2014-09-09 17:01:42

യാചനാഗീതങ്ങളിലെ (23)
ദൈവമനുഷ്യ ബന്ധത്തിന്‍റെ പൊരുള്‍


RealAudioMP3
യാചനാ സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണമാണ് ഇത്തവണ നാം പഠനവിഷയമാക്കുന്നത്.
ദൈവത്തിന് തന്‍റെ ഭക്തരോടുള്ള ബന്ധം സ്നേഹമസൃണവും കൃപാപൂര്‍ണ്ണവുമാണെന്ന് സങ്കീര്‍ത്തനങ്ങള്‍ പ്രസ്താവിക്കുന്നു. ഹസീദിം, അനാവിം, ഏവദ് യാഹേ, എന്നീ പ്രയോഗങ്ങളാണ് സങ്കീര്‍ത്തനങ്ങളിലെ ഹെബ്രായ മൂലത്തില്‍ നാം കാണുന്നത്. വിലപിക്കുന്നവരും സഹായം അപേക്ഷിക്കുന്നവരും ദൈവത്തിന്‍റെ ദാസന്മാരായിട്ടാണ് വിശേഷിപ്പിക്കപെടുന്നത്. എല്ലാത്തരം സഹനങ്ങളും അനര്‍ത്ഥങ്ങളും കുറവുകളുമാണ് വിലാപങ്ങളില്‍ വിവരിക്കപ്പെടുന്നത്. രോഗമോ, നീതിയുടെ അവകാശങ്ങളുടെ നിഷേധമോ, പാപമോ ആവാം യാചനാ സങ്കീര്‍ത്തനങ്ങളുടെ അല്ലെങ്കില്‍ വിലാപസങ്കീര്‍ത്തനങ്ങളുടെ പ്രതിപാദ്യവിഷയം. എന്തുതന്നെ ആയാലും അടിസ്ഥാനപരമായി മനുഷ്യന്‍ ദൈവത്തിങ്കലേയ്ക്ക് തിരിയുകയും ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുന്നു എന്നാണ് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നത്.
എല്ലാം അറിയുന്നവനും സര്‍വ്വവ്യാപിയുമായ ദൈവത്തോട് തന്‍റെ പാപങ്ങളെപ്പറ്റിയും രോഗങ്ങളെക്കുറിച്ചും സങ്കീര്‍ത്തകന്‍ ആരായുന്നു. സഹനത്തിന്‍റെ കാരണമായി പലപ്പോഴും പാപത്തെയാണ് കാണുന്നത്. സഹനത്തിന്‍റെയും പീഡനത്തിന്‍റെയും പൊതുവായ വിവരണം മാത്രമാണ് സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്. പുരാതന പൗരസ്ത്യപരമ്പര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രാര്‍ത്ഥനാശൈലിയാണ് നാം ഇവിടെ കണ്ടെത്തുന്നത്.

മാതൃകയായിട്ട് നാം ഇന്ന് ഉപയോഗിക്കുന്നത് 91-ാമത്തെ സങ്കീര്‍ത്തനമാണ്.
‘ദൈവത്തിന്‍റെ തണലില്‍ വസിക്കുന്നവന്‍ ഭാഗ്യവാനാണ്, കര്‍ത്താവേ, അങ്ങേ സന്നിധിയാണെന്‍റെ ശരണം’ എന്ന് പ്രകീര്‍ത്തിക്കുന്ന ഗീതം, ഇസ്രായേലിന്‍റെ യാഹ്വേയിലുള്ള ആശ്രയം വ്യക്തമാക്കുന്നു. ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ ഗാനാവിഷ്ക്കാരംചെയ്ത സങ്കീര്‍ത്തിനം ആലപിച്ചിരിക്കുന്നത് ബിജുനാരായണന്‍.

Musical version of Ps. 91 verse (1)

1. ദൈവത്തിന്‍ തണലില്‍ ചിരമായ് ജീവിക്കുന്നവനും
ദൈവം തുണയേകും നരനും ഭാഗ്യമിയന്നവനാം.
ആശ്രയമങ്ങല്ലോ കനിവിന്‍ കര്‍ത്താവേ, നിത്യം
കൃപയുടെ ഉറവയതും അഭയവുമങ്ങെന്നറിയുന്നു.

