2014-09-01 17:53:13

ഉറകെട്ടുപോകുന്ന ഉപ്പിനെയും
വീര്യമറ്റ വീഞ്ഞിനെയുംകുറിച്ച്
പാപ്പാ ഫ്രാന്‍സിസ്


1 സെപ്റ്റംബര്‍ 2014, വത്തിക്കാന്‍
ആഗസ്റ്റ് 31-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം ഇന്നു നമ്മെ അനുസ്മരിപ്പിക്കുന്നത്, തന്‍റെ പീഡാസഹനവും കുരിശുമരണവും ക്രിസ്തു ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത സംഭവമാണ്. പത്രോസിനോടും മറ്റു ശിഷ്യന്മാരോടും അവിടുന്ന് പറഞ്ഞു, ‘മനുഷ്യപുത്രന്‍ ജരൂസലേമിലേയ്ക്ക് പോകും, അവിടെ ക്രൂശിക്കപ്പെടുകയും, പിന്നെ മരിച്ചവരില്‍നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും’. പത്രോസിന് അത് സ്വീകാര്യമായില്ല.
‘അങ്ങേയ്ക്ക് ഇത് സംഭവിക്കാതിരിക്കട്ടെ,’ എന്നായിരുന്നു ശിഷ്യപ്രമുഖന്‍റെ പ്രതികരണം. ഏറ്റെടുത്തിരിക്കുന്ന രക്ഷണീയ പദ്ധതിയില്‍നിന്നും തന്നെ പിന്‍തിരിപ്പിക്കുന്ന ശ്രമമാണിതെന്ന് ക്രിസ്തുവിനു തോന്നിയിരിക്കാം. അവിടുന്ന് പത്രോസിനെ ശാസിക്കുന്നു. ‘സാത്താനേ, പുറത്തുപോകൂ. നിന്‍റെ ചിന്തകള്‍ ദൈവികമല്ല, മാനുഷികമാണ്,’ എന്നായിരുന്നു ക്രിസ്തു പ്രതികരിച്ചത്.

തുടര്‍ന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖന ഭാഗത്തെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു (റോമാ. 12, 2) ‘നിങ്ങള്‍ ലോകത്തിന് അനുരൂപരാകരുത്, പ്രത്യുത മനസ്സിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. അപ്പോള്‍ ദൈവഹിതം എന്തെന്നും, ദൈവസന്നിധിയില്‍ നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു സാധിക്കും.’ നമ്മുടെ കാലഘട്ടത്തിലെ സാമൂഹികവും സാംസ്ക്കാരികവുമായ തലങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ജീവിക്കുവാന്‍ നമുക്കു സാധിക്കണം.
എന്നാല്‍ അതത്ര എളുപ്പമല്ല. അതില്‍ സാഹസികതയും അപകവും ഉണ്ട്. ക്രൈസ്തവജീവിതം ഈ ലോകത്തിന്‍റെ ശൈലിയിലേയ്ക്ക് ഇഴുകിച്ചേര്‍ന്ന്, അതിന്‍റെ തനിമ നഷ്ടപ്പെട്ടുപോകാന്‍ ഇടയുണ്ട്. ജീവിതമാകുന്ന ഉപ്പിന്‍റെ ഉറകെട്ടു പോകുവാന്‍ ഇടയുണ്ട്. അങ്ങനെ നാം ഉപയോഗ ശൂന്യരായിത്തീരുകയും ചെയ്തേക്കാം. പിന്നെ പാപ്പാ, പുഞ്ചിരിയോടെ വീഞ്ഞിന്‍റെയും വെള്ളത്തിന്‍റെയും ഉദാരണം പറഞ്ഞു.

