2014-09-02 16:32:08

പാരമ്പര്യങ്ങളില്‍ പ്രതിഫലിക്കുന്ന
ദൈവികപ്രതിഛായ (22)


സങ്കീര്‍ത്തനങ്ങള്‍ ദൈവത്തെ രാജാവും സ്രഷ്ടാവും നിയന്താവുമായി പ്രകീര്‍ത്തിക്കുമ്പോള്‍ എപ്രകാരമാണ് രചയിതാവ് അവയില്‍ ദൈവത്തെയും ദൈവിക ചിന്തകളെയും ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നുണ്ട്.
രാജകീയ സങ്കീര്‍ത്തനങ്ങള്‍ എപ്രകാരം ദൈവത്തെ സ്തുതിക്കുന്നു, അവയില്‍ എങ്ങനെയാണ് സങ്കീര്‍ത്തകന്‍ സകലത്തിന്‍റെ അധിപനും രാജാവുമായ ദൈവത്തെ രചനയുടെ പദങ്ങളില്‍ വരച്ചുകാട്ടുന്നതെന്ന് കഴിഞ്ഞ പ്രക്ഷേപണത്തില്‍ കണ്ടതാണ്. ഇസ്രായേലിന്‍റെ പാരമ്പര്യങ്ങള്‍ പരാമര്‍ശിക്കുന്ന സങ്കീര്‍ത്തനങ്ങളില്‍ എപ്രകാരമാണ് സങ്കീര്‍ത്തകന്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതെന്ന്, ആവിഷ്ക്കരിച്ചിരിക്കുതെന്ന് നമുക്കീ പ്രക്ഷേപണത്തില്‍ പരിശോധിക്കാം.

മാതൃകയായിട്ട് നാം ഇന്ന് ഉപയോഗിക്കുന്നത് 84-ാമത്തെ സങ്കീര്‍ത്തനമാണ്.
ദൈവത്തെ ‘സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ ഗേഹം എത്ര മനോഹരമാണ്,’ എന്ന് പ്രകീര്‍ത്തിച്ചുകൊണ്ട് ഇസ്രായേലിന്‍റെ പരമ്പരാഗത ശൈലി വ്യക്തമാക്കുന്ന സങ്കീര്‍ത്തനമാണിത്. ചങ്ങനാശ്ശേരി അതിരൂപതാ മതബോധനകേന്ദ്രം ഒരുക്കിയ ഈ ഗീതം, ഗാനാവിഷ്ക്കാരം ചെയ്തത് ജെറി അമല്‍ദേവാണ്. ആലാപനം . ചങ്ങനാശ്ശേരി അതിരൂപതാ ഗായകസംഘം....

Musical link Musical version of Ps. 84 verse (1)

സൈന്യങ്ങള്‍തന്‍ കര്‍ത്താവേ
എത്ര വിശിഷ്ടം നിന്‍ഗേഹം
നിന്‍തിരുസന്നിധിചേരാനായ്
ആത്മാവെന്നും കേഴുന്നു.

ജീവിപ്പവനാം ദൈവത്തില്‍
അപദാനാമൃതത ഗാനങ്ങള്‍
മാമകചിത്തവുമെന്‍നാവും
മോദമൊടേവം പാടുന്നു.

സൈന്ന്യങ്ങള്‍തന്‍ രാജാവാം
ദൈവത്തിന്‍ ബലിപീഠത്തില്‍
കുരുകില്‍ മീവല്‍ പക്ഷികളും
സങ്കേതം കണ്ടെത്തുന്നു

അവികലമാകും സ്തുതി പാടി
തവഭവനത്തില്‍ വാഴുന്നോര്‍
ഭാഗ്യംചെയ്തോര്‍ കര്‍ത്തവേ
നല്കണമേ നിന്‍ കൃപനിരതം.

