരിച്ചുകൊണ്ട്, എത്രയോ സ്ത്രീ പുരുഷന്മാരാണ് സഭയുടെ ഈ പ്രേഷിത മേഖലയില്‍ സമര്‍പ്പിതരായിരിക്കുന്നത്. വീട്ടില്‍ത്തന്നെയും, അല്ലെങ്കില്‍ ആശുപത്രിയിലോ, ആതുരാലയത്തിലോ, അഗതിമന്ദിരത്തിലോ രോഗീപരിചരണത്തില്‍ വ്യാപൃതരായിരിക്കുന്നവര്‍ ആയിരങ്ങളാണെന്ന് മറക്കരുത്.

അതുപോലെ ജയിലില്‍ ആയിരിക്കുന്നവര്‍ക്കും, തടങ്കലില്‍ പാര്‍ക്കുന്നവര്‍ക്കും സഭാമാതാവ് ക്രിസ്തുവിന്‍റെ കരുണാര്‍ദ്രഭാവം പകര്‍ന്നു നല്കുന്നുണ്ട്. ജയിലില്‍ കിടക്കുന്നവര്‍ മോശക്കാരാണ്, അവരുടെ പക്കല്‍ പോകുന്നത് അപകടമാണ് - എന്ന് ചിന്തിക്കരുതെന്ന് പാപ്പാ എടുത്തുപറഞ്ഞു. അവര്‍ക്കു സംഭവിച്ചത്, ആര്‍ക്കും സംഭവിക്കാമെന്നും, നാമും പാപികളും ബലഹീനരുമാണെന്നും, അതിനാല്‍ ജയില്‍വാസികളെയും കാരുണ്യത്തില്‍ ആശ്ലേഷിക്കാന്‍ നമുക്കാവണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

എല്ലാ തടങ്കലുകളുടെയും, പ്രതിരോധനങ്ങളുടെയും കനത്ത ഭിത്തികള്‍ തകര്‍ത്ത് മനുഷ്യര്‍ക്ക് ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമുഖം അനുഭവവേദ്യമാക്കുവാനും, ക്രിസ്തുവിന്‍റെ കാരുണ്യം പങ്കുവയ്ക്കുവാനുമാണ് സഭ നമ്മെ അഹ്വാനംചെയ്യുന്നത്. ഇത്, മനുഷ്യഹൃദയങ്ങളെയും ജീവിതങ്ങളെയും മാറ്റിമറിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ പ്രവൃത്തിയായിരിക്കുമെന്ന് പാപ്പാ സമര്‍ത്ഥിച്ചു. അത് മനുഷ്യജീവിതങ്ങളെ പുനരാവിഷ്ക്കരിക്കുകയും, സ്വതന്ത്രമാക്കുകയും, ജീവിതം നവമായി ക്രമീകരിക്കാന്‍ പ്രചോദനമാവുകയും ചെയ്യും.

അവസാനമായി ഏകാന്തതയില്‍ മരണത്തെ അഭിമുഖീകരിക്കുന്നവരെ പരിചരിക്കുവാനും സഭാമാതാവ് പഠിപ്പിക്കുന്നുണ്ട്. ഇതാണ്, കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ ചെയ്തത്. ഇത് സമയം-കൊല്ലിയും പാഴ്വേലയുമായി ചിലര്‍ക്കെങ്കിലും തോന്നാം... ഇന്നും തെരുവോരങ്ങളില്‍ മരിക്കുന്നവരുടെ ചാരത്തായിരിക്കുവാനും, അവര്‍ക്ക് തുണയുടെ സഹായഹസ്തം നീട്ടുവാനും സഭാ മക്കള്‍ക്കു കഴിയുന്നു എന്നത് ചാരിതാര്‍ത്ഥ്യ ജനകമാണ്. അന്ത്യനിമിഷങ്ങളില്‍ സഹോദരങ്ങളോടു കാണിക്കുന്ന ഈ കാര്യാതിരേകം, സ്നേഹപൂര്‍ണ്ണമായ യാത്രാമൊഴി – ദൈവം മരണത്തെയും വെല്ലുന്നവനാണ് എന്ന് അനുസ്മരിപ്പിക്കുന്നുവെന്ന് പാപ്പാ പ്രബോധിപ്പിച്ചു.

അങ്ങനെ മക്കളെ കാരുണ്യപ്രവര്‍ത്തികള്‍ അഭ്യസിപ്പിക്കുന്ന അമ്മയും അദ്ധ്യാപികയുമാണ് സഭ. ഇത് ക്രിസ്തുവില്‍നിന്നുമാണ് സഭ പഠിച്ചത്, ഇത് നമ്മുടെ ആത്മരക്ഷയ്ക്ക് അനിവാര്യവുമാണ്. നമ്മെ സ്നേഹിക്കുന്നവരെ നാമും സ്നേഹിക്കുന്നുണ്ട്. നന്മചെയ്യുന്നവര്‍ക്ക് നാം പ്രതിനന്ദിയായി നന്മചെയ്യുമെന്നതിലും സംശയമില്ല. എന്നാല്‍ അതുപോരാ! ഇന്നത്തെ ഈ ലോകത്ത് മാറ്റമുണ്ടാക്കണമെങ്കില്‍, നന്മചെയ്യാത്തവര്‍ക്കു വേണ്ടിയും, നമ്മെ ദ്രോഹിക്കുവന്നവര്‍ക്കു വേണ്ടിയും നന്മയും കാരുണ്യപ്രവര്‍ത്തികളും ചെയ്യുകുയും, അവരെ സ്നേഹിക്കുകയും വേണം. ഇതാണ് ദൈവം നമ്മോടു കാണിച്ചത്. നാം പാപികളായിരിക്കെ ദൈവം തന്‍റെ തിരുക്കുമാരനെ, ക്രിസ്തുവിനെ നമ്മുടെ മദ്ധ്യത്തിലേയ്ക്ക് അയച്ചു. ഇതിനു പ്രതിനന്ദിയായെങ്കിലും നാം എന്തെങ്കിലും ചെയ്യേണ്ടതല്ലേ. എല്ലാം ദൈവം ദാനമായി തന്നു. അതിന് പ്രതിനന്ദിയായി നമുക്കും സഹോദരങ്ങള്‍ക്ക് നന്മചെയ്യാം. സഹോദരങ്ങളോട് കരുണ്യുള്ളവരായിരിക്കാം. കാരുണ്യത്തിന്‍റെയും ജീവന്‍റെയും വഴി നമ്മെ പഠിപ്പിക്കുന്ന സഭയെ അമ്മയായി നല്കിയ ദൈവത്തിന് നമുക്ക് നന്ദിപറയാം – എന്ന പ്രസ്താവനയോടെയാണ് പാപ്പാ പ്രബോധനം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.