നല്ല വീഞ്ഞില്‍ അധികം വെള്ളം ചേര്‍ത്താന്‍ വീഞ്ഞിന്‍റെ രുചിമാത്രമല്ല, വീഞ്ഞ് വീഞ്ഞല്ലാതായിത്തീരുന്നു. വീഞ്ഞ് വെള്ളംപോലെയാകുന്നു. അതുപോലെ..... ലൗകായത്വത്തില്‍ മുഴുകുന്നതുവഴി, പരിശുദ്ധാത്മാവില്‍നിന്നും ലഭിച്ചിട്ടുള്ള ക്രൈസ്തവ ജീവിതത്തിന്‍റെ നവീനതയും തനിമയും നഷ്ടപ്പെടുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ദൈവവചനത്തിന്‍റെ ശക്തിയില്‍ ജീവിക്കുമ്പോള്‍ അത് നമ്മെ രൂപാന്തരപ്പെടുത്തുന്നു. അത് നീതിബോധവും, മൂല്യബോധവും നല്ക്കുന്നു. നമ്മുടെ ചിന്താധാരകളെ അതു നയിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നു. മൊത്തം ജീവിതരീതിയെത്തന്നെ അത് മാറ്റിമറിക്കുന്നു. അതിനാല്‍ സുവിശേഷത്തിന്‍റെ സത്ത സാംശീകരിച്ചുകൊണ്ട് നിരന്തരം നാം നവീകൃതരാകണം. ഇത് എങ്ങനെ നമുക്ക് പ്രയോഗത്തിലാക്കാന്‍ സാധിക്കുമെന്നും പാപ്പാ വിശദീകരിച്ചു: ഒന്നാമതായി, അനുദിനം വിശുദ്ധഗ്രന്ഥം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. വചനം ജീവിതത്തില്‍ സജീവമായി നിലനില്ക്കുവാന്‍ വചനപാരായണം സഹായിക്കും. രണ്ടാമതായി, ഞായറാഴ്ചകളില്‍ ദിവ്യബലിയില്‍ പങ്കുചേരുക. കര്‍ത്താവിന്‍റെ വിരുന്നുമേശയിലെ കൂട്ടായ്മ നമ്മെ ഒന്നിപ്പിക്കുന്നു, സ്നേഹത്തില്‍ നിലനിര്‍ത്തുന്നു. മൂന്നാമത്തേത്, അനുദിനം നമ്മെ നവീകരിക്കുന്ന ആത്മീയവിചിന്തനം ആത്മശോധന എന്നീയാണ്. ഈ ആദ്ധ്യാത്മിക പരിശീലനങ്ങളും spiritual exercises-ഉം ക്രൈസ്തവതനിമയെ നിലനിര്‍ത്തുന്ന ഘടകങ്ങളാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ലൗകിക ജീവിതത്തില്‍ കുടുങ്ങിപ്പോകാതെ, ക്രിസ്തീയ പാതയില്‍ ചരിക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും വചനപാരായണം, സമൂഹബലിയര്‍പ്പണം ആത്മീയവിചന്തനം, ആത്മശോധന എന്നിവ നമ്മെ അനുദിനം സഹായിക്കും. ഇത് സ്വാര്‍പ്പണത്തിന്‍റെ നഷ്ടപ്പെടുത്തലിന്‍റെയും, ത്യാഗസമര്‍പ്പണത്തിന്‍റെയും ശൈലിയാണ്. എന്നാല്‍ നഷ്ടപ്പെടുത്തുന്നത് നേടാന്‍ വേണ്ടിയാണ്. നല്ക്കുമ്പോഴാണ് ലഭിക്കുന്നത്. സ്നേഹത്തിലൂടെ എല്ലാം നല്ക്കുന്ന, പങ്കുവയ്ക്കുന്ന ത്യാഗമാണിത്. സ്വാര്‍ത്ഥതയില്‍നിന്നും നിത്യമരണത്തില്‍നിന്നും നമ്മെ മോചിപ്പിക്കുന്ന കുരിശിലെ ആത്മസമര്‍‍പ്പണത്തിന്‍റെ നാം അനുകരിക്കേണ്ട, മാതൃകയുമാണിത്. നാം അനുദിനം ജീവിക്കേണ്ടതാണിതെന്നും പാപ്പാ എടുത്തുപറഞ്ഞു. അവ നിത്യനാശത്തില്‍നിന്നും നമ്മെ മോചിച്ച്, നിത്യരക്ഷയ്ക്ക് അര്‍ഹരാക്കുന്നു, നിത്യതയുടെ കവാടം നമുക്കായ് തുറന്നുതരുന്നു. ‍
നിത്യരക്ഷയുടെ പാതയില്‍ നമുക്കു മുന്നേ ചരിച്ചവളാണ് പരിശുദ്ധ കന്യകാനാഥാ. അമ്മ നമ്മെ നയിക്കും. നമുക്ക് അമ്മയെ അനുഗമിക്കാം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.