സര്‍വ്വമഹോന്നത സ്രഷ്ടാവേ, സ്തുതിഗീതമുണര്‍ത്തുന്നെന്നും
നിന്‍ സന്നിധിതന്നെ ശരണം (2)
link
തീര്‍ത്ഥാടകസമൂഹം തിരുസന്നിധാനത്തില്‍ വന്നെത്തി യാഹ്വേയെ സ്തുതിക്കുകയും ബഹുമാനിക്കുയും ആരാധിക്കുകയും ചെയ്യുന്നു. അവിടുത്തെ ദര്‍ശനം സ്വീകരിക്കുകയും ദൈവത്തിന്‍റെ ഗതകാലങ്ങളിലെ അത്ഭുതചെയ്തികളെ അനുസ്മരിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചാരം പൂശിയും ചാക്കു വസ്ത്രം അണിഞ്ഞും അനര്‍ത്ഥങ്ങളുടെയും ആകുലതകളുടെയും നാളുകളില്‍ തിരുസന്നിധാനത്തില്‍ വിലപിക്കുന്നതിനും സഹായം അപേക്ഷിക്കുന്നതിനുമായും അവര്‍ എത്തിയിരുന്നു. യാഹ്വേ തന്‍റെ ജനത്തെ തിസ്ക്കരിച്ചു എന്നത് വലിയ പരീക്ഷണമാണ്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം. തത്ഫലമായി രക്ഷാകര ചരിത്രം മുഴുവനും പ്രശ്നസങ്കീര്‍ണ്ണമായിരിക്കുന്നു എന്നു മാത്രമല്ല, ഭൂമിയുടെ അടിസ്ഥാനങ്ങളും ഇളകി മറിഞ്ഞിരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവം ചരിത്രത്തിന്‍റെ കര്‍ത്താവാണോ? അവിടുന്ന് എല്ലാവരുടെയും എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും രാജാവുമാണോ? എന്ന ചോദ്യങ്ങളും വിലാപ സങ്ക‍ീര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഉത്തരത്തിനായി വിലപിക്കുന്ന സമൂഹം ചരിത്രത്തിലേയ്ക്കു തിരിഞ്ഞു നോക്കിക്കൊണ്ട് ആത്മശോധന നടത്തുന്നു. അവര്‍ക്ക് യാഹ്വേ ചെയ്ത വലിയ സംഭവങ്ങള്‍, ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പിലും മോചനത്തിലും കാനാന്‍ ദേശം കരസ്ഥമാക്കുന്നതിലും ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍, തുടങ്ങിയവ അനുസ്മരിക്കുന്നു. കര്‍ത്താവുമായി ചെയ്ത ഉടമ്പടിയും അവര്‍ ഓര്‍ക്കുകയാണ്. യാഹ്വേയുടെ ദാസര്‍ ഈ ഉടമ്പടി പാലിച്ചുകൊണ്ടാണ് ജീവിച്ചുപോന്നത്. എല്ലാം ബലഹീനവും നശിച്ചുപോകുന്നതുമാണോ? അലറിപ്പാഞ്ഞു വരുന്ന സമുദ്രത്തെയും ഭീതിപ്പെടുത്തുന്ന പ്രഞ്ച ശക്തികളെയും നിയന്ത്രിക്കുയും നിലയ്ക്കു നിര്‍ത്തുകയും ചെയ്യുന്ന സ്രഷ്ടാവിന്‍റെ ശക്തിയും കരവിരുതും സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നു.
പിന്നെ എന്തുകൊണ്ടാണ് ഈ ദുരിതങ്ങള്‍? എന്തുകൊണ്ടാണ് ദൈവകോപം കത്തിജ്വലിക്കുന്നത്? ഈ ചോദ്യങ്ങളുടെ ഗൗരവവും ഉഗ്രതയും ഊറ്റവും അപ്രതിരോധ്യതയും ശക്തിയും സങ്കീര്‍ത്തന പദങ്ങളില്‍ പ്രതിഫലിക്കുന്നു. തങ്ങളുടെ പൂര്‍വ്വികരുടെ അകൃത്യങ്ങള്‍ ഓര്‍ക്കരുതേ എന്ന് സങ്കീര്‍ത്തകര്‍ അപേക്ഷിക്കുന്നുണ്ട്.
Musical version of Ps. 91 verse (2)

2. രക്ഷിക്കും ദൈവം പാപക്കെണിയില്‍നിന്നെല്ലാം
വ്യര്‍ത്ഥയാര്‍ന്നീടും ലൗകിക മൊഴികളില്‍നിന്നെല്ലാം
തന്നുടെ തൂവലിനാല്‍ ദൈവം നമ്മെ മറച്ചീടുടം
തന്നുടെ ചിറകുകളാല്‍ ദൈവം നമ്മെ കാത്തീടും.

