വിശുദ്ധ മത്തായിയുടെ
സുവിശേഷം 16, 21-27 ആണ്ടുവട്ടം 22-ാം ഞായര്‍
അപ്പോള്‍ മുതല്‍ ക്രിസ്തു, തനിക്കു
ജരൂസലേമിലേയ്ക്കു പോകേണ്ടിയിരിക്കുന്നവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാനപുരോഹിതന്മാരില്‍നിന്നും
നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും, താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍
മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു തുടങ്ങി. പത്രോസ്
അവിടുത്തെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി. ദൈവം കനിയട്ടെ. കര്‍ത്താവേ, ഇതൊരിക്കലും
നിനക്കു സംഭവിക്കാതിരിക്കട്ടെ. ക്രിസ്തു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു. ‘സാത്താനേ, എന്‍റെ
മുമ്പില്‍നിന്നും പോകൂ. നീ എനിക്കു പ്രതിബന്ധമാണ്. നിന്‍റെ ചിന്തകള്‍ ദൈവികമല്ല, മാനുഷികമാണ്.’
ക്രിസ്തു ശിഷ്യന്മാരോട് അരുളിച്ചെയ്തു. ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍
തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍
രക്ഷിക്കുവാന്‍ ആഗ്രിഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍ ആരെങ്കിലും എനിക്കുവേണ്ടി
സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും
സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന്‍ എന്തു പ്രയോജനം. ഒരുവന‍് സ്വന്തം ആത്മാവിനു
പകരമായി എന്തു കൊടുക്കും. മനുഷ്യപുത്രന്‍ സ്വപിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്മാരോടൊത്തു
വരാനിരിക്കുന്നു. അപ്പോള്‍ അവിടുന്ന് ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു
പ്രതിഫലം നല്‍കും.’ .....................
മാര്‍ച്ചുമാസം കൊഴിഞ്ഞു വീഴുമ്പോള്‍
കോളെജുകളുടെ വൃക്ഷച്ചുവടുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്. ക്യാമ്പസ് എന്ന വസന്തത്തിന്‍റെ
ഇതളുകള്‍ ഉതിര്‍ന്നു വീഴുന്നു. പങ്കുവയ്ക്കപ്പെടാത്ത ഹൃദയരഹസ്യങ്ങളും, പറഞ്ഞു തീരാത്ത
മൗനനൊമ്പരങ്ങളും സ്വാതന്ത്ര്യവും സതീര്‍ത്ഥ്യര്‍ പ്രഖ്യാപിക്കുന്നത് ഒരിടത്തു മാത്രം
– ഓട്ടോഗ്രാഫുകളില്‍, ഒരു ചെറിയ പുസ്തകത്തില്‍ മാത്രം. വേര്‍പാടിന്‍റെ വേദനയും പ്രതീക്ഷയുടെ
പ്രഖ്യാപനങ്ങളും അതില്‍ കുറിച്ചിടുന്നു. പി.ജി. വിദ്യാര്‍ത്ഥി തന്‍റെ സഹപാഠിയുടെ ഡയറിയില്‍
ഇങ്ങനെ കോറിയിട്ടു. ‘ഇനി ജീവിതത്തിലേയ്ക്ക് ഇതാ, ഇത്രദൂരം മാത്രം!’
ക്രിസ്തുവിന്‍റെ
ഓട്ടോഗ്രാഫാണ് ഇന്നത്തെ സുവിശേഷഭാഗം (മത്തായി 16, 21-27). ഇനി തന്‍റെ മരണത്തിലേയ്ക്ക്
ഇതാ, ഇത്ര ദൂരം മാത്രം. എന്നാണ് അവിടുന്ന് കോറിയിട്ടത്. എന്നാല്‍, സ്വപ്നഭംഗം വന്നയാളും
ഹൃദയത്തിലൂടെ നാടു കടത്തപ്പെവനുമായ പത്രോസിന് ക്രിസ്തു കോറിയിട്ട ഓട്ടോഗ്രാഫ് സ്വീകാര്യമായില്ല.
അയാള്‍ എതിര്‍ത്തു. എതിര്‍പ്പിനോടുള്ള യേശുവിന്‍റെ പ്രതികരണത്തെക്കുറിച്ച് നമുക്കൊന്ന്
ചിന്തിക്കാം.