ജരൂസലേത്ത് രൂപംകൊണ്ടതോ അവിടെ സമാഹരിക്കപ്പെട്ടതോ ആയ സങ്കീര്‍ത്തനങ്ങള്‍ സിയോന്‍റെ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും പറ്റി പ്രതിപാദിക്കുന്നു. ഇസ്രായേലിന്‍റെ പുരാതനമായ പാരമ്പര്യങ്ങള്‍ ഒരു സ്ഥലത്തും സമയത്തും അവഗണിക്കപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ജരൂസലെത്ത് സന്നിഹിതനായ ദൈവത്തെ ‘സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം’ എന്ന് സങ്കീര്‍ത്തകന്‍ വിളിക്കുന്നത് ശ്രദ്ധേയമാണ്. രാജാക്കന്മാരുടെ കാലത്തിനു മുമ്പ് ഇസ്രായേലിന്‍റെ 12 ഗോത്രങ്ങള്‍ സിയോനില്‍ സമ്മേളിച്ച കാലഘട്ടങ്ങളിലാണ് ഈ പ്രയോഗം ഉത്ഭവിച്ചെന്നാണ് പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നത്. സീയോനിലുള്ള ദൈവിക സാന്നിദ്ധ്യം ഇസ്രായേലിന്‍റെ അഥവാ യാക്കോബിന്‍റെ ദൈവത്തിന്‍റെ സാന്നിദ്ധ്യമാണ്. എല്ലാത്തിലും ഉപരി വാഗ്ദാനപേടകവും അതിന്‍റെ പാരമ്പര്യങ്ങളും പുരാതന ചരിത്രത്തിന്‍റെ തുടര്‍ച്ചയാണെന്ന് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നു.

ഇങ്ങനെയുള്ള അടിസ്ഥാനപരമായ പാരമ്പര്യങ്ങളെപ്പറ്റി ബോധവാന്മാരാണ് ജരൂസലേത്ത് വന്നെത്തുന്ന വിശ്വാസികള്‍. ഇസ്രായേലിലെ ദൈവത്തിന്‍റെ പ്രവൃത്തികളെയും അത്ഭുതങ്ങളെയുംപറ്റിയുള്ള അനുസ്മരണം, അതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം സങ്കീര്‍ത്തനങ്ങള്‍ ഏറ്റുപടുന്നത് അവരുടെയും പൂര്‍വ്വീകരുടെയും ജീവിതത്തിന്‍റെയും ദൈവമനുഷ്യ ബന്ധത്തിന്‍റെയും തുടര്‍ക്കഥയാണ്. അതുകൊണ്ടാണ്, ഇസ്രായേലിന്‍റെ പൂര്‍വ്വപിതാക്കന്മാരുടെ തിരഞ്ഞെടുപ്പ്, ഈജിപ്തില്‍ നിന്നുള്ള മോചനം, മരുഭൂമിയിലെ വാസം, സീനായ് മലയിലെ വെളിപാട്, വാഗ്ദത്തഭൂമി കരസ്ഥമാക്കുന്നത്, തുടങ്ങിയ കാര്യങ്ങള്‍ക്ക് സങ്കീര്‍ത്തനങ്ങളില്‍ വ്യക്തമായ പ്രതിപാദനങ്ങള്‍ കാണുന്നത്. ഉദാരഹണമായി സങ്കീര്‍ത്തനങ്ങള്‍

