2014-09-04 19:27:44

റെദിപൂളിയായിലെ
യുദ്ധസ്മാരകങ്ങളിലേയ്ക്ക്


3 സെപ്തംബര്‍ 2014, റെഡിപൂളിയ
സമാധാനത്തിന്‍റെ സുവിശേഷവുമായി പാപ്പാ ഫ്രാന്‍സിസ്
വടക്കെ ഇറ്റലിയിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകം സന്ദര്‍ശിക്കും.

സെപ്തംബര്‍ 13-ാം തിയതി ശനിയാഴ്ചായാണ്
വടക്കെ ഇറ്റലിയിലെ ഫോളിയാനോ പ്രവിശ്യയിലെ റെഡിപൂളിയ യുദ്ധസ്മാരകങ്ങളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തുന്നതെന്ന്, മിലിറ്ററി ചാപ്ലിന്‍, ആര്‍ച്ചുബിഷപ്പ് സാന്തോ മാര്‍സിയാനോ പ്രസ്താവനയിലൂടെ അറിയിച്ചു.

മനുഷ്യഹൃദയങ്ങളിലെ സമാധാനവാഞ്ഛയുടെ സത്തതന്നെയാണ് സുവിശേഷമെന്നും, അതിനാല്‍ ആയിരങ്ങളുടെ കദനത്തിന്‍റെയും കണ്ണീരിന്‍റെയും മരണത്തിന്‍റെയും മണ്ണിലേയ്ക്ക് സുവിശേഷ സാന്ത്വനവുമായെത്തുന്ന
പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ലോകത്തിനുതന്നെ സമാധനത്തിന്‍റെ പ്രത്യാശയാണെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍സിയാനോ ചൂണ്ടിക്കാട്ടി.

പാപ്പായുടെ സന്ദര്‍ശനത്തിന് ഒരുക്കമായി റിഡിപൂളിയായില്‍
ആഗസ്റ്റ് 3-ന് സമാധാനരാജ്ഞിയായ കന്യാകാനാഥയുടെ നാമത്തില്‍ മനോഹരമായൊരു ദേവാലയം ആര്‍ച്ചുബിഷപ്പ് മാര്‍സിയാനോ ആശീര്‍വ്വദിക്കുകയുണ്ടായി.

സെപ്തംബര്‍ 13 ശനിയാഴ്ച രാവിലെ റോമില്‍നിന്നും വിമാനത്തില്‍ റെഡിപ്പൂളിയയിലെ മിലിറ്ററിത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ, ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ച് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1914-1918) ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പോര്‍ക്കളത്തില്‍ ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും ആര്‍ച്ചുബിഷപ്പ് മാര്‍സിയോനെ പറഞ്ഞു.

പരേതനരുടെ സ്മരണാര്‍ത്ഥം, സ്ഥലത്തെ കന്യകാനാഥയുടെ ദോവലയത്തില്‍ സമാധാന ദീപശിഖ തെളിയിക്കുന്ന പാപ്പാ, യുദ്ധസ്മാരകത്തിലെത്തി
ധീരയോദ്ധാക്കളുടെ സ്മരണയ്ക്കു മുന്നില്‍ പുഷ്പചക്രം സമര്‍പ്പിക്കും.
സ്ഥലത്തെ ഭരണകര്‍ത്താക്കള്‍, സഭാധികാരികള്‍, യുവജനങ്ങള്‍, മരണമടഞ്ഞ ഇറ്റാലിയന്‍ സൈനികരുടെ കുടുംബക്കാര്‍ എന്നിവരുമായും പാപ്പാ കൂടിക്കാഴ്ചനടത്തുമെന്നും, ആര്‍ച്ചുബിഷപ്പ് മാര്‍സിയോയുടെ റിഡിപ്പൂളിയയില്‍നിന്നും ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
ഓന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ സമര്‍പ്പിച്ച 39,857 ഇറ്റാലിയന്‍ സൈനികരുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ 1938-ലാണ് ഇറ്റലിയുടെ വടക്കു കിഴക്കേ അതിര്‍ത്തിയില്‍, ഓസ്ട്രിയ-ഹങ്കേറിയ ബോര്‍ഡറിലെ റിഡിപ്പൂളിയയില്‍ യുദ്ധസ്മാരകം പണിതീര്‍ത്തത്. വൈന്നേരം പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങും.








All the contents on this site are copyrighted ©.