ജനതകള്‍ക്ക് വിമോചനത്തിന്‍റെ സദ്വാര്‍ത്ത കൊണ്ടുവരുന്ന സഹനദാസന്‍റെ
ദൗത്യമാണ് ഇന്നത്തെ സുവിശേഷത്തില്‍ കാണുന്നത്! എന്നാല്‍ ഈ ദൗത്യവും, അതിന്‍റെ വിജയത്തെയും
കണ്‍മുന്നില്‍ കാണാന്‍ പത്രോസിന് കഴിയായെ പോയി. ഒപ്പം, ആത്യന്തിക വിജയത്തിനു മുന്‍പുള്ള
അനിവാര്യമായ സഹനവും മരണവും അയാളെ ഭീതിപ്പെടുത്തി. മിശിഹായ്ക്കു മരണം സംഭവിക്കുമോ? ജീവിക്കുന്ന
ദൈവത്തിന്‍റെ പുത്രന്‍ മരിക്കുകയോ?? പത്രോസ് ഇടറുവാന്‍ തുടങ്ങി. അപ്പോള്‍ ‘നീ ഭാഗ്യവാന്‍,’
എന്നു വിളിച്ച നാവുകൊണ്ടു തന്നെ, ‘സാത്താനേ, മാറി നില്ക്കൂ! ’ എന്ന് ശാസിച്ച്, പത്രോസിനെ
ക്രിസ്തു ആട്ടിപ്പായിക്കുന്നു. ദൈവത്തിന്‍റെ പദ്ധതികള്‍ മനസ്സിലാക്കാത്തവന്‍ പ്രലോഭകനാണ്.
മരണം തന്നെയാണ് ഉയിര്‍പ്പ് എന്ന് തിരിച്ചറിയാത്തവന്‍ പ്രലോഭകനാണ്.
എന്താണ് ശിഷ്യത്വം,
എന്നു ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നു. ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍...’
അപ്പോള്‍, ഇത്രനാളും അവര്‍ അവിടുത്തെ അടുത്ത് അനുഗമിക്കുയായിരുന്നില്ലേ? ഇത്രനാളും അവര്‍
യേശുവിന്‍റെ കൂടെയുണ്ടായിരുന്നു. എന്നാല്‍, ഇനി അവിടുത്തെ ധ്യാനാത്മകമായി അനുഗമിക്കുകയാണു
വേണ്ടത്. ക്രിസ്തുശിഷ്യരായ നാം മനസ്സിലാക്കേണ്ടതാണ് സഹനദാസന്‍റെ ദൗത്യമല്ലാതെ മറ്റൊരു
ദൗത്യം മനുഷ്യപുത്രനില്ല, ക്രിസ്തുവിനില്ല. ‘പാര്‍ലിമെന്‍റെറി മോഹ’മാണ് ക്രിസ്ത്വാനുകരണമെന്ന്
ചിന്തിക്കുകയാണെങ്കില്‍ തെറ്റിപ്പോയി. മറ്റുള്ളവരെ രക്ഷിക്കുവാനുള്ള ഏകവവഴി അവരെ സ്നേഹിച്ചും,
അവര്‍ക്കുവേണ്ടി സഹിച്ചും ജീവന്‍ സമര്‍പ്പിക്കുകയാണ്. ‘സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന,
സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ...’ (യോഹ. 15, 13). അതില്‍ അസ്വാഭാവികതയൊന്നുമില്ല.
സ്നേഹമെന്ന യാഥാര്‍ത്ഥ്യത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് ത്യാഗസമര്‍പ്പണം. എവിടെ സ്നേഹമുണ്ടോ
അവിടെ ത്യാഗമുണ്ട്. വെറുക്കുമ്പോഴും, കല്ലെറിയുമ്പോഴും അവരെ സ്നേഹിക്കുവാനും ക്ഷമിക്കുവാനുമുള്ള
കരുത്തും മനോഭവവും ക്രൈസ്തവജീവിതത്തിന്‍റെ മുഖമുദ്രയും വെല്ലുവിളിയുമാണ്. സ്നേഹിച്ച്
കൊതിതീരും മുന്‍പേ മരിക്കാനാകുമെന്ന ത്യാഗസമര്‍പ്പണത്തിലാണ് നമുക്ക് ക്രിസ്തുവിനെ അനുഗമിക്കാനാകുന്നത്,
അനുഗമിക്കാനാകേണ്ടത്. സ്നേഹമെവിടെ വളരുന്നു... ഓര്‍ക്കു നീ മനുഷ്യാ..
കാണെക്കാണെ
എല്ലാം അലങ്കാരങ്ങളായിത്തീരുകയാണ്. ഒരു കഴുമരം പോലും. അതേ, കുരിശിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
പള്ളിക്കെന്തിനാണ് പൊന്‍കുരിശെന്ന് ചോദിക്കുന്നത് ആരാണ്. സുവിശേഷ മൂല്യങ്ങളില്‍ മൗലികമായി
വിശ്വസിക്കുന്നവരാണ്. വിപല്‍ജീവിതത്തിന്‍റെ ഫലശ്രുതിയാണ് കഴുമരമെന്ന് ഏറ്റവും ചെറിയ
ഓര്‍മ്മപോലും ഇല്ലാതെ നമ്മളിങ്ങനെ... മുന്നോട്ടു പോവുകയാണ്. തൂക്കു മരത്തിലേറ്റപ്പെട്ട
പോരാളികളെ കാട്ടാന്‍ ചെറിയ കുട്ടിയെയും കൊണ്ട് അച്ഛന്‍ പോയ സംഭവം, കസന്‍സ്സാക്കിസ് കോറിയിടുന്നുണ്ട്.