ഒരു വശത്ത് യാഹ്വേയുടെ കാരുണ്യവും മറുവശത്ത് ഇസ്രായേലിന്‍റെ അവിശ്വസ്തതയും പാപവുമാണ് നാം കാണുന്നത്. അതുപോലെ സങ്കീര്‍ത്തനം 105 യാഹ്വേ അബ്രാഹവുമായി ചെയ്ത ഉടമ്പടിയുടെ പ്രാധാന്യം കാണിക്കുന്നു. കാനാന്‍ ദേശം നല്കുമെന്നുള്ളതായിരുന്നു ഉടമ്പടിയുടെ ചുരുക്കം. ഇതിന്‍റെ ഫലമായി എല്ലാ സാഹചര്യങ്ങളിലും അപകടങ്ങളിലും അവര്‍ ദൈവത്തിന്‍റെ അഭിഷിക്തരായ പ്രവാചകരാല്‍ കാത്തുസൂക്ഷിക്കപ്പെടുന്നു. ഇവിടെയെല്ലാം ദൈവത്തിന്‍റെ ഉടമ്പടിയോടുള്ള അബ്രാഹത്തിന്‍റെ വിശ്വസ്തത സ്പഷ്ടമാകുന്നുണ്ട്. അവിടുന്നു ഇസ്രായേലിന് വാഗ്ദത്തഭൂമി നല്കി. ഇതെല്ലാം അബ്രാഹത്തിന്‍റെ മക്കള്‍ക്കായും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായും അവിടുന്നു ചെയ്തതാണ്. ജരൂസലേത്ത് എത്തിയിരിക്കുന്ന ആരാധനാസമൂഹം അബ്രാഹത്തിന്‍റെ ജനമാണ്. അവരുടെ ദൈവം അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണ്, സൈന്ന്യങ്ങളുടെ കര്‍ത്താവാണ്! (14, 7.. 147, 19).

Muscial Version of Psalm 84 verse (2)

നിന്‍തിരുശക്തിയറിഞ്ഞവരാം
നരരില്‍ ഭാഗ്യമുതിദ്ദുന്നു
ഹൃദയത്തിന‍റെ വിശാലതയില്‍
സീയോന്‍ വഴികള്‍ തെളിയുന്നു

വാക്കാത്താഴ്വരതന്‍ വഴികള്‍
തെളിനീര്‍ച്ചാലുകളാക്കുന്നു
ശാരദവര്‍ഷനിപാതത്തില്‍
ജലവാഹിനിയായ്ത്തീരുന്നു.

ദൈവത്തിന്‍ തിരുഭവനത്തില്‍
വാഴുന്നവരോ ദര്‍ശിക്കും
തന്മഹിമാവ, വരാര്‍ജ്ജിക്കും
ശക്തിയുമൊട്ടും കുറവെന്യേ

സൈന്ന്യങ്ങള്‍തന്‍ കര്‍ത്തവേ
നീയെന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
പൂര്‍വ്വപിതാവാം യാക്കോബിന്‍
നാഥാ പ്രാര്‍ത്ഥന കേള്‍ക്കണമേ.