ഭീകരമാം രാവും തെല്ലും ഭീതിവളര്‍ത്തില്ല
പകലിന്‍ ശരണമൊന്നും നമ്മല്‍ പേടിവരുത്തില്ല
നിശയിലെ വചനങ്ങള്‍ ആര്‍ക്കും ഭയമായ് തീരില്ല
മദ്ധ്യാഹ്നക്കാറ്റും ഒട്ടും ഭീതിദമാകില്ല.
- സര്‍വ്വമഹോന്നത.....
link

എങ്ങനെയാണ് യാഹ്വേയുടെ പെരുമാറ്റശൈലി മനസ്സിലാക്കുക. സങ്കീര്‍ത്തനത്തിന്‍റെ കാഴ്ചപ്പാടില്‍ ദൈവത്തിന്‍റെ തിരുവിഷ്ടപ്രകാരമാണ് ദൈവജനം സഹിക്കുന്നത്. അവരുടെ അകൃത്യങ്ങള്‍ നിമിത്തം അവര്‍ പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയാണ്.
ഇവിടെ നാം ന്യായീകരിക്കുന്ന, കുറ്റബോധമില്ലാത്ത ഇസ്രായേലിനെയല്ല കാണുന്നത്, മറിച്ച്, നീഗൂഢതയുടെ നിഴല്‍ വീശിയ ദൈവജനത്തെയാണ്. ഉടമ്പടിയും ഇസ്രായേലിന്‍റെ പാപവും ശിക്ഷയും അവരുടെ ചോജ്യങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും മാനവും നല്കുന്നു. ഇവിടെ ദൈവത്തിന്‍റെ അഭിമാനവും അന്തസ്സും ശക്തിയുമാണ് ചോദ്യംചെയ്യപ്പെടുന്നത്. വിജാതീയര്‍ ഇസ്രായേലിന്‍റെ ദൈവത്തെ നിന്ദിക്കുന്നു. അതുകൊണ്ട്, ദൈവം വാഗ്ദാനംചെയ്ത രക്ഷയ്ക്കുവേണ്ടി അവര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ദൈവജനത്തിന്‍റെ സഹനം വെറും രാഷ്ട്രീയ പ്രതിസന്ധിയായി കണക്കാക്കിയാല്‍ പോരാ. അവ യാഹ്വേയുടെ ലോകചരിത്രത്തിന്മേലുള്ള സാര്‍വ്വത്രിക ശക്തിയെ ചോദ്യം ചെയ്യുന്നതാണ്. അവ രക്ഷാകര ചരിത്രത്തിന്‍റെ അടിസ്ഥാനങ്ങളെ തകര്‍ക്കുന്ന അവര്‍ണ്ണനീയവും അസംഖ്യവുമായ അനര്‍ത്ഥങ്ങളാണ്.

അതുകൊണ്ടാണ് അവര്‍ ഇപ്രകാരം നിലവിളിച്ച് അപേക്ഷിക്കുന്നത്.
ഇസ്രായേലിന്‍റെ ഇടയനേ, ചെവിക്കൊള്ളണമേ, പ്രകാശിക്കണേ.
വെളിപ്പെടുത്തണമേ. രക്ഷിക്കാന്‍ വേഗം വരണമേ. (80). അങ്ങ് എന്നേയ്ക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ? വിലപിക്കുകയും വിളിച്ച് അപേക്ഷിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിന്‍റെ നീതിക്കുവേണ്ടിയുള്ള ആര്‍ദ്രമായ ദാഹവും മോഹവും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ശൈലികളായി തെറ്റിദ്ധരിക്കരുത്, മറിച്ച് ദൈവത്തോടുള്ല സാമീപ്യവും സ്നേഹവുമാണ്.

Musical version of Ps. 91 verse (3)