കഠിനവും മനംമറിക്കുന്നതുമായ കാഴ്ചയായിരുന്നു അത്. കാറ്റിലുലയുന്ന ജീര്‍ണ്ണിച്ചു തുടങ്ങിയ
ശവശരീരങ്ങള്‍. പേടിച്ച് പിന്നോട്ട് നീങ്ങിയ കുഞ്ഞിനെ അച്ഛന്‍ തടഞ്ഞു. എന്നിട്ട് പോരാളികളുടെ
മഞ്ഞുപോലെ തണുത്ത പാദങ്ങളില്‍ ചുംബിക്കാന്‍ മകനോട് ആവശ്യപ്പെട്ടു. ഭയത്തോടും വിറയലോടും
കൂടെ കുട്ടി അത് ചെയ്തു. എന്നാല്‍, ആ നിമിഷം അസാധാരണായ ചൈതന്യത്തിന്‍റെ നീരൊഴുക്ക് അവനുണ്ടായി.
അതവന്‍റെ മുഴുവന്‍ ജീവിതത്തെയും പ്രകാശിപ്പിച്ചു. അവന്‍റെ ചെറിയ പ്രാണനെ രാകിരാകി മൂര്‍പ്പിച്ചു
നിറുത്തുവാനും ആ അനുഭവം, ത്യാഗസമര്‍പ്പണത്തിന്‍റെ പ്രതിബംബങ്ങള്‍ എന്നും അവനെ സഹായിച്ചു.
ക്രിസ്തുവിന്‍റെ കുരിശിനെ ഓര്‍ത്തു നിങ്ങള്‍ ലജ്ജിക്കരുതെന്ന് പൗലോശ്ലീഹാ പറയുന്നുണ്ട്.
ഒറ്റനോട്ടത്തില്‍ ആരും ലജ്ജിക്കുന്നില്ല. ആഭരണത്തിലെ ലോക്കറ്റുപോലെ പരമാവധി അതിനെ മതിപ്പോടെ
കാട്ടിക്കൊടുക്കുന്നുമുണ്ട്. എത്ര മാത്രം കുരിശടയാളങ്ങളാണ് ഭൂമി നിറയെ. പള്ളിയുടെ മുഖപ്പിലും
മാറത്തെ തണുപ്പിലും ഒരു വളര്‍ത്തുപൂച്ചയെപ്പോലെ അത് മെരുങ്ങിക്കിടക്കുന്നു. കഴുമരമാണതെന്നു
പറയാന്‍ മാത്രമാണ് നമ്മള്‍ ലജ്ജിക്കുന്നത്. കുരിശുമരണം പേര്‍ഷ്യന്‍ രീതിയായിരുന്നു. കുറ്റവാളി
ഭൂമിയില്‍ കിടന്നു മരിച്ചാല്‍ അവന്‍റെ രക്തം ഭൂമിക്ക് ശാപമായി മാറുമെന്നുള്ള സങ്കല്പത്തില്‍നിന്നാണ്
അത് രൂപപ്പെട്ടത്. റോമാക്കാര്‍ ആ കുരിശേറ്റല്‍ കടമെടുക്കുകയായിരുന്നു. എന്നിട്ടും തങ്ങളുടെ
പൗരന്മാരെ ആകാശത്തിനും ഭൂമിക്കുമിടയില്‍ കഴുകന്മാര്‍ക്ക് എറിഞ്ഞുകൊടുക്കാന്‍ അവര്‍ താത്പര്യപ്പെട്ടില്ല.
അടിമകള്‍ക്കും അന്യദേശക്കാര്‍ക്കുംവേണ്ടി മാത്രമായി അതു മാറ്റിവച്ചു. കൊല്ലുന്നതില്‍പ്പോലും
വിവേചനം പുലര്‍ത്താന്‍ മാത്രം ആഭിജാത്യരായിരുന്നു റോമാക്കാര്‍ക്ക്.
ജീവിതത്തോട്
രണ്ടു വിധത്തിലുള്ള സമീപനമാകാമെന്ന ലളിതമായ പാഠമാണ് ക്രിസ്തു ഭൂമിയെ പഠിപ്പിക്കാന്‍ ശ്രമിച്ചത്.