ഇസ്രായേലിന്‍റെ പൂര്‍വ്വപിതാക്കന്മാരുടെ പാരമ്പര്യത്തെക്കാള്‍ വ്യാപകമായി സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത് ഈജിപ്തില‍നിന്നുമുള്ള ഇസ്രായേല്‍ ജനത്തിന്‍റെ പുറപ്പാടു പാരമ്പര്യമാണ്. പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രവും ഇസ്രായേലിന്‍റെ ഈജിപിപ്തിലെ അനുഭവങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ചില സങ്കീര്‍ത്തനങ്ങള്‍. മറ്റുചിലവ ഈജിപ്തിലെ അത്ഭുതങ്ങളെപ്പറ്റിയും ആദ്യജാതരുടെ നാശത്തെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. തന്‍റെ ജനത്തിനു സ്വാതന്ത്ര്യത്തിന്‍റെ പാത ദൈവം തുറന്നുകൊടുക്കുന്ന സംഭവങ്ങളിലൂടെ ഫറവോ രാജാവിന്‍റെ മേലുള്ള തന്‍റെ ശക്തിയുടെ ആധിക്യം ദൈവം കാണിച്ചുകൊടുക്കുകയാണ്. സങ്കീര്‍ത്തനങ്ങളില്‍ ചെങ്കടല്‍ മുറിച്ചു കടക്കുന്ന ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. സമുദ്രം അത്ഭുതകരമായി വിഭജിക്കപ്പെട്ടതിനെപ്പറ്റി സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്നുണ്ട്. അവിടുന്ന് ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു, എന്നാല്‍ 106, 9) ഇതുപോലുള്ള ദൈവാവിഷ്ക്കരണ ശൈലികളാണ് പാരമ്പര്യങ്ങള്‍ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്. ‘അതുകണ്ട് കടല്‍ ഓടിയകലുന്നു...’
‘സമുദ്രമേ, ഓടിയകലാന്‍ നിനക്കെന്തുപറ്റി.’ ഈജിപ്തില്‍നിന്നുള്ള അത്ഭുതകരമായ പുറപ്പാട് ദൈവത്തിന്‍റെ അഗ്രാഹ്യമായ കാരുണ്യത്തിന്‍റെ തെളിവാണ്. ഈജിപ്തില്‍നിന്നും ദൈവം കൊണ്ടുവന്ന മുന്തിരി വള്ളിയായി ഇസ്രായേലിനെ വിശേഷിപ്പിക്കുമ്പോള്‍ ഇതിന്‍റെ മനോഹാരിതയ്ക്കു മാറ്റു വര്‍ദ്ധിക്കുകയാണ്. ഈ പാരമ്പര്യം ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പ് പാരമ്പര്യത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത് (114, 1).
അതുപോലെ ദൈവം ഇസ്രായേലിനെ മരുഭൂമിയിലൂടെ നയിച്ചു, എന്ന പാരമ്പര്യത്തിനും സങ്കീര്‍ത്തനത്തില്‍ സ്ഥാനമുണ്ട് 78, 105, 106, 136.
അത്ഭുതകരമായ രീതിയില്‍ യാഹ്വേ അവരെ മരുഭൂമിയിലൂടെ നയിച്ചു.
അവിടുന്ന് അവര്‍ക്ക് കുടിക്കുവാനും ഭക്ഷിക്കുവാനും സമൃദ്ധമായി നല്കി. എന്നാല്‍ അവര്‍‍ അവിടുത്തേയ്ക്കെതിരായി പുറുപിറുത്തു, പാപംചെയ്തു. യാഹ്വേയുടെ അത്ഭുതകരമായ നേതൃത്വത്തെ അവര്‍ ചോദ്യംചെയ്യാന്‍ തുടങ്ങി. അവര്‍ കഠിനഹൃദയരും ആര്‍ത്തിയും ആസക്തിയുമുള്ളവരുമായി. ഞാന്‍ രക്ഷകനായ ദൈവത്തില്‍നിന്നും അകന്നുപോയി...

Musical Version of Psalm 84 verse (3)
പരിപാലിക്കും പരിചയുമായ്
കാത്തരുളീടും കര്‍ത്താവേ
തൃക്കൈനീട്ടിത്തുണയേകി
അഭിഷിക്തനെ നീ കാക്കണമേ.

അനുഗ്രഹത്തില്‍ നിരവധിനാള്‍
വാഴുവതേക്കാല്‍ അഭികാമ്യം
നിന്‍ സന്നിധിയില്‍ ഒരു ദിവസം
നിര്‍മ്മലമാകും സൗഭാഗ്യം

ദുഷ്ടത നിറയും കൂടാരം
തന്നില്‍ വാഴുവതേക്കാളും
ദൈവിക ഭവനകവാടത്തില്‍
കാവല്‍ നില്‍ക്കയെനിക്കിഷ്ടം

സൂര്യനുമെന്നുടെ പരിചയുമായ്
കര്‍ത്താവെന്നും ശോഭിപ്പൂ
അവിടുന്നെന്നില്‍, ബഹുമിതയും
കൃപയും തൂകി നിറയ്ക്കുന്നു.

