2014-09-08 18:15:55

തെറ്റുതിരുത്തലിന്‍റെ പൊരുളിനെക്കുറിച്ച്
പാപ്പാ ഫ്രാന്‍സിസ്


8 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ ആദ്യവാരത്തിലെ ആദ്യഞായറാഴ്ച – 7-ാം തിയതി പാപ്പ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

വിശ്വാസസമൂഹത്തില്‍ സാഹോദര്യത്തിലുള്ള തെറ്റുതിരുത്തിലിനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം - മത്തായിയുടെ സുവിശേഷം 18-ാം അദ്ധ്യായം പ്രതിപാദിക്കുന്നത്. തെറ്റുചെയ്യുന്ന സഹോദരനെ തിരുത്തേണ്ടത് ക്രൈസ്തവ ഉത്തരവാദിത്വമാണ്, ക്രൈസ്ത ജീവിത ശൈലിയായിരിക്കണം എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്. സഹോദരന്‍ തെറ്റുചെയ്യുമ്പോള്‍ ഞാന്‍ വേദനിക്കുന്നു. എങ്കിലും സാഹോദര്യത്തിലും ഉപവിയിലും മെല്ലെ അവനെ തിരുത്തുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്.
ആദ്യം വ്യക്തിപരമായി അവനോട് ക്ഷമയോടെ സംസാരിക്കുന്നു. ചെയ്ത-തെറ്റ് മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കുന്നു.

അവന്‍ അത് ശ്രവിക്കുന്നില്ലെങ്കില്‍ ക്രിസ്തു പറയുന്ന അടുത്ത പടി,
ഒന്നോ രണ്ടോ പേരെ കൂട്ടിക്കൊണ്ടുവന്ന് അവനോടു സംസാരിക്കുക. എന്നിട്ടും അവന്‍ ശരിപ്പെടുന്നില്ല, തെറ്റു തിരുത്തുന്നില്ലെങ്കില്‍, മൂന്നാമത്തെ നടപടിയായി സമൂഹത്തെ അറിയിക്കുക. ഈ ക്രമങ്ങള്‍ വ്യക്തമാക്കുന്നത് സഹോദരങ്ങളെ സഹായിക്കുന്നതിലും, അവരുടെ തെറ്റുതിരുത്തുന്നതിലും നാം എത്രത്തോളം ദത്തശ്രദ്ധരായിരിക്കണം എന്നാണ്. അവന്‍ നമുക്ക് നഷ്ടമായിപ്പോകരുത് എന്ന ലക്ഷൃത്തോടെയാണ് ഇതെല്ലാം നാം ചെയ്യേണ്ടത്. സഹോദരന്‍റെ തെറ്റുകള്‍ കൊട്ടിഘോഷിച്ച്, അത് വാര്‍ത്തയാക്കുക, പറഞ്ഞുപരത്തുക, ഉദ്വോഗജനകമാക്കുക എന്നതായിരിക്കരുത് അതിന്‍റെ ലക്ഷൃം. മറിച്ച് മാന്യത, വിവേകം, എളിമ, ജാഗ്രത എന്നവയോടെ തെറ്റുകാരനായ സഹോദരനെ സമീപിക്കാനും സഹായിക്കുവാനും തിരുത്തുവാനുമാണ് നാം പരിശ്രമിക്കേണ്ടത്..

അതുപോലെ അവനെ മുറിപ്പെടുത്തുന്നതോ, തേജോവധംചെയ്യുന്നതോ ആയ വാക്കുകള്‍, ഒരിക്കലും ഉപയോഗിക്കരുതെന്നും പാപ്പാ എടുത്തുപറയുന്നു.
ഞാന്‍ അന്യായമായൊരു വിമര്‍ശനം സഹോദരനെതിരെ അഴിച്ചുവിടുമ്പോള്‍, അത് അവനെ നശിപ്പിക്കുകയാണ്. തേജോവധംചെയ്യുകയാണ്. അവനോട് ആദ്യംതന്നെ രഹസ്യമായി, സ്വകാര്യതയിലും വ്യക്തിപരമായും സംസാരിക്കണമെന്ന് ക്രിസ്തു ആവശ്യപ്പെട്ടത് അവനെ വേദനിപ്പിക്കാതിരിക്കാനാണ്. രണ്ടു പേരുടെ സ്വാകാര്യസംഭാഷണം മറ്റാരും ശ്രദ്ധിക്കുന്നില്ല, ശ്രവിക്കുന്നില്ല. അതു പരാജയപ്പെടുമ്പോള്‍ മാത്രമാണ്,
സാക്ഷികളുടെയും സമൂഹത്തിന്‍റെയും സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ച നടത്തേണ്ടത്. തെറ്റ് വ്യക്തിപരമാണെങ്കിലും, അതിന് സാമൂഹ്യമാനമുണ്ടെന്നും, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതും, വിഷമിപ്പിക്കുന്നതുമാണെന്നും തെറ്റരുകാരന് മനസ്സിലാക്കിക്കൊടുക്കണം.
ഇത് വെറുപ്പും വൈരാഗ്യവും ഇല്ലാതാക്കുവാന്‍ നമ്മെ സഹായിക്കും. വെറുപ്പും വൈരാഗ്യവും നമ്മെത്തന്നെ മുറിപ്പെടുത്തുന്നതാണ്. അവ അപരനെ അപമാനിക്കുവാനും ചിലപ്പോള്‍ ആക്രമിക്കുവാന്‍ പോലും കാരണമാകുമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അവഹേളനത്തിന്‍റെ ക്രൂരമായ വാക്കുകള്‍ ക്രിസ്ത്യാനിയുടെ വായില്‍നിന്നും ഉണ്ടാകുന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്ന് പ്രസ്താവിച്ച പാപ്പാ, ‘സഹോദരനെ അപമാനിക്കുന്നത് ക്രിസ്തീയമല്ലെ’ന്ന് ആവര്‍ത്തിച്ചു പ്രസ്താവിക്കുകയുണ്ടായി.