ജൈവമനുഷ്യനായതുകൊണ്ട് ജന്മത്തെ ഗോതമ്പുമണിയെന്നാണ് അവിടുന്നു വിശേഷിപ്പിച്ചത്. അതിനു
മുമ്പില്‍ എപ്പോഴും രണ്ടു സാധ്യതകളുണ്ട്. ആദ്യത്തേത്, നമ്മുടെ നടപ്പുരീതിയാണ്. പത്തായത്തിലായിരിക്കുക.
തങ്ങളില്‍ ആരംഭിച്ച്, തങ്ങളില്‍ അഭിരമിച്ച്, തങ്ങളിലൊടുങ്ങുന്ന ജീവിതവൃത്തത്തോട് കുഴപ്പമൊന്നും
അനുഭവപ്പെടാത്തവര്‍! നല്ല മനുഷ്യരെന്നാണ് നമ്മള്‍ അവരെ വിളിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടാമത്തേത് ഒരുതരം പരാര്‍ത്ഥജീവിതമാണ്. പത്തായത്തിന് വിപരീതമായി വയലെന്ന ആഭിമുഖ്യത്തില്‍
ജീവിക്കുകയാണത്. ജീവിതത്തിന്‍റെ വെയിലും മഴയുംകൊണ്ട് മണ്ണില്‍ കാത്തുകിടക്കുക. നോക്കി
നില്‍ക്കെ ഗോതമ്പു മണിയുടെ പൊന്‍നിറം മറയുന്നു. പിന്നെ അതിന്‍റെ സത്ത് അഴിയുന്നു, അലിയുന്നു.
ഇനി ഒന്നുമില്ല. എന്നിട്ടും പിന്നീടെപ്പോഴോ ജീവന്‍റെ പച്ചനാമ്പ് ഭൂമിയുടെ പ്രസാദമാകുന്നു.
അപ്പോഴും പത്തായത്തിലെ ഗോതമ്പുമണി അങ്ങനെതന്നെ തുടരുകയാണ്.
ജീവിതത്തിലുടനീളം
ക്രിസ്തു വിപത്ക്കരമായി ജീവിച്ചു. ഇടുങ്ങിയ വഴിയിലൂടെ നടക്കണമെന്ന് അവിടുന്നു പഠിപ്പിച്ചു.
ക്രിസ്തു ഉപയോഗിച്ച ‘ഇടുങ്ങിയ വഴി’ എന്ന വാക്കിന് ‘ചവിട്ടാത്തവഴി’ എന്നുകൂടി അര്‍ത്ഥമുണ്ട്.
ആരും ചവിട്ടാത്ത വഴിയായതുകൊണ്ട് ഓരോ ചുവടും കല്ലിലും മുള്ളിലും ചവിട്ടി അഗ്നിക്കാവടിപോലെ
ആടിത്തീരേണ്ട യാത്രയായി മാറുന്നു നമ്മുടെ ജീവിതം, ക്രിസ്ത്വാനുകരണം. തന്‍റെ അനുഗമിക്കാന്‍
എല്ലാം പരിത്യജിക്കുക, കുരിശെടുക്കുക - എന്നു ക്രിസ്തു നിശ്ചയിച്ചതിന്‍റെ പിന്നില്‍ സ്നേഹമായിരുന്നു.
ആ സ്നേഹ വഴിയിലുടെ സഞ്ചരിക്കുമ്പോള്‍ പത്രോസ് അക്ഷരാത്ഥത്തില്‍ അവിടുത്തെ വഴി മുട്ടിക്കാന്‍
ശ്രമിക്കുകയായിരുന്നു. സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തിലാണ് പത്രോസ് ഇതിനു ധൈര്യപ്പെട്ടത്.
കഠിനമായിരുന്നില്ലേ, ക്രിസ്തുവിന്‍റെ പ്രതികരണം! ജീവിതത്തെ സുരക്ഷിതമാക്കാന്‍ പ്രേരിപ്പിക്കുന്ന,
യാത്രകളെ തടസ്സപ്പെടുത്തുന്ന എല്ലാവരിലും, എന്തിലും സ്നേഹത്തില്‍ പൊതിഞ്ഞ ‘സാത്താ’നുണ്ടെന്ന്
മനസ്സിലാക്കുവാന്‍ എപ്പോഴാണ് നമ്മുടെ കണ്ണുകള്‍ പ്രകാശിക്കുന്നത്.
ഈ ഗാനം ആലപിച്ചത്
മധുബാലകൃഷ്ണന്‍, ഗാനരചന ലിസ്സി സ്റ്റീഫന്‍, സംഗീതം സണ്ണി സ്റ്റീഫന്‍
നിങ്ങള്‍
ഇതുവരെ ശ്രവിച്ചത്, ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ചുള്ള
ആണ്ടുവട്ടം 22-ാം വാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകളാണ്.