സീനായ് മലയിലെ ദൈവാവിഷ്ക്കാരവും കല്പനകള്‍ നല്കുന്നതും ചരിത്രപരമായ സങ്കീര്‍ത്തനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. യാഹ്വേ തന്‍റെ കല്പനകളെയും ഉടമ്പടിയെയും പറ്റി അവരെ ഓര്‍മ്മിപ്പിച്ചെങ്കിലും അവര്‍ അവ അനുസരിച്ചില്ല. അവര്‍ കാളക്കുട്ടിയെ ആരാധിക്കുന്ന നിന്ദയാണു കാണിച്ചത്. സീനായ് മലിയിലെ സംഭവങ്ങള്‍ ആരാധനാനുഭവത്തിലൂടെ ആവര്‍ത്തിക്കപ്പെടാമെന്നാണ് സങ്കീര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്.

ജരൂസലേത്ത് നടക്കുന്ന ബലികളിലൂടെയാണ് ദൈവിക ഉടമ്പടി സ്ഥാപിക്കപ്പെടുന്നത്. അതുപോലെ ഒന്നാമത്തെ കല്പനയെപ്പറ്റിയും സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്നുണ്ട് (81). ഉടമ്പടിയുടെ നവീകരണത്തെപ്പറ്റിയുള്ള (50,.. 81) ചിന്തകളും സങ്കീര്‍ത്തന പദങ്ങളില്‍ വരച്ചുചേര്‍ത്തുകൊണ്ട് ദൈവാവിഷ്ക്കരണ സംഭവങ്ങള്‍ ഇസ്രായേലിന്‍റെ ജീവിതത്തില്‍നിന്നും പാരമ്പര്യത്തില്‍നിന്നും സങ്കീര്‍ത്തനങ്ങള്‍ വിസ്തരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവം സിയോനില്‍ സിംഹാസനസ്ഥനാണ്. അവിടുന്ന് ആരാധനാ സമൂഹത്തിന് പ്രത്യക്ഷപ്പെടുന്നു.
വാഗ്ദത്തഭൂമി നല്കുന്നതിനെപ്പറ്റിയും സങ്കീര്‍ത്തനത്തില്‍ പരാമര്‍ശമുണ്ട്. ദൈവം അബ്രാഹവുമായി നടത്തിയ ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ് ഇത്. മറ്റു ജനതകളെ മാറ്റിക്കൊണ്ട് ദൈവം ഇസ്രായേലിന് ഇടം കൊടുക്കുകയാണ്. ഇതു രക്ഷാകരമായ ദിനമാണ്. ഇതു തിരഞ്ഞുക്കപ്പെട്ട അവകാശമാണ്. എല്ലാക്കാലവും ദൈവത്തിന്‍റെ ജീവദായകവും ഫലദായകവുമായ ദാനങ്ങളുടെ അനുഭവവും ആസ്വാദനവുമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

Musical version of Psalm 84 verse (1) repeat

സൈന്യങ്ങള്‍തന്‍ കര്‍ത്താവേ
എത്ര വിശിഷ്ടം നിന്‍ഗേഹം
നിന‍തിരുസന്നിധി ചേരാനായ്
ആത്മാവെന്നും കേഴുന്നു.

ജീവിപ്പവനാം ദൈവത്തില്‍
അപദാനാമൃതത ഗാനങ്ങള്‍
മാമകചിത്തവുമെന്‍നാവും
മോദമൊടേവം പാടുന്നു.

സൈന്ന്യങ്ങള്‍തന്‍ രാജാവാം
ദൈവത്തിന‍ ബലിപീഠത്തില്‍
കുരുകില്‍ മീവന‍ പക്ഷികളും
സങ്കേതം കണ്ടെത്തുന്നു

അവികലമാകും സ്തുതി പാടി
തവഭവനത്തില‍ വാഴുന്നോര്‍
ഭാഗ്യംചെയ്തോര്‍ കര്‍ത്തവേ
നല്കണമേ നിന്‍ കൃപനിരതം.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.