3. കര്‍ത്താവാണല്ലോ ജീവിതസങ്കേതം നിത്യം
കോട്ടയുമണല്ലോ ആര്‍ക്കും തിന്മവരുത്തില്ല
ബാധളൊറുനാളും നിന്നെ വലയം ചെയ്യില്ല
നിന്നുടെ കൂടാരം മന്നില്‍ രക്ഷദമായീടും
ദൈവത്തിന്‍ തണലില്‍ ചിരമായ് ജീവിക്കുന്നവനും
ദൈവം തുണയേകും നരനും ഭാഗ്യമിയന്നവനാം.
ആശ്രയമങ്ങല്ലോ കനിവിന്‍ കര്‍ത്താവേ, നിത്യം
കൃപയുടെ ഉറവയതും അഭയവുമങ്ങെന്നറിയുന്നു.
സര്‍വ്വമഹോന്നത സ്രഷ്ടാവേ, സ്തുതിഗീതമുണര്‍ത്തുന്നെന്നും
നിന്‍ സന്നിധിതന്നെ ശരണം (2)
.
ഭൂരിപക്ഷം സങ്കീര്‍ത്തനങ്ങളും വിലാപമാണ്. വ്യക്തിയുടെയും സമൂഹത്തിന്‍റെയും വിലാപ-ശരണ നന്ദിപറച്ചില്‍ എന്നിവയുള്ള സങ്കീര്‍ത്തനങ്ങള്‍ എണ്ണത്തില്‍ 85 ആണെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ ഭൂരിപക്ഷം വരുന്ന ഇവയിലെല്ലാം വിലാപത്തിന്‍റെ അംശമുണ്ട്. അവയെ രക്ഷാകരചരിത്രത്തിന്‍റെയും ആരാധനയുടെയും അടിസ്ഥാന പാരമ്പര്യങ്ങളില്‍നിന്നും ജരൂസലെത്ത് എത്തുന്ന പഴയനിയമ സമൂഹത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍നിന്നും വേണം മനസ്സിലാക്കാന്‍. അപ്പോള്‍ സങ്കീര്‍ത്തനങ്ങളില്‍ വ്യക്തിപരമായ ഭക്തിയല്ല, ഇവിടെ ഇസ്രായേലിന്‍റെ ആരാധനാസമൂഹങ്ങളില്‍നിന്നുള്ള വിലാപഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങളെന്ന് മനസ്സിലാക്കാം. വിലാപത്തിന്‍റെ ശൈലികളും വാക്കുകളും ആരാധനാ സമൂഹത്തില്‍നിന്നുതന്നെ ഉടലെടുത്തിട്ടുള്ളതാണ്. മനുഷ്യരുടെ വിലാപങ്ങള്‍ ദൈവം കേള്‍ക്കുമെന്നുള്ള തീര്‍ച്ചയുണ്ട്. കര്‍ത്താവിനോട് അപേക്ഷിച്ച പൂര്‍വ്വപിതാക്കന്മാരോട് ദൈവം ക്ഷമിക്കുകയും അവരെ സാഹിയിക്കുകയും ചെയ്തു എന്ന ബോധ്യവും അവര്‍ക്കുണ്ട്. അങ്ങനെ ദൈവജനത്തിലെ ഓരോരുത്തരുടെയും രക്ഷാകരമായ അനുഭവം വ്യക്തിതലങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവ വലിയസമൂഹത്തില്‍വച്ച് വിശദീകരിക്കുന്നതിനും പ്രഘോഷിക്കുന്നതിനും അവര്‍ താല്‍പര്യം കാണിക്കുന്നു (22, 26). അതുപോലെ വ്യക്തിയുടെ
ഈ വിലാപവും കൃതജ്ഞതയും സമൂഹ യാഥാര്‍ത്ഥ്യങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നതാണ്.

യാഹ്വേയുടെ മുമ്പില്‍ വിലപിക്കുന്നവനും പ്രത്യേകമായ വിശേഷണങ്ങള്‍കൊണ്ടാണ് സ്വയം അവതരിപ്പിക്കുന്നത്. ദൈവത്തിന്‍റെ മുമ്പില്‍ ആവലാതിപ്പെടുന്ന പീഡിതന്‍റെ പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങളില്‍ ഉയരുന്നുണ്ട്. അതുപോലെ സഹിക്കുന്ന സങ്കീര്‍ത്തകന്‍ വിറയ്ക്കുന്നവനായും ദുരിതമനുഭവിക്കുന്നവനായും ദരിദ്രനായും ഞെരുക്കപ്പെടുന്നവനായും മറ്റും വിശുദ്ധ ഗീതങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. സഹായം ആവശ്യമുള്ളരും ആരാധനാസ്ഥാനങ്ങളുടെ രക്ഷാകരശക്തിയും ആനുകൂല്യങ്ങളും അവകാശപ്പെടുന്നവരുമാണ് ദരിദ്രര്‍. ഈ ആനുകൂല്യങ്ങള്‍ ജരൂസലെത്തിന്‍റെ സ്ഥാപനം മുതല്‍ ഉള്ളതാണ്, എന്നു മനസ്സിലാക്കുമ്പോള്‍ ദൈവ-മനുഷ്യ ബന്ധത്തിന്‍റെ പൊരുള്‍ സങ്കീര്‍ത്തനങ്ങളില്‍ ചുരുളഴിയുന്നതാണ് നാം കാണുന്നത്.









All the contents on this site are copyrighted ©.