ദൈവതിരുമുന്‍പില്‍ നാം എന്നും മാപ്പിരക്കുന്ന പാപികളാണ്, നാമെല്ലാവരും!
അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, നാം ആരെയും വിധിക്കരുതെന്ന്.
അതിനാല്‍ സാഹോദര്യത്തിലുള്ള തിരുത്തല്‍ ക്രൈസ്തവ സമൂഹങ്ങളില്‍ ഉണ്ടാകേണ്ടത് സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും അടിസ്ഥാനത്തിലാണ്.
അത് നാം എന്നും ചെയ്യേണ്ട പരസ്പര സഹകരണവും സഹായവുമാണ്.
സഹോദരങ്ങളെ തിരുത്തുന്ന പ്രക്രിയ യാഥാര്‍ത്ഥ്യവും ഫലപ്രദവുമാകണമെങ്കില്‍ നാമെല്ലാവരും ദൈവത്തിന്‍റെ മുന്‍പില്‍ പാപികളാണെന്നും, അവിടുത്തെ കാരുണ്യം തേടുന്നവരുമാണെന്നുമുള്ള ബോധ്യം നമുക്കുണ്ടാകണം. എന്‍റെ സഹോദരന്‍റെ ബലഹീനത തിരിച്ചറിയുന്നതിനു മുന്‍പേ, എന്നിലും കുറവുകളുണ്ട് എന്ന അവബോധം ഉണ്ടായിരിക്കേണ്ടതാണ്.

അതുകൊണ്ടാണ് ദിവ്യബലിക്കുമുന്‍പേ നാം ദൈവത്തോട് മാപ്പപേക്ഷിക്കുന്നത്. വാക്കാലും പ്രവൃത്തിയാലും ചെയ്തുപോയ പാപങ്ങള്‍ക്ക് മാപ്പപേക്ഷിക്കുന്നു. ദൈവമേ, ഞാനൊരു പാപിയാണേ, എന്നില്‍ കനിയണമേ എന്നു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ പിറകിലോ, പാര്‍ശ്വത്തിലോ നില്ക്കുന്നവന്‍റെ ബലഹീനതയെക്കുറിച്ചല്ല... എന്‍റെ തെറ്റുകളെക്കുറിച്ചും,
ദൈവത്തിന്‍റെ കൃപ തേടേണ്ട ബലഹീനനാണ് ഞാന്‍, എന്ന ബോധ്യത്തോടെയുമാണ് ബലിവേദിയില്‍ ഞാന്‍ നില്ക്കേണ്ടത്, ബലിവേദിയെ സമീപിക്കേണ്ടത്. നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കിത്തരുന്നതും, നമ്മെ അനുതാപത്തിലേയ്ക്ക് ക്ഷണിക്കുന്നതും ക്രിസ്തുവിന്‍റെ വാക്കുകളില്‍, പരിശുദ്ധാത്മാവാണ്. നാല്ക്കവലയില്‍നിന്നും ദുഷ്ടരെയും ശിഷ്ടരെയും ഒരുപോലെ ക്രിസ്തു വിരുന്നുമേശയിലേയ്ക്ക് ക്ഷണിക്കുന്ന ആതിഥേയനെ നാം സുവിശേഷത്തില്‍ കാണുന്നു. അതുപോലെ കര്‍ത്താവിന്‍റെ ബലിയില്‍ പങ്കുചേരുന്ന നാം പാപികളാണെന്നു മനസ്സിലാക്കുക. തന്‍റെ കാരുണ്യം ദൈവം നമ്മില്‍ സമൃദ്ധമായി ചൊരിയുന്നു. അനുദിന ജീവിതത്തിലും സഹോദരങ്ങളോടുള്ള സമീപനത്തിലും നമ്മുടെ ബലഹീനതയുടെയും, ദൈവികകാരുണ്യത്തിന്‍റെയും ചിന്തകള്‍ നമ്മെ പ്രകാശിപ്പിക്കട്ടെ, നയിക്കട്ടെ, നമ്മില്‍ തെളിഞ്ഞുനില്ക്കട്ടെ...

സഹോദരനെ സഹായിക്കുന്ന, തെറ്റുതിരുത്തുന്ന മനോഭാവത്തിനായി പരിശുദ്ധ അമ്മയോടു പ്രാര്‍ത്ഥിക്കണമെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.